- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗം റിപ്പോർട്ട് ചെയ്തത് പാറശാല സ്വദേശി 24 കാരിയായ ഗർഭിണിക്ക്; സംസ്ഥാനത്ത് വൈറസ് ബാധ കണ്ടെത്തുന്നത് ആദ്യമായി; തിരുവനന്തപുരം ജില്ലയിൽ പതിമൂന്ന് പേർക്ക് രോഗബാധയെന്ന് സംശയം; എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഒരാൾക്ക് സിക്ക വൈറസ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 കാരിയായ ഗർഭിണിയിലാണ് രോഗം റിപ്പോർട്ട് ചെയ്തത്. ജൂൺ 28നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകൾ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിൽ നടത്തിയ ആദ്യ പരിശോധനയിൽ ചെറിയ തോതിലുള്ള പോസിറ്റീവ് കാണിച്ചു. തുടർന്ന് സിക്ക വൈറസ് ആണോയെന്നറിയാൻ എൻ.ഐ.വി. പൂനയിലേക്ക് സാമ്പിളുകൾ അയച്ചിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളിൽ നിന്നുമയച്ച 19 സാമ്പിളുകളിൽ 13 പേർക്ക് സിക്ക പോസിറ്റീവാണെന്ന് സംശയമുണ്ട്. എന്നാൽ എൻ.ഐ.വി. പൂനയിൽ നിന്നും ഇതിന് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജൂലൈ 7ന് യുവതിയുടെ പ്രസവം സാധാരണ നിലയിൽ നടന്നു. കേരളത്തിന് പുറത്തുള്ള യാത്രാ ചരിത്രമൊന്നുമില്ല. പക്ഷെ അവരുടെ വീട് തമിഴ്നാട് അതിർത്തിയിലാണ്. ഒരാഴ്ച മുമ്പ് അവരുടെ അമ്മയ്ക്കും സമാനമായ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.
പ്രാഥമികമായി സിക്ക വൈറസാണെന്ന് കണ്ടപ്പോൾ തന്നെ ആരോഗ്യ വകുപ്പ് കൃത്യമായ നടപടികൾ സ്വീകരിച്ചു. ജില്ലാ സർവൈലൻസ് ടീം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ്, സംസ്ഥാന എന്റമോളജി ടീം എന്നിവർ പാറശാലയിലെ രോഗബാധിത പ്രദേശം സന്ദർശിക്കുകയും നിയന്ത്രണ നടപടികൾ ആരംഭിക്കുകയും ചെയ്തു. ദുരിതബാധിത പ്രദേശത്തു നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച ഈഡിസ് കൊതുകിന്റെ സാമ്പിളുകൾ പിസിആർ പരിശോധനയ്ക്കായി അയയ്ക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. എല്ലാ ജില്ലകൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രധാനമായും ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകൾ സാധാരണ പകൽ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകൾ, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സാധാരണയായി 2 മുതൽ 7 ദിവസം വരെ രോഗലക്ഷണങ്ങൾ നീണ്ടുനിൽക്കും. 3 മുതൽ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകൾക്കും രോഗലക്ഷണങ്ങൾ കാണാറില്ല. മരണങ്ങൾ അപൂർവമാണ്.
ഗർഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗർഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗർഭകാലത്തുള്ള സങ്കീർണതയ്ക്കും ഗർഭഛിത്രത്തിനും കാരണമായേക്കാം. കുട്ടികളിലും മുതിർന്നവരിലും സിക്ക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും.
എൻ.സി.ഡി.സി. ഡൽഹി, എൻ.ഐ.വി. പൂന എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആർടിപിസിആർ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.
നിലവിൽ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവർ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങൾ കൂടുന്നെങ്കിൽ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗർഭിണികൾ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.
കൊതുകു കടിയിൽ നിന്നും രക്ഷനേടുകയാണ് സിക്കയെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. പകൽ സമയത്തും വൈകുന്നേരവും കൊതുക് കടിയിൽ നിന്ന് സംരക്ഷണം നേടുക എന്നത് വളരെ പ്രധാനമാണ്. ഗർഭിണികൾ, ഗർഭത്തിനായി തയ്യാറെടുക്കുന്ന സ്ത്രീകൾ, കൊച്ചുകുട്ടികൾ എന്നിവർ കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കണം. കൊതുകു കടിയിൽ നിന്നും വ്യക്തിഗത സംരക്ഷണം നേടണം. ജനാലകളും വാതിലുകളും കൊതുക് കടക്കാതെ സംരക്ഷിക്കണം. കൊച്ചുകുട്ടികളും ഗർഭിണികളും പകൽ സമയത്തോ വൈകുന്നേരമോ ഉറങ്ങുകയാണെങ്കിൽ കൊതുക് വലയ്ക്ക് കീഴിൽ ഉറങ്ങണം. കൊതുകിന്റെ ഉറവിട നശീകരണം പ്രധാനമാണ്. വെള്ളം കെട്ടിനിൽക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കേണ്ടതാണ്. ഇൻഡോർ പ്ലാന്റുകൾ, ഫ്രിഡ്ജിന്റെ ഡ്രേ എന്നിവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കാണം.
രോഗം സ്ഥിരീകരിച്ചവരുടെ യാത്രാ-സമ്പർക്ക വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപ്പിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
2016ലെ റിയോ ഒളിമ്പിക്സിന്റെ കാലത്താണ് ബ്രസീലിൽനിന്ന് സിക്ക വൈറസ് ബാധ ലോകമെമ്പാടും ഭീതിപരത്തിക്കൊണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കായികതാരങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാമെന്നും വിവിധ രാജ്യങ്ങളിൽനിന്നെത്തുന്ന കായികതാരങ്ങളിലൂടെ രോഗം ലോകംമുഴുവൻ പരന്നേക്കാമെന്നും ഭയന്ന് ഒളിമ്പിക്സ് ബ്രസീലിൽനിന്ന് മാറ്റുന്ന കാര്യവും ചർച്ചചെയ്യപ്പെട്ടിരുന്നു. പിന്നീട് ഏറെ കർശനമായ പ്രതിരോധ നടപടികൾ സ്വീകരിച്ചാണ് ഒളിമ്പിക്സ് നടത്തിയത്. തുടർന്ന് ചില ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗം പടർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക്ക വൈറസ് രോഗം ഇന്ത്യയിൽ ആദ്യമായി 2016 ൽ അഹമ്മദാബാദിൽ സ്ഥിരീകരിച്ചിരുന്നു. മൂന്ന് പേർക്കാണ് ഇന്ത്യയിൽനിന്ന് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധ സംശയിച്ചതിനെത്തുടർന്ന് രോഗവിവരങ്ങൾ ഇന്ത്യ ലോകാരോഗ്യസംഘടനയെ അറിയിച്ചിരുന്നു.
ലോകാരോഗ്യസംഘടന നൽകിയ മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ബി ജെ മെഡിക്കൽ കോളേജിലും പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും നടത്തിയ രക്തപരിശോധനയെയും നിരീക്ഷണങ്ങളെയും തുടർന്നാണ് മൂന്നുപേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതരെല്ലാം ഗുജറാത്തിലെ അഹമ്മദാബാദിലെ ബാപുനഗർ മേഖലയിൽനിന്നുള്ളവരായിരുന്നു.
ഫ്ളാവി വിറിഡേ (Flaviviridae) എന്ന വൈറസ് കുടുംബത്തിലെ ഒരംഗമാണ് സിക്ക വൈറസ്. ഈഡിസ് വിഭാഗത്തിൽ പെട്ട ഈഡിസ് ഈജിപ്തൈ, ഈഡിസ് ആൽ ബോപിക്റ്റസ് എന്നീ കൊതുകുകളാണ് സിക്ക വൈറസ് വാഹകർ. 1947ൽ ഉഗാണ്ടയിൽ സിക്കകാടുകളിൽനിന്നാണ് സിക്ക വൈറസ് ആദ്യമായി കണ്ടെത്തിയത്. വൈറസിന് സിക്ക എന്ന പേര് ലഭിച്ചത് അതുകൊണ്ടാണ്.
കുരങ്ങന്മാരിൽ കൊതുക് പരത്തുന്ന ഒന്നായിരുന്നു ആദ്യകാലത്ത് സിക്ക രോഗം. പിന്നീടാണ് മനുഷ്യരിലേക്കും രോഗം വ്യാപിച്ചത്. 1950കൾവരെ ചില ആഫ്രിക്കൻ- ഏഷ്യൻ രാജ്യങ്ങളിൽ അപൂർവമായി സിക്ക രോഗബാധ കണ്ടിരുന്നു. 2007-16 കാലത്താണ് ബ്രസീൽ അടക്കമുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്ക് രോഗം വലിയതോതിൽ വ്യാപിച്ചത്.
ഡെങ്കിപ്പനി, ജാപ്പനീസ് മസ്തിഷ്കജ്വരം, മഞ്ഞപ്പനി, വെസ്റ്റ് നൈൽ രോഗം തുടങ്ങിയ വൈറസ് രോഗങ്ങളോട് രോഗലക്ഷണങ്ങളിലും മറ്റും സിക്ക വൈറസ് രോഗത്തിനു സാമ്യമുണ്ട്. തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, തൊലിയിൽ ചുവന്ന പാടുകൾ, ചെങ്കണ്ണ് തുടങ്ങിയ ലക്ഷണങ്ങളാണ് സിക്ക വൈറസ് ബാധയിലും പ്രത്യക്ഷപ്പെടാറുള്ളത്.
കൊതുകുകടിക്കു പുറമെ രക്തദാനത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയും രോഗം പകരാൻ സാധ്യതയുണ്ട്. അർജന്റീന, ചിലി, ഫ്രാൻസ്, ഇറ്റലി, ന്യൂസിലൻഡ്, അമേരിക്ക എന്നീ ആറുരാജ്യങ്ങളിൽനിന്ന് ലൈംഗികബന്ധത്തിലൂടെ രോഗം പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2015ൽ ബ്രസീലിൽ രക്തദാനത്തിലൂടെ രണ്ടുപേരിലേക്ക് രോഗം പകർന്നതായി കണ്ടെത്തി.
സിക്ക സ്വയംനിയന്ത്രിതമായ വൈറസ് രോഗമാണ് എങ്കിലും ഗുരുതരമായ പല പ്രത്യാഘാതങ്ങളും അതുകൊണ്ടുണ്ടാകാം. ഗർഭിണികളെ രോഗം ബാധിച്ചാൽ ഗർഭസ്ഥശിശുക്കളിൽ ഗുരുതരമായ ജന്മവൈകല്യം ഉണ്ടാക്കാനിടയുണ്ട് എന്നതാണ് സിക്ക രോഗത്തെ ഭീതിജനിപ്പിക്കുന്ന ഒന്നായി മാറ്റുന്നത്. ഗർഭസ്ഥശിശുവിന്റെ തല അസാമാന്യമായ രീതിയിൽ ചുരുങ്ങുകയും (Microcephaly) നാഡീവ്യൂഹത്തിന് തകരാർ സംഭവിക്കുകയും ചെയ്യുന്നതിനും പുറമെ മറ്റ് ജനിതകവൈകല്യങ്ങൾക്കും കാരണമാകും.
കൈകാലുകൾ തളർന്ന് പോകുന്ന സുഷുമ്നാനാഡിയെ ബാധിക്കുന്ന ഗില്ലൻ ബാരി സിൻഡ്രോം (Guillain–Barré Syndrome) സിക്ക വൈറസ് ബാധയുടെ പ്രത്യാഘാതമായി അപൂർവമായി കണ്ടുവരുന്നുണ്ട്. സിക്കരോഗത്തിന് പ്രത്യേകിച്ച് ചികിത്സയൊന്നും നിർദ്ദേശിക്കേണ്ടതായിട്ടില്ല. ഗുരുതരാവസ്ഥ ഉണ്ടാകാതിരിക്കാൻ പനി കുറയ്ക്കുന്നതിനുള്ള മരുന്നും ആവശ്യാനുസരണം ലായനികളും വിശ്രമവുമാണ് രോഗികൾ സ്വീകരിക്കേണ്ട കരുതൽ നടപടികൾ.
മറുനാടന് മലയാളി ബ്യൂറോ