പത്തനംതിട്ട: ആദിവാസിയായ സുഹൃത്തിന്റെ ക്ഷണപ്രകാരം വനവിഭവം ശേഖരിക്കാൻ പോയ ലോഡിങ് തൊഴിലാളിയെ കാട്ടാന കുത്തിക്കൊന്നു. കൊക്കാത്തോട് നെല്ലിക്കാംപാറ വടക്കേ ചരുവിൽ വി.ജി.ഷാജി (49)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കോട്ടമൺപാറ കുറിച്ചി വനമേഖലയിലായിരുന്നു സംഭവം. കോട്ടമൺപാറ ആദിവാസി കോളനിയിലെ രവിയുടെ ക്ഷണം സ്വീകരിച്ചാണ് പൊന്നാമ്പൂ അടക്കമുള്ള വനവിഭവങ്ങൾ ശേഖരിക്കാൻ ഷാജിയും സുഹൃത്തുക്കളായ സുനിൽ, റെജി എന്നിവർ പോയത്.

കാട്ടിൽ വിഭവം ശേഖരിക്കുന്നതിനിടെ കൊമ്പന്റെ മുന്നിൽ അകപ്പെടുകയായിരുന്നു. മറ്റു മൂന്നുപേർക്കും ഓടി രക്ഷപ്പെടാൻ കഴിഞ്ഞു. ഷാജിയെ ആന കുത്തിവീഴ്‌ത്തി. ഭയന്നോടിയ ശേഷിച്ച മൂന്നുപേരും മണിക്കൂറുകൾക്ക് ശേഷമാണ് നാട്ടിലെത്തി വിവരം അറിയിച്ചത്.

മൃതദേഹം സംഭവസ്ഥലത്തു തന്നെ കിടക്കുകയാണ്. കനത്ത മഴയും പ്രതികൂലകാലാവസ്ഥയും കാരണം വനപാലകർ സ്ഥലത്തേക്ക് പോകാൻ തയാറായിട്ടില്ല. തിങ്കളാഴ്ച പുലർച്ചെ വനപാലകരും പൊലീസും അടങ്ങുന്ന സംഘം സംഭവസ്ഥലത്തേക്ക് പോകും. കടുവ അടക്കമുള്ള കാട്ടുമൃഗങ്ങൾ വിഹരിക്കുന്ന പ്രദേശമാണിത്. അതുകാരണം മൃതദേഹത്തിന്റെ അവസ്ഥ എന്താകുമെന്ന ആശങ്കയുമുണ്ട്. രണ്ട് വർഷം മുമ്പ് ഫോറസ്റ്റ് വാച്ചറായ രവിയെ ഇവിടെ വച്ചാണ് കടുവ കൊന്ന് ഭക്ഷിച്ചത്.