മല്ലപ്പള്ളി: കൊള്ളപ്പലിശ ആവശ്യപ്പെട്ട് കോടികൾ വിലമതിക്കുന്ന വസ്തുവകകൾ സ്വന്തം പേരിലാക്കിയെന്ന പരാതിയിൽ ചെങ്ങന്നൂരിൽ സോഡിയാക് ടെമ്പിൾ എന്ന പേരിൽ വജ്രക്കല്ല് വ്യാപാരം നടത്തുന്ന പിവി മുരുകനും മറ്റു രണ്ടു പേർക്കുമെതിരേ കീഴ്‌വായ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മല്ലപ്പള്ളി ആസ്ഥാനമായ ട്രിനിറ്റി സഭയുടെ പാസ്റ്ററായ തെക്കേമുറിയിൽ ബിനു ഈശോയിൽ നിന്നും സഭാ വിശ്വാസികളിൽ നിന്നുമാണ് വസ്തുക്കൾ തട്ടിയെടുത്തത്. ഇവർ നിരവധി തവണ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലാതെ വന്നപ്പോൾ നൽകിയ ഹർജിയുടെ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശിച്ച പ്രകാരമാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെങ്ങന്നൂർ കീഴ്‌ചേരിമേൽ അലങ്കാർ വില്ലയിൽ പി.എസ് മുരുകൻ, വല്ലത്ത് തോമസ് വില്ലയിൽ സതീഷ് തോമസ്, കരിപ്പാലിൽ വീട്ടിൽ ജയകൃഷ്ണൻ എന്നിവർക്കെതിരെയാണ് ഐപിസി 420(വിശ്വാസ വഞ്ചന), 468(വ്യാജരേഖ ചമയ്ക്കൽ), 323, 34, മണി ലെൻഡേഴ്‌സ് ആക്ട് 13, 18(ഡി), 9(കുബേര) എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. മന്ത്രി സജി ചെറിയാൻ, എം. മുകേഷ് എംഎൽഎ എന്നിവരുടെ ബിനാമിയാണ് താനെന്നും തന്നെ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും മുരുകൻ ഭീഷണിപ്പെടുത്തിയെന്നും ബിനു ഈശോയുടെ പരാതിയിൽ പറയുന്നു. 32 കോടിയുടെ 13 വസ്തുക്കളാണ് സംഘം തട്ടിയെടുത്തത് എന്നാണ് പറയുന്നത്. ഈ വസ്തുവകകൾ എല്ലാം തന്നെ മുരുകന്റെ പേരിൽ രജിസ്റ്റർ ചെയ്തതിന്റെ ആധാരം ഉണ്ട്.

ബിനു ഈശോയ്ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായതിനെ തുടർന്ന് സതീഷ് തോമസ് ഇടനിലക്കാരനായി നിന്നു കൊണ്ടാണ് മുരുകനിൽ നിന്നും പണം കടം വാങ്ങി നൽകിയത്. ബാങ്ക് പലിശ നൽകിയാൽ മതിയെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, 10 ശതമാനം പലിശയാണ് ഈടാക്കിയത്. 65 ലക്ഷം രൂപയാണ് കടം വാങ്ങിയത്. ഇതിന്റെ പേരിലാണ് ബിനു ഈശോയുടെയും ബന്ധുക്കളുടെയും സഭാവിശ്വാസികളായ ഒമ്പതു പേരുടെയും 13 വസ്തുവകകൾ തട്ടിയെടുത്തത് എന്ന് പറയുന്നു. ഇവയ്ക്കെല്ലാം കൂടി 32 കോടി രൂപ വില മതിക്കുന്നുണ്ടത്രേ. 13 ആധാരങ്ങളിലും പ്രധാന സാക്ഷിയായി ഒപ്പിട്ടിരിക്കുന്നതും സതീഷ് തോമസാണ്.

സഭയുടെ ശുശ്രൂഷകനായിരിക്കെ ബഹറിനിൽ ആർക്ക് ഒലിവ് ഫുഡ് സപ്ലൈ, മല്ലപ്പള്ളിയിൽ ഒലിവ് കൺസ്ട്രക്ഷൻസ് എന്നീ ബിസിനസുകൾ നടത്തി വന്ന ബിനു ഈശോ 2013ൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിലാണ് സതീഷ് തോമസുമായി ബന്ധപ്പെട്ടത്. സതീഷാണ് ജന്മനക്ഷത്ര കല്ലുകൾ വിൽക്കുന്ന ചെങ്ങന്നൂരിലെ സോഡിയാക് ടെമ്പിൾ എന്ന സ്ഥാപനത്തിന്റെ ഉടമയായ മുരുകനെ പരിചയപ്പെടുത്തിയത്. വസ്തുവിന്റെ ആധാരം എഴുതി കൊടുത്താൽ ബാങ്ക് പലിശയ്ക്ക് പണം കടം തരാമെന്ന് സമ്മതിക്കുകയും 2013 ജൂൺ 26ന് ബിനുവിന്റെ സുഹൃത്തായ ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ഗ്ലോറി വില്ലയിൽ ബാബു ബി. മാത്യുവിന്റെ പേരിലുള്ള 40 സെന്റ് സ്ഥലവും അതിലുള്ള വീടും 70 ലക്ഷം രൂപയ്ക്കുള്ള വിൽപ്പന കരാർ ഉടമ്പടി പ്രകാരം ബിനുവിനെയും സതീഷിനേയും സാക്ഷിയാക്കി മുരുകൻ എഴുതി വാങ്ങി.

65 ലക്ഷം രൂപ അഡ്വാൻസ് കൊടുത്തതായി കാണിച്ച് എഴുതിയ കരാർ പ്രകാരം ആദ്യ മാസത്തെ പലിശയായി 6.5 ലക്ഷം രൂപ കുറവ് ചെയ്ത് ബാക്കി പണമാണ് നൽകിയത്. ബാങ്ക് പലിശയ്ക്കല്ല 10 ശതമാനം വട്ടിപ്പലിശയ്ക്കാണ് പണം നൽകിയതെന്ന് അപ്പോഴാണ് മനസിലായത്.
അഞ്ചു മാസം പലിശ മുടങ്ങിയപ്പോൾ ഭീഷണിപ്പെടുത്തി. പലിശ തുകയായ 32.50 ലക്ഷം രൂപയ്ക്ക് ബിനുവിന്റെ ബന്ധുവും ബിസിനസ് പങ്കാളിയുമായ മല്ലപ്പള്ളി പൂതാംപുറം ചെറിയാൻ ഈശോയുടെ പേരിലുള്ള 62 സെന്റ് സ്ഥലം തീറാധാരമായി എഴുതി വാങ്ങി.
65 ലക്ഷവും പലിശയായ 32.50 ലക്ഷം രൂപയും ചേർത്ത് ഒരു കോടി രൂപയ്ക്ക് ഈ വസ്തു തികയില്ലെന്നും കൂടുതൽ ഗ്യാരന്റി ആവശ്യപ്പെട്ട് സമ്മർദ്ദവും ഭീഷണിയും തുടർന്നതോടെ കോട്ടയം പനച്ചിക്കാട് വില്ലേജിൽ തച്ചിരേട്ട് മനോജ് ഇട്ടിയിൽ നിന്നും കരാർ വ്യവസ്ഥയിൽ വിലയ്ക്കു വാങ്ങിയ കുട്ടിക്കാനത്തുള്ള 2.25 ഏക്കർ തേയില തോട്ടവും അതിലുള്ള കെട്ടിടങ്ങളും തിരികെ തരാമെന്ന ഉറപ്പിന്മേൽ പലിശയ്ക്കുള്ള ഗ്യാരന്റിയായി തീറാധാരമായി എഴുതി മുരുകൻ വാങ്ങുകയും ചെയ്തു.

ബ്ലേഡ് പലിശയും കൂട്ടുപലിശയും കൂട്ടി ദിവസം കഴിയുന്തോറും ലക്ഷങ്ങളുടെ ബാധ്യത അടിച്ചേൽപ്പിക്കുകയും മധു എന്നു വിളിക്കുന്ന ജയകൃഷ്ണനും കണ്ടാലറിയാവുന്ന ഗുണ്ടകളും ചേർന്ന് വീട്ടിൽ വന്ന് ബഹളമുണ്ടാക്കുകും പ്രാർത്ഥനാലയത്തിൽ വന്ന് അസഭ്യങ്ങൾ പറഞ്ഞ് ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് ബിനുവിന്റെ പരാതിയിൽ പറയുന്നു. ഇതേ തുടർന്ന് 2014ൽ മല്ലപ്പള്ളി ആനക്കുഴിയിലുള്ള 47 സെന്റ് സ്ഥലം മുരുകന്റെ പേരിൽ എഴുതി കൊടുത്തു. വീണ്ടും കറുകച്ചാൽ, കീഴ് വായ്പൂർ, മല്ലപ്പള്ളി എന്നവിടങ്ങളിലെ സ്ഥലങ്ങളും ഭീഷണിപ്പെടുത്തി എഴുതി വാങ്ങിച്ചു.

പിന്നീട് പലിശ ഇനത്തിൽ ലക്ഷക്കണക്കിന് രൂപ നേരിട്ടും വാങ്ങി. വീണ്ടും ഇവർ എത്തി വിശ്വാസികളുടെ മുന്നിൽ വച്ച് ഭീഷണിപ്പെടുത്തി മാനസികമായി പീഡിപ്പിക്കുകയും ചെയ്ത് 2014 ഒക്ടോബറിൽ ബിനുവിന്റെ സുഹൃത്തും കൺസ്ട്രക്ഷൻ കമ്പിനി പങ്കാളിയുമായ മല്ലപ്പള്ളി പരിയാരം ഷീന ഭവനിൽ ജോൺ വിനുവിന്റെ മുരണിയിലുള്ള 32 സെന്റ് സ്ഥലം തീറാധാരമായി എഴുതി വാങ്ങി. ഇതിനു ശേഷം ബാങ്കിൽ പണയം വച്ച 1.25 കോടി രൂപ വിലവരുന്ന അരയേക്കർ സ്ഥലം തന്നെ സഹായിക്കാനെന്ന വ്യാജേന 13 ലക്ഷം ലോൺ തുക അടച്ച് സ്വന്തമാക്കുകയും ചെയ്തു.

ബാങ്കിലെ ലോൺ അടച്ചു തീർക്കാമെന്ന് പറഞ്ഞ് ബിനുവിന്റെ പിതാവ് എം.എ ഈശോയുടെ പേരിലുള്ള 50 സെന്റ് സ്ഥലത്തിന്റെയും ഭാര്യ സോഫി ബിനുവിന്റെ പേരിലുള്ള 87 സെന്റ് സ്ഥലത്തിന്റെയും ആധാരത്തിന്റെ കോപ്പി വാങ്ങി ഇവരറിയാതെ സ്വന്തം പേരിലേക്ക് എഴുതിയെടുത്തു. എന്നാൽ പിന്നീട് ബാങ്കിൽ നിന്നും കുടിശിക തുക അറിയിച്ചപ്പോഴാണ് ലോൺ അടയ്ക്കാതെ വസ്തുക്കൾ തട്ടിയെടുത്തത് അറിയുന്നത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ബാങ്കിനെ കൊണ്ട് നടപടി എടുപ്പിക്കുമെന്നും പൊലീസിൽ ക്രിമിനൽ കേസ് നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.

ഇനി ആത്മഹത്യ അല്ലാതെ വേറെ മാർഗമില്ലന്ന് പറഞ്ഞപ്പോൾ നീ ആത്മഹത്യ ചെയ്താൽ ഒന്നും സംഭവിക്കില്ലെന്നും തൃശൂരിൽ എന്റെ പേരഴുതി വച്ച് ഒരു ഡോക്ടർ ആത്മഹത്യ ചെയ്തിട്ട് എന്നെ ആർക്കും തൊടാൻ പറ്റിയില്ലെന്നും പൊലീസും സർക്കാരും എന്റെ വിരൽത്തുമ്പിലാണെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.

കൂടാതെ ഇപ്പോഴത്തെ മന്ത്രിയും നിലവിലെ എംഎൽഎയും അന്നത്തെ സിപിഎം ജില്ലാ സെക്രട്ടിയുമായിരുന്ന സജി ചെറിയാന്റെയും കൊല്ലം എംഎൽഎ മുകേഷിന്റെയും ബിനാമിയാണ് താനെന്നും അവരുടെ ഏതു കാര്യവും നിറവേറ്റുന്നതിന് എന്നെയാണ് ഏൽപ്പിക്കുന്നതെന്നും സിപിഎം പാർട്ടി മുഴുവനും എന്നോടൊപ്പമാണെന്നും പറഞ്ഞ് ഫോണിൽ ഭീഷണിപ്പെടുത്തി.

ഇക്കാര്യം വിശ്വസിപ്പിക്കാനായി മുകേഷ് എംഎൽഎ ചെങ്ങന്നൂർ സഞ്ജീവനി തിരുമ്മു കേന്ദ്രത്തിൽ എത്തുമെന്നും പറഞ്ഞു. ഇതറിയാനായി ബിനു കാത്തു നിന്നപ്പോൾ കെഎൽ 39 4099 എന്ന വെള്ള ഓഡി കാറിൽ മുകേഷിനൊപ്പം മുരുകൻ എത്തുന്നത് ബിനു നേരിൽ കണ്ടെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയാൽ പാർട്ടി സ്വാധീനം ഉപയോഗിച്ച് കള്ളക്കേസ് എടുക്കുമെന്നും പറഞ്ഞതിനെ തുടർന്ന് പേടിച്ചാണ് നേരത്തെ പരാതി നൽകാതിരുന്നതെന്നും പറയുന്നു.

ഒരു ദിവസം സജി ചെറിയാൻ നിന്നെ വിളിക്കുമെന്നും വിളിക്കുന്നിടത്ത് വന്നില്ലെങ്കിൽ ചെങ്ങന്നൂരിലെ സിപിഎം പ്രവർത്തകർ നിന്നെ പൊക്കിയെടുത്ത് എംഎൽഎയുടെ മുമ്പിൽ കൊണ്ടു വരുമെന്നും പറഞ്ഞു. ഇതിനിടെ ബിനുവിന്റെ വസ്തുവിന്റെ കരം അടച്ച രസീത് മല്ലപ്പള്ളിയിലെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ ഈടായി നൽകി 55 ലക്ഷം രൂപ കൈക്കലാക്കിയെന്നും പറയുന്നു.

തീറാധാരം വാങ്ങിയ എല്ലാ വസ്തുക്കളുടേയും ആധാരങ്ങൾ തിരികെ എഴുതി തരാമെന്ന് പറഞ്ഞ് 2015 ജൂൺ 26ന് മല്ലപ്പള്ളി സബ് ട്രഷറിയിൽ നിന്നും മുദ്രപത്ര വാങ്ങിപ്പിക്കുകയും ചെയ്തു. ഗീവർഗീസ് മാത്യു എന്ന അദ്ധ്യാപകന് വസ്തു തിരികെ എഴുതി നൽകുന്നതിനായി 8,6100 രൂപയുടെ മുദ്രപത്രം വാങ്ങിയതും ചേർത്ത് നാല് ലക്ഷം രൂപ ആർടിജിഎസ് ആയി ഗീവർഗീസ് മാത്യു മുരുകന്റെ സ്ഥാപനമായ സോഡിയാക് ടെമ്പിളിലേക്ക് അയച്ചതായും പറയുന്നു.

കൂടാതെ ബിനുവിന്റെ പേരിൽ കല്ലിശ്ശേരിയിലെ മില്ലിൽ നിന്നും ആറു ലക്ഷം രൂപയുടെ തടിയും തൊടുപുഴയിൽ നിന്നും ഇഷ്ടികയും മുരുകൻ വീടു പണിക്കായി വാങ്ങിയെന്നും പറയുന്നു. ഇങ്ങനെ 13 ആധാരങ്ങളിലായി വസ്തുക്കൾ സ്വന്തം പേരിലേക്ക് എഴുതിയെടുത്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. മുരുകനും സതീഷും ചേർന്നുള്ള ഇടപാടിൽ ബ്ലേഡ് പലിശയുടെ 4 ശതമാനം സതീഷിന് നൽകുകയാണ് മുരുകൻ ചെയ്യുന്നതെന്ന് പറയുന്നു. ഇങ്ങനെ വസ്തു തട്ടിപ്പിൽ കോടിക്കണക്കിന് തുകയാണ് ഇവർ വാങ്ങിയിരുന്നതത്രെ.

കീഴ് വായ്പൂർ പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. വസ്തുക്കൾ നഷ്ടമായവരിൽ നിന്നും മൊഴിയെടുത്തു. ഇതൊരു കുഴപ്പിക്കുന്ന കേസ് ആണെന്നാണ് പൊലീസ് പറയുന്നത്. മുരുകൻ ബിനുവിന് പണം കൊടുത്തതിന് യാതൊരു രേഖയുമില്ലെന്നാണ് അറിയുന്നത്. ചെങ്ങന്നൂർ, ആലപ്പുഴ, തിരുവല്ല എന്നിവിടങ്ങളിൽ അലങ്കാർ ജൂവലറി എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന മുരുകൻ പിന്നീട് വജ്രക്കല്ല് വ്യാപാരത്തിലേക്ക് കടക്കുകയായിരുന്നു. ചെങ്ങന്നൂരിന് പുറമേ യുഎഇയിലും ഇയാൾക്ക് സ്ഥാപനങ്ങളുണ്ട്. സിനിമ മേഖലയിലുള്ളവരുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നു.