പ്രത്യേക നിയമസഭാ സമ്മേളനം തുടങ്ങി; യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകി സ്പീക്കർ; വി ഡി സതീശൻ എംഎൽഎ പ്രമേയം അവതരിപ്പിക്കും; സഭയിൽ സർക്കാറിനെതിരെ ബാനറുകളുമായി പ്രതിപക്ഷ എംഎൽഎമാർ; അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ ഒരുങ്ങി ബിജെപി; രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ടിനില്ലെങ്കിലും സർക്കാറിൽ അവിശ്വാസം രേഖപ്പെടുത്തും; ചെയറിൽ നിന്നും സ്പീക്കർ മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സർക്കാറിന് എതിരായ നിരവധി വിവാദങ്ങൾക്കിടെ ഇന്ന് കേരളാ നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി. പിണറായി സർക്കാറിന് എതിരായ ആദ്യ അവിശ്വാസപ്രമേയമാണ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ആദ്യ അജൻഡ അന്തരിച്ച പ്രമുഖർക്കുള്ള അനുശോചന പ്രമേയമായിരുന്നു. അന്തരിച്ച നേതാവ് എം പി വീരേന്ദ്രകുമാറിന് സഭ ആദരാജ്ഞലി അർപ്പിച്ചു.
ചോദ്യോത്തരവേളയില്ല. തുടർന്നു ധനകാര്യബിൽ അവതരിപ്പിച്ചു പാസാക്കും. ബില്ലിന്മേൽ ചർച്ചയില്ല. പ്രതിപക്ഷം അവിശ്വാസം രേഖപ്പെടുത്തിയ സ്പീക്കർക്കു സഭ നിയന്ത്രിക്കാൻ എന്ത് അധികാരം എന്ന ചോദ്യം യുഡിഎഫ് തുടക്കത്തിലേ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ 14 ദിവസം മുൻപത്തെ നോട്ടിസ് നൽകണമെന്ന വാദത്തിലൂടെയാകും സർക്കാർ ഇതിനെ ചെറുക്കുന്നത്. സ്പീക്കർ ചെയറിൽ നിന്നും മാറി നിൽക്കണം എന്ന ആവശ്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു.
10 മണിയോടെ അവിശ്വാസപ്രമേയം കോൺഗ്രസിലെ വി.ഡി.സതീശൻ അവതരിപ്പിക്കും. ചർച്ചയ്ക്ക് 5 മണിക്കൂറാണു നിശ്ചയിച്ചതെങ്കിലും നീണ്ടുപോകാം. പ്രതിപക്ഷ നേതാവുകൂടി സംസാരിച്ച ശേഷം മുഖ്യമന്ത്രിയും വിവാദങ്ങളിൽ ഉൾപ്പെട്ട മറ്റു മന്ത്രിമാരും മറുപടി നൽകും. അനാരോഗ്യം മൂലം വി എസ്. അച്യുതാനന്ദനും സി.എഫ്. തോമസും പങ്കെടുക്കില്ല. നിയമസഭയിൽ സംസ്ഥാന സർക്കാരിനെതിരായ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് ബിജെപി അറിയിച്ചിട്ടുണ്ട്. പ്രമേയത്തെ പിന്തുണച്ച് വോട്ടുചെയ്യുമെന്ന് ബിജെപിയുടെ ഏക എംഎൽഎയായ ഒ രാജഗോപാൽ വ്യക്തമാക്കി. അതേസമയം ഇന്നു നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയുടെ സ്ഥാനാർത്ഥിക്കും വോട്ടുചെയ്യില്ലെന്ന് രാജഗോപാൽ അറിയിച്ചു.
രാജ്യസഭ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്കും വോട്ടുചെയ്യില്ലെന്ന് കേരള ജനപക്ഷം പാർട്ടി നേതാവ് പി സി ജോർജ്ജും അറിയിച്ചു. അവിശ്വാസപ്രമേയത്തിൽ പൊതുസ്ഥിതി നോക്കി തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ കേരള കോൺഗ്രസിലെ ജോസ് കെ മാണി പക്ഷത്തെ എംഎൽഎമായാ റോഷി അഗസ്റ്റിനും എൻ ജയരാജും ഇന്ന് നിയമസഭയിലെത്തില്ലെന്നാണ് സൂചന. യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കാതെ വിട്ടുനിൽക്കാനാണ് പാർട്ടിയിലെ ധാരണ.
രാജ്യസഭാ തെരഞ്ഞെടുപ്പിലും ഒരു സ്ഥാനാർത്ഥിക്കും ജോസ് കെ മാണി വിഭാഗം എംഎൽഎമാർ വോട്ടു ചെയ്തേക്കില്ല. നിയമസഭ മന്ദിരത്തിലെ പാർലമെന്ററി സ്റ്റഡീസ് റൂമിൽ രാവിലെ പത്തു മണി മുതലാണ് വോട്ടെടുപ്പ്. ഇടതുമുന്നണിക്ക് വേണ്ടി എൽജെഡി നേതാവ് എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ ലാൽ വർഗീസ് കൽപകവാടിയുമാണ് മത്സര രംഗത്തുള്ളത്. കോൺഗ്രസ് എംഎൽഎ വി ഡി സതീശൻ അവതരിപ്പിക്കുന്ന പ്രമേയത്തിന്മേൽ അഞ്ച് മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. വിമർശനങ്ങളുടെ കുന്തമുന നീളുക മുഖ്യമന്ത്രിയിലേക്കാണെങ്കിലും മന്ത്രി കെ ടി ജലീൽ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവരെയും കടന്നാക്രമിക്കാനാണ് പ്രതിപക്ഷ തീരുമാനം.
നിലവിലെ അംഗബലം അനുസരിച്ച് സർക്കാരിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഇതുപ്രകാരം യുഡിഎഫ് പ്രമേയത്തെ എൽഡിഎഫിന് തോൽപ്പിക്കാനാകും. അതേസമയം ചർച്ചയിലെ വാദപ്രതിവാദങ്ങൾ വരുംദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമാകും. യുഡിഎഫിനും അവിശ്വാസപ്രമേയ വോട്ടെടുപ്പ് നിർണായകമാണ്. യുഡിഎഫ് തീരുമാനം അംഗീകരിച്ചില്ലെങ്കിൽ ജോസ് വിഭാഗത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കൺവീനർ ബെന്നി ബെഹനാനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കോവിഡ് പശ്ചാത്തലത്തിലാണ് സഭ ചേരുന്നത്. അതേസമയം നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി എംഎൽഎമാർക്ക് കോവിഡ് ടെസ്റ്റായ ആന്റിജൻ പരിശോധന നടത്തി. ആർക്കും കോവിഡ് ഇല്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്. എംഎൽഎ ഹോസ്റ്റലിൽ വച്ചാണ് പരിശോധന നടത്തിയത്.കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പാക്കുക ലക്ഷ്യമിട്ട് എംഎൽഎമാരുടെ ഇരിപ്പിടത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ആരോപണങ്ങളുടെ കെട്ടഴിച്ച് സർക്കാരിനെ ആക്രമിക്കാൻ പ്രതിപക്ഷവും മുഖ്യമന്ത്രിക്കും സർക്കാരിനും പ്രതിരോധ കോട്ട തീർക്കാൻ ഭരണപക്ഷവും റെഡിയായിരിക്കയാണ്. ധനകാര്യ ബിൽ പാസാക്കൽ അജണ്ടയാണെങ്കിലും അവിശ്വാസ പ്രമേയമാകും സഭയെ പ്രക്ഷുബ്ദമാക്കുക. സഭയിൽ സർക്കാരിനെ ആക്രമിക്കാനുള്ള നിരവധി ആയുധങ്ങളാണ് പ്രതിപക്ഷത്തിന്റെ ആവനാഴിയിലുള്ളത്. സ്പ്രിംക്ലർ, ബെവ്ക്യു, മണൽക്കടത്ത്, ഇ മൊബിലിറ്റി, സ്വർണക്കടത്ത്, ലൈഫ് പദ്ധതി, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയ വിവാദങ്ങളുടെ പരമ്പരയാണ് പ്രതിപക്ഷത്തിന് ആയുധമായുള്ളത്.
സർക്കാരിനെതിരായ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്ത് നല്ല ഗൃഹപാഠം നടന്നിട്ടുണ്ട്. സമാനമായി ഭരണപക്ഷവും ആരോപണങ്ങളെ പ്രതിരോധിക്കാൻ കാലേക്കൂട്ടി തയ്യാറായിട്ടുമുണ്ട്. സ്വർണക്കടത്ത്, ലൈഫ് വിവാദം തുടങ്ങിയയെല്ലാം നിയമസഭയിൽ കത്തിപ്പടരും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള നീക്കങ്ങളായിരിക്കും പ്രതിപക്ഷം നടത്തുക. 15 വർഷത്തിനു ശേഷമാണ് കേരള നിയമസഭയിൽ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുന്നത്. ഒന്നാം ഉമ്മൻ ചാണ്ടി സർക്കാരിനെതിരായി 2005 ജൂലൈ 12 ന് കോടിയേരി ബാലകൃഷ്ണൻ കൊണ്ടുവന്ന പ്രമേയമാണ് അവസാനത്തേത്.
മറുനാടന് മലയാളി ബ്യൂറോ