- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്രവം എടുക്കുന്നതിനിടെ സ്ട്രിപ്പിന്റെ ഭാഗം ഒടിഞ്ഞ് മൂക്കിനുള്ളിൽ തറച്ചു; വിവരം അപ്പോൾ തന്നെ അറിയിച്ചെങ്കിലും ആരോഗ്യ പ്രവർത്തകർ ചെവിക്കൊണ്ടില്ല; മൂക്കിനുള്ളിൽ വേദനയുമായി മൂന്നു ദിവസം നടന്നു; തുമ്മിയപ്പോൾ ഒടിഞ്ഞ ഭാഗം പുറത്ത്: കോന്നി താലൂക്കാശുപത്രിക്കെതിരേ പരാതിയുമായി പതിനേഴുകാരൻ
കോന്നി: സ്രവം എടുക്കുന്നതിനിടെ സ്ട്രിപ്പിന്റെ ഭാഗം ഒടിഞ്ഞ് മൂക്കിനുള്ളിൽ തറച്ച പതിനേഴുകാരൻ വേദന തിന്നത് മൂന്നു ദിവസം. വിവരം അപ്പോൾ തന്നെ ആരോഗ്യ പ്രവർത്തകരെ അറിയിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്ന് പരാതി. അസ്വസ്ഥതയെ തുടർന്ന് ആഞ്ഞു തുമ്മിയപ്പോൾ മൂക്കിനുള്ളിൽ നിന്ന് സ്ട്രിപ്പിന്റെ അവശിഷ്ടം പുറത്തു വന്നു. കോന്നി താലൂക്കാശുപത്രിക്കെതിരേ പതിനേഴുകാരന്റെ പിതാവ് പരാതി നൽകി.
മങ്ങാരം കല്ലുവിളയിൽ മനോജിന്റെ മകനും കോന്നി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ ജിഷ്ണു മനോജിന്റെ മൂക്കിലാണ് അപകടകരമായ നിലയിൽ സ്ട്രിപ്പിന്റെ അഗ്രഭാഗം ഒടിഞ്ഞ് തുളച്ചിരുന്നത്.മാതാവിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജിഷ്ണു താലൂക്ക് ആശുപത്രിയിൽ ആർടിപിസിആർ ടെസ്റ്റിനായി എത്തിയത്. ജീവനക്കാർ മൂക്കിൽ ഇടതു ദ്വാരത്തിൽ നിന്നും സ്രവം ശേഖരിക്കുന്നതിനിടെ സ്ട്രിപ്പ് രണ്ടായി ഒടിഞ്ഞു. അതിന്റെ ശേഷിച്ച ഭാഗം മൂക്കിലുണ്ടെന്ന് ജിഷ്ണു അപ്പോൾ തന്നെ ആരോഗ്യ പ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാൽ അങ്ങനെ വരില്ലെന്ന് പറഞ്ഞ് മൂക്കിന്റെ വലതു ദ്വാരത്തിൽ നിന്ന് മറ്റൊരു സ്ട്രിപ്പ് ഉപയോഗിച്ച് സ്രവം ശേഖരിക്കുകയും ചെയ്തു. എന്നാൽ തന്റെ മൂക്കിനുള്ളിൽ ഒടിഞ്ഞ ഭാഗം ഉണ്ടെന്നും ശക്തമായ വേദനയുണ്ടെന്നും ജിഷ്ണു പറഞ്ഞെങ്കിലും ജീവനക്കാർ ഇത് അംഗീകരിക്കാതെ രോഗമായതിനാലാണ് വേദനയെന്ന് പറഞ്ഞ് തിരികെ വിടുകയായിരുന്നത്രെ.
വീട്ടിലെത്തിയ ശേഷം നിർത്താതെയുള്ള തുമ്മൽ തുടരുകയും വേദന ഉണ്ടാകുകയും ചെയ്തു. ഞായറാഴ്ച കോവിഡ് പോസിറ്റീവാണെന്ന് റിസൾട്ടും വന്നു. ഇതു മൂലം ആശുപത്രിയിൽ പോകാനും കഴിഞ്ഞില്ല. ശക്തമായ തുമ്മൽ തുടർന്നപ്പോഴാണ് മൂക്കിൽ ഒടിഞ്ഞിരുന്ന സ്ട്രിപ്പിന്റെ ഭാഗം പുറത്തേക്ക് വന്നത്. ഇതു സംബന്ധിച്ച് ജിഷ്ണുവിന്റെ പിതാവ് മനോജ് ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്