പത്തനംതിട്ട: കുടുംബാംഗങ്ങൾ തമ്മിലുള്ള വാക്കു തർക്കത്തിന്റെ പേരിൽ യുവാവ് തീയിട്ടു നശിപ്പിച്ചത് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഗ്രോസർവീസ് സെന്റർ. വള്ളിക്കോട് പഞ്ചായത്തിൽ വാഴമുട്ടം ഈസ്റ്റ് നാഷണൽ യുപി സ്്കൂളിന് സമീപമുള്ള കെട്ടിടത്തിനാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ യുവാവ് തീയിട്ടത്.

ഏറെ നാളായി സെന്റർ പ്രവർത്തന രഹിതമാണ്. വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ ആറാം വാർഡ് വാഴമുട്ടം ഈസ്റ്റിൽ പ്രവർത്തിച്ചിരുന്ന മൂന്നു മുറികളുള്ള കെട്ടിടമാണ് കുടുംബവഴക്കിനെ തുടർന്ന് യുവാവ് കത്തിച്ചത്. കെട്ടിടത്തിനു സമീപമുള്ള കളരിക്കൽ വീട്ടിൽ ഭാർഗവിയമ്മ കൃഷി വകുപ്പിന് അഗ്രോ സെന്റർ നിർമ്മിക്കാനായി വസ്തു ദാനം ചെയ്തിരുന്നു. ഈ വസ്തുവിൽ 1995-2000 വർഷത്തിൽ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്ത് കെട്ടിടം നിർമ്മിക്കുകയും കൃഷി വകുപ്പിന് കൈമാറുകയും ചെയ്തിരുന്നു.

സെന്ററിന്റെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് ഉപയോഗമില്ലാതെ കിടക്കുകയായിരുന്നു. ഇതിനു പുറക് വശം ഷെഡിൽ കഴിഞ്ഞിരുന്ന ഭാർഗവിയമ്മയുടെ മകൻ വാസുദേവൻ, ഭാര്യ സരസയും മൂന്ന് മക്കളും ഇവിടം കൈയേറി വർഷങ്ങളായി താമസിച്ചു വരികയായിരുന്നു. ഭാർഗവി മക്കൾക്ക് സ്വത്ത് ഭാഗം ചെയ്തു നൽകാത്തതിനെ തുടർന്ന് കോടതിയിൽ കേസു നടന്നു വരികയാണ്.

ഉച്ചയ്ക്ക് 12 മണിയോടെ ചെറുമകനാണ് ഇവിടെയെത്തി വാസുദേവന്റെ വീട്ടു ഉപകരണങ്ങളടക്കം തീയിട്ടു നശിപ്പിച്ചത്. നാട്ടുകാർ ശ്രമിച്ചിട്ടും തീ അണയ്ക്കാൻ കഴിഞ്ഞില്ല. പത്തനംതിട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് അണച്ചത്. പട്ടികജാതി കുടുംബമാണിത്. വസ്തുഭാഗം ചെയ്തു നൽകാത്തതിനാൽ മക്കൾക്കും ചെറുമക്കൾക്കും സർക്കാരിൽ നിന്നും ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയായിരുന്നത്രെ. ഇതാണ് തീ കത്തിക്കലിൽ കലാശിക്കാൻ കാരണമായി പറയപ്പെടുന്നത്. ഗ്രാമപഞ്ചായത്ത് അധികൃതരുടെ മൊഴിയിൽ പത്തനംതിട്ട പൊലീസ് കേസെടുത്തിട്ടുണ്ട്.