തിരുവനന്തപുരം: മേയാൻ വിടുന്ന വളർത്തുമൃഗങ്ങളെ തുടർച്ചയായി കാണാതാവുന്ന പരാതിയിലെ അന്വേഷണം ചെന്നുനിന്നത് യുട്യൂബറിലും സംഘത്തിലും. വർത്തുമൃഗങ്ങളെ കൊന്ന് ഇറച്ചി കടത്തുന്നതാണ് സംഘത്തിന്റെ രീതി. യൂട്യൂബിലൂടെ പാചക രീതികൾ ഉൾപ്പെടെ പങ്കുവയ്ക്കുന്ന യൂട്ഊബർ ഉൾപ്പെടെയാണ് പിടിയിലായത്. കൊല്ലം ചിതറ ഐരക്കുഴി സ്വദേശി റജീഫ്, റജീഫിന്റെ പിതാവ് കമറുദ്ദീൻ, കൊച്ചാലുംമൂട് സ്വദേശി ഹിലാരി എന്നിവരാണ് അറസ്റ്റിലായത്. ഏരൂർ പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.

11ാം മൈൽ കമ്പംകോട് സ്വദേശി സജിയുടെ ഗർഭിണിയായ പശുവിനെ കൊന്ന് ഇറച്ചിയാക്കിയ സംഭവത്തിലാണ് പ്രതികൾ പിടിയിലായത്. ഈ പ്രദേശത്ത് നിന്നും അടുത്തിടെ മേയാൻ വിട്ടിരുന്ന അഞ്ച് പശുക്കളെ കാണാതായെന്ന് ക്ഷീര കർഷകർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 'ഹംഗ്റി ക്യാപ്റ്റൻ' എന്ന യുട്യൂബ് ചാനലിലൂടെ ബീഫ്, മട്ടൻ വിഭവങ്ങളുടെ പാചക രീതി ഉൾപ്പെടെ പരിചയപ്പെടുത്തിയിരുന്ന വ്യക്തി ഉൾപ്പെടെയാണ് പിടിയിലായത്.

സംഘം മൃഗങ്ങളെ കൊല്ലാൻ ഉപയോഗിച്ച തോക്ക്, വെടിമരുന്ന്, ഈയം, ബാറ്ററി എന്നിവയും കണ്ടെടുത്തു. പല കക്ഷണങ്ങളാക്കിയ നിലയിലായിരുന്നു തോക്ക്. ഇവരുടെ വിഡിയോ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.