- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് സിക്ക വൈറസ് രോഗം നിയന്ത്രണ വിധേയം; 9,18,753 പേരെ സ്ക്രീൻ ചെയ്തതിൽ ആകെ 66 പോസിറ്റീവ് മാത്രം; 4252 ഗർഭിണികളെ സ്ക്രീൻ ചെയ്തതിൽ 6 പോസിറ്റീവ് മാത്രം; പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്തവര അഭിനന്ദിച്ചു ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഒരാഴ്ചയിലേറെയായി കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളിൽ ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്. ഇവരാരും തന്നെ ചികിത്സയിലില്ല. ഒരാൾക്ക് പോലും ഗുരുതരമായി സിക്ക വൈറസ് ബാധിച്ചില്ല. ഇവരെല്ലാം തന്നെ തിരുവനന്തപുരവുമായി ബന്ധമുള്ളവരായിരുന്നു.
മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാതെ സിക്കയെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത് വലിയ നേട്ടമാണ്. ഇതോടൊപ്പം ഊർജിത കൊതുകുനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും കുറയ്ക്കാനും സാധിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ ഇടപെടലുകളാണ് സിക്കയെ ഇത്രവേഗം പ്രതിരോധിക്കാനായത്. തദ്ദേശ സ്വയംഭരണ വകുപ്പും റവന്യൂ വകുപ്പും വലിയ പ്രവർത്തനങ്ങളാണ് നടത്തിയത്. സിക്ക പ്രതിരോധത്തിന് പ്രയത്നിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.
ആരോഗ്യ വകുപ്പ് കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചത്. സിക്ക വൈറസ് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ സർവയലൻസിന്റെ ഭാഗമായി 9,18,753 പേരെയാണ് സ്ക്രീൻ ചെയ്തത്. പനി, ചുവന്ന പാടുകൾ, ശരീര വേദന തുടങ്ങിയ രോഗലക്ഷണമുള്ള 1569 പേരെ ഭവനസന്ദർശനം നടത്തി കണ്ടെത്തി. അതിൽ രോഗം സംശയിച്ച 632 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. 66 പേരിലാണ് രോഗം കണ്ടെത്തിയത്. ഗർഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്. ഗർഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് (മൈക്രോസെഫാലി) കാരണമാകും. അതിനാൽ പനി തുടങ്ങിയ ലക്ഷണമുള്ള എല്ലാ ഗർഭിണികളേയും പരിശോധിച്ചു. 4252 ഗർഭിണികളെ സ്ക്രീൻ ചെയ്തതിൽ 6 പോസിറ്റീവ് കേസുകൾ മാത്രമാണ് ഉണ്ടായത്. 34 പ്രസവങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ഒരു നവജാത ശിശുവിനെ മാത്രമാണ് നിരീക്ഷിക്കേണ്ടി വന്നത്. എന്നാൽ ആ കുഞ്ഞിനും സിക്ക വൈറസ് മൂലമുള്ള പ്രശ്നമുണ്ടായില്ല. അങ്ങനെ ആരോഗ്യ വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ മുഴുവൻ ഗർഭിണികളേയും നവജാത ശിശുക്കളേയും സംരക്ഷിക്കാനായി.
കോവിഡ് മഹാമാരി പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ് സംസ്ഥാനത്ത് ആദ്യമായി ജൂലൈ 8ന് സിക്ക വൈറസ് സ്ഥിരീകരിച്ചത്. പാറശാല സ്വദേശിയായ 24 കാരിയായ ഗർഭിണിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡിനോടൊപ്പം തന്നെ സിക്ക പ്രതിരോധവും ശക്തമാക്കുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ച് എല്ലാ ജില്ലകൾക്കും ജാഗ്രത നിർദ്ദേശം നൽകി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള 13 ആരോഗ്യ പ്രവർത്തകർക്കും പിന്നാലെ രോഗം റിപ്പോർട്ട് ചെയ്തു. അതോടെ സിക്ക പ്രതിരോധത്തിന് ആക്ഷൻപ്ലാൻ രൂപീകരിച്ചു. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ മന്ത്രി നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആരോഗ്യ, തദ്ദേശ സ്വയംഭരണ, റവന്യൂ വകുപ്പ് മന്ത്രിമാർ യോഗം കൂടി ഏകോപിച്ച് പ്രവർത്തിച്ചു. സിക്കയോടൊപ്പം ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവയെ കൂടി പ്രതിരോധിക്കാൻ പദ്ധതികളാവിഷ്ക്കരിച്ചു.
സംസ്ഥാനത്തെ 3 മെഡിക്കൽ കോളേജുകളിലും എൻ.ഐ.വി. ആലപ്പുഴയിലും തിരുവനന്തപുരം പബ്ലിക് ലാബിലും സിക്ക വൈറസ് പരിശോധിക്കാനുള്ള അടിയന്തര സൗകര്യങ്ങളൊരുക്കി. സിക്ക വൈറസ് ബാധയുള്ള പ്രദേശത്തെ ക്ലസ്റ്ററുകളായി തിരിച്ചാണ് പ്രതിരോധം ശക്തമാക്കിയത്. വീടുകൾ കേന്ദ്രീകരിച്ച് കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിങ്, ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകി. കേസുകൾ കൂടുതലുള്ള തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടം, നഗരസഭ, ജില്ലാ മെഡിക്കൽ ഓഫീസ്, റസിഡൻസ് അസോസിയേഷനുകൾ എന്നിവ ഏകോപിച്ച് ശക്തമായ പ്രവർത്തനം നടത്തി. ഇതോടൊപ്പം ലഭിച്ച ജനപങ്കാളിത്തവും സിക്കയെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചു. മഴ മാറാതെ നിൽക്കുന്നതിനാൽ ഇനിയും ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.
മറുനാടന് മലയാളി ബ്യൂറോ