കൊച്ചി: നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് ലീഗ്. ഭരണകൂടത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഫിറോസിന്റെ പ്രതികരണം.

'ദേശീയ പാതയിലും സംസ്ഥാന പാതയിലും കുഴികൾ നിറഞ്ഞിരിക്കുകയാണ്. കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. മറ്റൊരിടത്ത് കുഴിയിൽ വീണ് സ്‌കൂട്ടർ രണ്ടായി പിളർന്നു. നടപടി എടുക്കേണ്ട അധികാരികൾ നിഷ്‌ക്രിയരായി നിൽക്കുകയാണ്. ഭരണകൂടത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിക്കുകയാണ്. പഞ്ചായത്ത് തലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്. വാഴ കൊണ്ട് ഉദ്ദേശിച്ചത് അഭ്യന്തര വകുപ്പിനെയല്ല. ഇതിന്റെ പേരിൽ സൈബർ സഖാക്കൾ തെറി പറയരുത്,' പി.കെ. ഫിറോസ് പറഞ്ഞു.

അതേസമയം, കാലാവസ്ഥയുടെ പേരിൽ റോഡ് കേടാകുന്നത് കണ്ടുനിൽക്കില്ലെന്നായിരുന്നു വിഷയത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രതികരണം. റോഡിന്റെ ഗുണനിലവാരം പി.ഡബ്ല്യു.ഡി ഉറപ്പുവരുത്തുന്നുണ്ടെന്നും നിയമസഭാ മണ്ഡലം തിരിച്ച് റോഡ് നിർമ്മാണത്തിന് സൂപ്പർവൈസറി ടീം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.