പത്തനംതിട്ട: മാനസികാസ്വാസ്ഥ്യമുള്ള യുവാവിന്റെ മൃതദേഹം കാലും കൈയും കെട്ടിയ നിലയിൽ കിണറ്റിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് ആദ്യം കരുതിയ കേസിൽ പിന്നീട് വഴിത്തിരിവ്. യുവാവിന്റെ അമ്മാവനെയും മകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ആറന്മുള പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ കുഴിക്കാല സിഎംഎസ് സ്‌കൂളിന് സമീപം ചുട്ടുമണ്ണുമോടിയിൽ റെനിൽ ഡേവിഡ് (45) ആണ് മരിച്ചത്. അനിയന്റെ വീട്ടിലാണ് റെനിൽ താമസിച്ചിരുന്നത്. ഈ വീടിന്റെ മുറ്റത്തെ കിണറ്റിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടത്. മാനസികാസ്വാസ്ഥ്യമുള്ള ആളായതിനാൽആത്മഹത്യയാണെന്നാണ് ആദ്യം കരുതിയത്.

റെനിലിന്റെ മാതൃസഹോദരൻ മാത്യു തോമസ് (70), മകൻ റോബിൻ (37) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കിണറ്റിൽ മൃതദേഹം കിടക്കുന്നുവെന്ന വിവരത്തെ തുടർന്ന് ആറന്മുള പൊലീസ് സ്ഥലത്ത് വന്നു. പുറത്തെടുത്തപ്പോഴാണ് കൊലപാതകമാണെന്ന് സംശയം ഉയർന്നത്.

മറ്റു ജോലികൾക്കൊന്നും പോകാത്ത റെനിൽ ഇന്ന് രാവിലെ അമ്മാവന്റെ വീട്ടിലെത്തി അവിടെയുള്ള പഴയ ഒരു ഫ്രിഡ്ജ് എടുത്തു കൊണ്ടു പോകാൻ നോക്കി. മാത്യു തോമസ് ഇതു തടഞ്ഞപ്പോൾ റെനിൽ ആക്രമിക്കാനായി കത്തിയെടുത്തു. തുടർന്ന് മാത്യുവും മകൻ റോബിനും ചേർന്ന് റെനിലിന്റെ കൈകാലുകൾ ബന്ധിച്ച് കിണറ്റിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം.

കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. തലയ്ക്ക് പിന്നിലേറ്റ മുറിവാണ് മരണ
കാരണമെന്നാണ് പ്രാഥമിക നിഗമനം. റെനിലിനെ കിണറ്റിൽ തള്ളിയപ്പോൾ തല ഇടിച്ചാകും മുറിവുണ്ടായതെന്ന് കരുതുന്നു.