തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധയ്ക്ക് പിന്നാലെ ഡെങ്കിപ്പനി വ്യാപനത്തിനും സാധ്യത. സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ തീരുമാനമായി.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സിക്ക വൈറസ് പ്രതിരോധത്തിന് തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രിമാർ നിർദ്ദേശം നൽകി.കൊതുക് നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചതായി മന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനി കേസുകൾ കുറവാണ്. എന്നാൽ വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊതുക് നിർമ്മാർജ്ജന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സിക വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ഒന്നടങ്കം ഫോഗിങ് നടത്തുമെന്നും സിക വൈറസ് അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിലവിൽ സിക്ക വൈറസ് ബാധയ്ക്ക് നിയന്ത്രണവിധേയമാണ്. എട്ടു പേർ മാത്രമാണ് ചികിത്സയിലുള്ളത്. ഇതിൽ മൂന്ന് പേർ ഗർഭിണികളാണ്. സിക വൈറസിനെ നേരിടാൻ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതുവരെ 28 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണ്. സിക്ക വൈറസ് പരിശോധനകൾ വർധിപ്പിക്കുന്നതാണ്. മൈക്രോ പ്ലാൻ തയ്യാറാക്കിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്. തിരുവനന്തപുരം ഒഴികെയുള്ള മറ്റു ജില്ലകളിൽ സിക കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമാണെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഹോം ക്ലസ്റ്റുകൾ വർധിക്കുന്നതായി മന്ത്രി ആശങ്ക രേഖപ്പെടുത്തി. വീടുകളിൽ കോവിഡ് വ്യാപനം വർധിക്കുന്നുണ്ട്. കോവിഡ് ബാധിച്ചവർ വീടുകളിൽ ക്വാറന്റൈൻ കൃത്യമായി പാലിക്കണം. ശുചിമുറിയുള്ള മുറി ഉണ്ടെങ്കിൽ മാത്രമേ വീടുകളിൽ ക്വാറന്റൈനിൽ ഇരിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈൻ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇരു വകുപ്പുകളുടേയും യോഗം വിളിച്ചതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരത്താണ് രോഗം റിപ്പോർട്ട് ചെയ്തതെങ്കിലും എല്ലാ ജില്ലകളും ജാഗ്രത പാലിക്കേണ്ടതാണ്. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ, ഫോഗിങ് എന്നിവയ്ക്ക് പ്രാധാന്യം നൽകണം. ഇതിനുള്ള മരുന്നുകൾ ആശുപത്രികൾ വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നതാണ്.

സിക്ക വൈറസും ഡെങ്കിപ്പനിയും ഈഡിസ് കൊതുകുകളാണ് പരത്തുന്നതിനാൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയുടെ ഭീഷണിയും നിലനിൽക്കുന്നു. അതിനാൽ ഇപ്പോഴേ ഫലപ്രദമായി പ്രതിരോധിക്കേണ്ടതാണ്. രോഗവ്യാപന സാധ്യതയുള്ള ഹോട്ട് സ്‌പോട്ടുകളുടെ വിവരം ഡിഎംഒമാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്നതാണ്. അതനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ ഊർജിതമാക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് എല്ലാ പിന്തുണയും ആരോഗ്യ വകുപ്പ് നൽകുന്നതാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പ് നേരത്തെ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി വരികയാണെന്ന് മന്ത്രി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പുതിയ സാഹചര്യം നേരിടാൻ തദ്ദേശ സ്ഥാനങ്ങളെ സജ്ജമാക്കുന്നതാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ഇതുസംബന്ധിച്ച് നിർദ്ദേശം നൽകുന്നതാണ്. സിക്ക വൈറസ് ബാധിത പ്രദേശങ്ങളിൽ കൊതുക് നശീകരണത്തിനും ഫോഗിംഗിനും പ്രാധാന്യം നൽകി വരുന്നു. ഇതോടൊപ്പം ഓരോ വീട്ടിലും ബോധവത്ക്കരണം നടത്തി വരുന്നു. വാർഡ് തലം മുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തും. രണ്ട് വകുപ്പുകളും ചേർന്ന് യോജിച്ച് പ്രവർത്തിച്ചാൽ മാത്രമേ സിക്ക വൈറസിനെ നേരിടാൻ സാധിക്കൂ. ആരോഗ്യ വകുപ്പിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എല്ലാ പിന്തുണയും നൽകുന്നതായും മന്ത്രി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് വിദ്യാർത്ഥികളിലൂടെയും അവബോധം ശക്തമാക്കാനും യോഗം നിർദ്ദേശിച്ചു. ഓൺലൈൻ പഠത്തിന്റെ ഭാഗമായി തന്നെ ബോധവത്ക്കരണം വീടുകളിലെത്തിച്ചാൽ വലിയ ഗുണം ലഭിക്കും. കുടുംബശ്രീ വഴിയും ബോധവത്ക്കരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ. രാജു, ഡി.എം.ഒ.മാർ, ഇരു വകുപ്പിലേയും ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.