ഹരാരെ: രാജ്യന്തര മത്സരം കളിക്കുമ്പോഴും ഷൂ വാങ്ങാൻ പോലും പണമില്ലാത്തതിന്റെ വേദന സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച സിംബാബ്വെ താരത്തിന്റെ വേദന ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം. സിംബാബ്വെ ദേശീയ ടീമിൽ അംഗമായ റയാൻ ബേളാണ് ഷൂ വാങ്ങാൻ പോലും നിർവാഹമില്ലാത്ത ദൈന്യാവസ്ഥ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

സംഭവം ആരാധകർ ഏറ്റെടുത്തതോടെ ഒട്ടേറെപ്പേരാണ് താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. സിംബാബ്വെ ദേശീയ ടീമിൽ അംഗായ വ്യക്തിക്കു പോലും ഷൂ വാങ്ങാൻ നിർവാഹമില്ലാതെ പോകുന്നതിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെതിരെയും (ഐസിസി) ഒട്ടേറെപ്പേരാണ് വിമർശനമുയർത്തിയത്.

അടുത്തിടെ പാക്കിസ്ഥാനെതിരെ കളിച്ച സിംബാബ്‌വെ ടീമിൽ അംഗമായിരുന്ന റയാൻ ബേൾ, ട്വിറ്ററിലൂടെയാണ് ഷൂ സ്‌പോൺസർ ചെയ്യാൻ ആളെ തേടിയത്. ഷൂ നന്നാക്കുന്നതിന്റെ ചിത്രം സഹിതം റയാൻ ബേൾ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇങ്ങനെ:

'ഓരോ പരമ്പര കഴിയുമ്പോഴും ഷൂ തുന്നിക്കൂട്ടാതിരിക്കാൻ ഞങ്ങൾക്ക് സ്‌പോൺസർമാരെ കിട്ടാൻ വല്ല വഴിയുമുണ്ടോ?' ബേൾ കുറിച്ചു.

 

ഒരുകാലത്ത് ലോക ക്രിക്കറ്റിലെ വളരുന്ന ശക്തിയായിരുന്നു സിംബാബ്വെ. ഇന്ത്യ ലോകക്രിക്കറ്റ് കിരീടം ചൂടിയ 1983 ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച സിംബാബ്വെ ലോകകപ്പിൽ ഉൾപ്പെടെ ഒട്ടേറെ അട്ടിമറി വിജയങ്ങൾ സ്വന്തമാക്കിയ ടീമാണ്. ഇരട്ട സഹോദരങ്ങളായ ആൻഡി ഫ്‌ളവർ, ഗ്രാൻഡ് ഫ്‌ളവർ, മറെ ഗുഡ്വിൻ, നീൽ ജോൺസൺ, ഹീത്ത് സ്ട്രീക്ക് എന്നിവരുൾപ്പെടെ രാജ്യാന്തര ക്രിക്കറ്റിൽ ശ്രദ്ധേയരായ ഒട്ടേറെ താരങ്ങളെ ലോകക്രിക്കറ്റിന് സമ്മാനിച്ച സിംബാബ്വെ പിന്നീട് അഴിമതിയിൽ മുങ്ങിക്കുളിച്ച ക്രിക്കറ്റ് ഭരണം നിമിത്തം പിന്നാക്കം പോവുകയായിരുന്നു.

സിംബാബ്‌വെ, ഇപ്പോൾ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണ്. സിംബാബ്‌വെ ക്രിക്കറ്റിന്റെ വീഴ്ചയുടെ ആഴം വ്യക്തമാക്കുന്നതാണ് അവരുടെ ദേശീയ താരം ഷൂ വാങ്ങാൻ പോലും നിർവാഹമില്ലാത്തതിന്റെ പേരിൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്.

സിംബാബ്വെയ്ക്കായി ഇതുവരെ മൂന്നു ടെസ്റ്റുകളും 18 ഏകദിനങ്ങളും 25 ട്വന്റി20 മത്സരങ്ങളും കളിച്ച താരമാണ് ഇരുപത്തേഴുകാരനായ ഈ ഓൾറൗണ്ടർ. മൂന്ന് ടെസ്റ്റുകളിൽനിന്ന് 24 റൺസും നാലു വിക്കറ്റുകളുമാണ് സമ്പാദ്യം. ഏകദിനത്തിൽ 15 ഇന്നിങ്‌സുകളിൽനിന്ന് 20.25 ശരാശരിയിൽ 243 റൺസും ഏഴു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 25 ട്വന്റി20 മത്സരങ്ങളിൽനിന്ന് 24.56 ശരാശരിയിൽ 393 റൺസും 15 വിക്കറ്റുകളും നേടി.