- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലമുറ മാറ്റം വേണമെന്ന് ആവർത്തിച്ചു യുവ നേതാക്കൾ; വി ഡി സതീശനെ പിന്തുണയ്ക്കുന്നവർ രാഹുൽ ഗാന്ധിയുമായി സംസാരിച്ചു; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കൈകോർത്തു കടുംപിടുത്തം തുടരുന്നതോടെ എന്തു ചെയ്യണം എന്നറിയാതെ സമ്മർദ്ദത്തിൽ ഹൈക്കമാൻഡ്; ഗ്രൂപ്പു സമവാക്യങ്ങളും മാറുന്നു
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാനുള്ള ചർച്ചകൾ പുരോഗമിക്കവേ കോൺഗ്രസ് ദേശീയ നേതൃത്വം കടുത്ത സമ്മർദ്ദത്തിൽ. ഹൈക്കമാൻഡ് ഡൽഹിയിൽ ചർച്ച തുടരവേ അത് തലമുറകൾ തമ്മിലുള്ള തർക്കമായും മാറുകയാണ്. വി ഡി സതീശനായി കോൺഗ്രസിലെ യുവനിരയും മറവുശത്ത് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒരുമിച്ചാണ് കൈകോർത്ത് പോകുന്നത്. ഇതാണ് ഹൈക്കമാൻഡിനെ ധർമ്മ സങ്കടത്തിൽ ആക്കുന്നത്.
തലമുറ മാറ്റം വേണമെന്ന് ആവർത്തിച്ചു യുവ നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. വി ഡി സതീശനെ പിന്തുണയ്ക്കുന്നവർ രാഹുൽ ഗാന്ധിയുമായി സംസാരിച്ചു. അതേസമയം നിരീക്ഷക സമിതി സമർപ്പിച്ച റിപ്പോർട്ടിൽ സോണിയ ഗാന്ധിയും, രാഹുൽ ഗാന്ധിയും ചർച്ച നടത്തും. എ കെ ആന്റണി, കെ സി വേണുഗോപാൽ എന്നിവരും ചർച്ചയുടെ ഭാഗമായേക്കും. സമവായമായാൽ ഉച്ചയ്ക്ക് മുൻപ് പ്രഖ്യാപനം ഉണ്ടായേക്കും. യുവ എംഎൽഎ മാരുടേതടക്കം ഭൂരിപക്ഷ പിന്തുണ വി ഡി സതീശനെന്ന സൂചനകൾക്കിടെ പിന്തുണ കൂടുതൽ തനിക്കാണെന്ന അവകാശവാദം രമേശ് ചെന്നിത്തല ഉന്നയിക്കുന്നുണ്ട്. ചെന്നിത്തലയ്ക്കായി ഉമ്മൻ ചാണ്ടിയും ചില ദേശീയ നേതാക്കളും സമ്മർദ്ദവുമായി രംഗത്തുണ്ട്.
ചെന്നിത്തല സംസ്ഥാന നേതൃനിരയിൽ തന്നെ വേണമെന്നും, ആദർശവും ആവേശവും കൊണ്ടുമാത്രം പാർട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുമാണ് ഉമ്മൻ ചാണ്ടി വാദിക്കുന്നത്. ഘടകക്ഷികളുടെ പിന്തുണയും ചെന്നിത്തലയ്ക്കാണെന്ന് ഉമ്മൻ ചാണ്ടി അവകാശപ്പെടുന്നു. പാർട്ടി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് , ആഭ്യന്തരമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച ചെന്നിത്തലക്ക് വീണ്ടും അവസരം നൽകണമെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ചില ദേശീയ നേതാക്കൾ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതായാണ് വിവരം. ഉമ്മൻ ചാണ്ടിയുടേതടക്കം സമ്മർദ്ദമുള്ളപ്പോൾ ഭൂരിപക്ഷ പിന്തുണ മാത്രം പരിഗണിച്ച് പ്രഖ്യാപനം നടത്തുന്നതിലാണ് ഹൈക്കമാൻഡിന് ആശയക്കുഴപ്പം.
അതേസമയം കോൺഗ്രസിലെ ഗ്രൂപ്പു രാഷ്ട്രീയവും ഈ വിവാദത്തോടെ വഴിത്തിരിവിലാണ്. ഐ ഗ്രൂപ്പിനകത്ത് തന്നെ പല തട്ടുകൾ ഇപ്പോൾ രൂപം കൊണ്ടു കഴിഞ്ഞു. പൊട്ടിത്തെറിയുണ്ടായില്ലെങ്കിലും നേതാക്കൾ തമ്മിലുള്ള മാനസികമായ അകൽച്ചയ്ക്കും പിരിമുറുക്കത്തിനും ഇത് വഴിവെച്ചിരിക്കുകയാണ്. അതേസമയം ചെറുപ്പക്കാർ ഗ്രൂപ്പിനതീതമായി മാറ്റത്തിനുവേണ്ടി ചിന്തിക്കുന്നതിനുള്ള രാഷ്ട്രീയ സാഹചര്യവും രൂപപ്പെട്ടു.
വി.ഡി. സതീശനെ പ്രതീപക്ഷനേതാവാക്കണമെന്ന യുവ എംഎൽഎ.മാരുടെ ആവശ്യത്തിന് പാർലമെന്ററി പാർട്ടിക്ക് അപ്പുറം പാർട്ടിയിലും സ്വീകാര്യത ലഭിച്ചിട്ടുണ്ട്. കെ. മുരളീധരൻ അടക്കമുള്ളവർ പുതിയവർ വരട്ടെ എന്ന സന്ദേശം നൽകിയതും പാർട്ടിയിൽ അനക്കമുണ്ടാക്കിയിട്ടുണ്ട്. കെ. സുധാകരന്റെ പിന്തുണയും സതീശനെ പിന്തുണയ്ക്കുന്നവർ ഉറപ്പാക്കി.
രമേശ് ചെന്നിത്തലയ്ക്കുവേണ്ടി ഉമ്മൻ ചാണ്ടി രംഗത്തുവന്നത് എ ഗ്രൂപ്പിലും അസ്വസ്ഥതകൾ സൃഷ്ടിച്ചിട്ടുണ്ട്. തിരുവഞ്ചൂർ അടക്കമുള്ളവരെ പരിഗണിക്കാതെയാണ് ഉമ്മൻ ചാണ്ടി ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്നത്. ഇതാണ് അസ്വസ്ഥതകൾക്ക് കാരണം. അതേസമയം ഗ്രൂപ്പിലെ ചെറുപ്പക്കാർക്ക് നേതൃമാറ്റചിന്ത ഉണ്ട്. എന്നാൽ നേതൃത്വം ചെന്നിത്തലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതികരിക്കാനാവാത്ത അവസ്ഥയിലാണ് അവർ. ചെന്നിത്തലയെ പിന്തുണയ്ക്കുന്നതിൽ എ ഗ്രൂപ്പിലെ മുതിർന്ന ചില നേതാക്കൾക്കുമുണ്ട് അതൃപ്തി. ഗ്രൂപ്പിലെ ചെറുപ്പക്കാരായ മൂന്ന് എംഎൽഎ.മാർ വി.ഡി. സതീശനെ പിന്തുണച്ചതായുള്ള പ്രചാരണങ്ങളെ ഗ്രൂപ്പ് നേതൃത്വം തള്ളുന്നുണ്ട്. രണ്ട് മുതിർന്ന എംഎൽഎമാർ സ്വന്തംനിലയിൽ തീരുമാനങ്ങളെടുത്തുവെന്നാണ് മറ്റൊരു ആരോപണം.
നേതൃസ്ഥാനത്തിനായി അവകാശതർക്കം വന്നത് ഐ ഗ്രൂപ്പിൽ പുതിയ സമവാക്യം രൂപപ്പെടുന്നതിന് സാഹചര്യമൊരുക്കിയേക്കാം. വി.ഡി. സതീശനെ അനുകൂലിക്കുന്നവർക്കൊപ്പം, ഐ ഗ്രൂപ്പിലെ കെ.സി. വേണുഗോപാൽ വിഭാഗവും യോജിക്കാനുള്ള സാധ്യതകളാണ് ചിലർ കാണുന്നത്. പാർട്ടിയിൽ നേതൃമാറ്റത്തിനായി നിലകൊള്ളുന്ന കെ. സുധാകരനെ അനുകൂലിക്കുന്നവർ, പാർലമെന്ററി പാർട്ടിയിലടക്കം സമൂലമാറ്റം എന്ന ആശയം മുന്നോട്ടുവെക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ