- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഝാർഖണ്ഡിൽ 113 ക്രിമിനൽ കേസുകൾ; പിടികൂടുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം; ഗുംല ജില്ലയിലെ വനമേഖലയിൽ ഏറ്റുമുട്ടലിൽ വധിച്ചത് മാവോയിസ്റ്റ് സോണൽ കമാൻഡർ ബുദേശ്വർ ഒറയോനെ; പൊലീസ്, സിആർപിഎഫ്, കോബ്ര സംഘത്തെ നയിച്ചത് മലയാളിയായ ഗുംല എസ്‌പി ഹൃദീപ് പി. ജനാർദനൻ
റാഞ്ചി: ഝാർഖണ്ഡിൽ 113 ക്രിമിനൽ കേസുകളിൽ പ്രതിയായ സിപിഐ (മാവോയിസ്റ്റ്) സോണൽ കമാൻഡറെ വധിച്ച സംഘത്തെ നയിച്ചത് മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ. മലയാളിയായ ഗുംല എസ്‌പി ഹൃദീപ് പി. ജനാർദനന്റെ നേതൃത്വത്തിൽ പൊലീസ്, സിആർപിഎഫ്, കോബ്ര എന്നിവർ ഉൾപ്പെട്ട സംഘം രണ്ടു ദിവസമായി മാവോയിസ്റ്റുകൾക്കായി തുടരുന്ന തിരച്ചിലിനിടെയാണു ഏറ്റുമുട്ടലുണ്ടായത്.
ഗുംല ജില്ലയിലെ കൊച്ചഗനി ഗ്രാമത്തിനു സമീപത്തെ വനമേഖലയിൽ വ്യാഴാഴ്ച രാവിലെ ഉണ്ടായ ഏറ്റുമുട്ടലിലാണു ബുദേശ്വർ ഒറയോൻ (46) എന്ന മാവോയിസ്റ്റ് സോണൽ കമാൻഡറെ വധിച്ചത്. ഇയാളെ പിടികൂടുന്നവർക്ക് സർക്കാർ 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
'സുരക്ഷാ സേനയെ കണ്ടെത്തിയതിനെത്തുടർന്ന് മാവോയിസ്റ്റുകൾ വെടിവയ്ക്കാൻ തുടങ്ങി, ഞങ്ങൾ തിരിച്ചടിച്ചു, അതിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. വിവിധ സ്രോതസ്സുകളിൽ നിന്ന് സ്ഥിരീകരിച്ച ശേഷം അദ്ദേഹത്തെ ഗുംലയിലെ ഖതംഗ പക്കാർത്തോളി നിവാസിയായ ബുധേശ്വർ ഒറാവോൺ എന്ന് തിരിച്ചറിഞ്ഞു' സംഘത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
'ഒരു എകെ 47 റൈഫിൾ, ലൈവ് വെടിമരുന്ന്, രണ്ട് മാഗസിനുകൾ, ഐഇഡി ഡിറ്റണേറ്ററുകൾ, നക്‌സൽ ബുക്കുകൾ, മരുന്നുകൾ എന്നിവ കണ്ടെടുത്തു. പൊലീസിനും സിആർപിഎഫിനും ഇത് വലിയ നേട്ടമാണ്' ഉദ്യോഗസ്ഥൻ പറഞ്ഞു. കൊലപാതകം, കൊലപാതകശ്രമം, കലാപം, കൊള്ളയടിക്കൽ, കവർച്ച എന്നീ 103 കേസുകളിൽ ഒറയോന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്.
ഒരു എകെ 47 തോക്കും ബുള്ളറ്റുകളും സംഭവസ്ഥലത്തു നിന്നു കണ്ടെടുത്തു. ഏറ്റുമുട്ടലിനിടെ ഒരു ഗ്രാമീണനും സ്‌ഫോടകവസ്തുക്കൾ തിരഞ്ഞു കണ്ടെത്തുന്ന ഡ്രോൺ എന്ന നായയും സ്‌ഫോടനത്തിൽ മരിച്ചു. ഒരു സിആർപിഎഫ് ജവാനു ഗുരുതരമായി പരുക്കേറ്റു. ഗ്രാമവാസിയായ രാംദേവ് മുണ്ട ഐ.ഇ.ഡി സ്‌ഫോടനത്തിൽ പരിക്കേറ്റിരുന്നു. ചികിത്സയ്ക്കിടെയാണ് മരിച്ചത്.
ഒറയോനെ മാവോയിസ്റ്റ് പ്രവർത്തനങ്ങളിൽ നിന്നു പിന്തിരിപ്പിക്കാനായി എസ്‌പി ഹൃദീപ് പി ജനാർദനന്റെ നേതൃത്വത്തിലുള്ള സംഘം ഏതാനും മാസം മുൻപ് അയാളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് പിന്തുണ തേടിയെങ്കിലും ഫലവത്തായില്ല. പല മാവോയിസ്റ്റ് നേതാക്കളും കീഴടങ്ങിയെങ്കിലും ഒറയോൻ പ്രവർത്തനം തുടർന്നു. ഇയാളുടെ ബന്ധു രന്തു ഒറയോനും മാവോയിസ്റ്റ് നേതാവാണ്.
തിരുവല്ല കുന്നന്താനം 'ശ്രീഹർഷ'ത്തിൽ തുറമുഖ വകുപ്പ് മുൻ അസി. എക്‌സിക്യുട്ടീവ് എൻജിനീയർ പരേതനായ പി.ആർ.ജനാർദനന്റെയും എസ്‌ബിഐ മുൻ ഉദ്യോഗസ്ഥ ജി.വിജയകുമാരിയുടെ മകനായ ഹൃദീപ് 2013 ഐപിഎസ് ബാച്ച് അംഗമാണ്. തിരുച്ചിറപ്പള്ളി എൻഐഐടിയിലെ പഠനത്തിനു ശേഷമാണ് സിവിൽ സർവീസിലെത്തുന്നത്.
2013 ഏപ്രിലിൽ ചെയിൻപൂരിലെ ചന്തയിൽ പട്ടാപ്പകൽ അഞ്ചു പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയാണു മരണമടഞ്ഞ ഒറയോൻ. മൈനുകൾ നീക്കുന്ന പൊലീസ് വാഹനം സ്‌ഫോടനത്തിൽ തകർത്ത് രണ്ടു സിആർപിഎഫ് ജവാന്മാരെ 2008ൽ കൊലപ്പെടുത്തിയത് ഉൾപ്പെടെ ഒട്ടേറെ കേസുകൾ ഇയാൾക്ക് എതിരെ ഉണ്ട്.
ന്യൂസ് ഡെസ്ക്