- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
കന്യാസ്ത്രീക്ക് കന്യാചർമ്മം പോലും തുന്നിപ്പിടിപ്പിച്ചു; അടിവസ്ത്രം മുതൽ ഫോട്ടാവരെ അപ്രത്യക്ഷമായി; സാക്ഷികളെ കൂട്ടത്തോടെ മൊഴി മാറ്റിച്ചു; ഡമ്മി പ്രതികളെ ഹാജരാക്കിയത് പലതവണ; പൊലീസും ക്രൈംബ്രാഞ്ചും ശ്രമിച്ചത് കേസ് അട്ടിമറിക്കാൻ; സിബിഐ ഉദ്യോഗസ്ഥർ പോലും പലപ്പോഴും പ്രതികൾക്ക് ഒപ്പം; എന്നിട്ടും സത്യം ജയിച്ചു
ലോക്കൽ പൊലീസ് മുതൽ സിബിഐ ഉന്നതർ കേസ് അട്ടിമറിക്കാൻ കൂട്ടുനിൽക്കുക, കന്യാസത്രീ കന്യാചർമ്മം തുന്നിപ്പിടിപ്പിക്കുന്ന ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയ ചെയ്ത് കേസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുക, കൊല്ലപ്പെട്ട പെൺകുട്ടിയുടെ അടിവസ്ത്രവും ചെരിപ്പും തൊട്ട് ഡെഡ്ബോഡിയുടെ ഫോട്ടോഗ്രാഫുകളിൽ ചിലത് പോലും കാണാതാവുക. എന്തിന് കേന്ദ്ര മന്ത്രിസഭയിലും ജുഡീഷ്യറിയിലും പോലും ഭിന്നതലുണ്ടാവുക. ഒന്നും രണ്ടും വർഷമല്ല 28 വർഷമാണ് ഈ കൊലയുടെ വിധി വരാൻ സമയമെടുത്തത്.
അങ്ങനെ നോക്കുമ്പോൾ ലോക നീതിന്യായ ചരിത്രത്തിലെ തന്നെ അത്യപൂർവമായ ഒരു കേസ് തന്നെയാണ് അഭയ കൊലക്കേസ്. മതവും അധികാരവും കൈകോർക്കുമ്പോൾ ജനാധിപത്യത്തിന് എങ്ങനെ മുട്ടിടിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് സിസ്റ്റർ അഭയാകേസ്. മതം ഇടപെട്ട ഏത് സംഭവത്തിലും മതേതരം എന്ന് പറയുന്ന ഈ രാജ്യത്ത് ഇങ്ങനെതന്നെയാണ് നടക്കാറ്. ചേകന്നൂർ മൗലവി കേസിൽ, ബാബറി മസ്ജിദ് കേസിൽ ഒക്കെ നോക്കുക. സാക്ഷികളില്ല, തെളവുകൾ ഇല്ല.. പക്ഷേ ഇവിടെ 28 വർഷത്തിനുശേഷം പ്രതികൾ ശിക്ഷക്കപ്പെടുന്നു. അഭയക്കേസ് വിധി ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യതയും ഉറപ്പിക്കയാണ്.
മതം എങ്ങനെ ഒരു മതേതര രാജ്യത്തെ വിഴുങ്ങുന്നുവെന്നതിന്റെ കൃത്യമായ കേസ് സ്റ്റഡി കൂടിയാണ് അഭയാ കേസ്. തുടക്കത്തിൽ തന്നെ ഈ കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഡിവൈഎസ്‌പി മൈക്കിൾ ഉൾപ്പടെയുള്ളവർക്ക് അഭയയോട് എന്തെങ്കിലും വ്യക്തിവൈരാഗ്യം ഉണ്ടായിട്ടല്ല അവർ അങ്ങനെ ഒരു നിലപാട് എടുത്ത്. എന്റെ മതത്തെതയും എന്റെ പൗരോഹിത്യത്തെയും രക്ഷിച്ച് എടുക്കണം എന്ന ഗോത്രീയ ചിന്ത തന്നെ. ജോമോൻ പുത്തൻ പുരക്കലിന്റെ വാക്കുകൾ കടമെടുത്താൽ സിസ്റ്റർ സെഫിയുടെ കന്യാചർമ്മം തുന്നിച്ചേർക്കുന്നതിനുള്ള ശസ്ത്രക്രിയക്കുപോലും പണം പോകുന്നത് അൽമായരിൽ നിന്നാണ്.
മതത്തിന്റെ പേരു പറഞ്ഞ് സോണിയാ ഗാന്ധിയെ വരെ സ്വാധീനിക്കാനുള്ള ശ്രമം നടന്നുവെന്നും, ഒരുവേള കേസ് ഉപേക്ഷിക്കാനുള്ള സിബിഐയുടെ തീരുമാനം അതിന്റെ ഭാഗം ആയിരുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. എന്നിട്ടും ആന്ത്യന്തികമായി സത്യം ജയിക്കുന്നു. ഫാദർ കോട്ടൂരും, സിസ്റ്റർ സെഫിയും ശിക്ഷപ്പെടുന്നു. കാലത്തിന്റെ കാവ്യനീതി തന്നെ.
കിണറ്റിൽ മരിച്ച നിലയിൽ ഒരു കന്യാസ്ത്രീ
കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിനിയും ക്നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയുമായ സിസ്റ്റർ അഭയയുടെ (21) മൃതദേഹം, 1992 മാർച്ച് 27 ന് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിലാണ് കാണപ്പെടത്. കോട്ടയം ജില്ലയിലെ അരീക്കരയിൽ അയിക്കരകുന്നേൽ തോമസിന്റെയും ലീലാമ്മയുടെയും ഏക മകളാണ് അഭയ. ആദ്യഘട്ടത്തിൽ തന്നെ നിർണ്ണായക തെളിവുകൾ നശിപ്പിച്ച് കേസ് അട്ടിമറിക്കാനാണ് ലോക്കൽ പൊലീസ് ശ്രമിച്ചത്. അഭയയുടെ മൃതദേഹത്തിലുണ്ടായിരുന്നു അടിവസ്ത്രം പോലും കാണാതായി. ചെരിപ്പും ശിരോവസ്ത്രവും പിന്നീട് കാണാതായതായും വിവാദം ഉയർന്നു.
അഭയയുടെ മരണം ആത്മഹത്യയാക്കാൻ ലോക്കൽ പൊലീസിന്റെ ശ്രമത്തിനെതിരെ 1992 മാർച്ച് 31ന് കോട്ടയം മുനിസിപ്പൽ ചെയർമാൻ പി.സി.ചെറിയാൻ മടുക്കാനി പ്രസിഡന്റും, ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചതിനെ തുടർന്നാണ് കാര്യങ്ങൾ മാറുന്നത്. ജോമോൻ പുത്തൻ പുരയ്ക്കലിന്റെ അക്ഷീണമായ പ്രയത്നം ഈ കേസിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഉണ്ടായിട്ടുണ്ട്. തുടർന്ന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോട്ടയത്ത് നിരവധി സമര പോരാട്ടങ്ങൾ നടത്തി. ലോക്കൽ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷിച്ചു.1993 ജനുവരി 30 ന് കോട്ടയം ആർ.ഡി.ഒ കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് റിപ്പോർട്ട് നൽകി.
ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നതിന് എട്ടു മാസം മുൻപ് 1992 മെയ് 15 ന് കോട്ടയം റെസ്റ്റ് ഹൗസിൽ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ നേരിൽ കണ്ട് ജോമോൻ പുത്തൻപുരയ്ക്കൽ സിസ്റ്റർ അഭയയുടെ മരണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. അഭയക്കേസ് സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു. പിന്നീട് മൂന്നു ദിവസം കഴിഞ്ഞ് 1992 മെയ് 18ന് നിവേദനത്തിൽ സിബിഐ അന്വേഷണ ശുപാർശ ചെയ്തു കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടു.
നേരറിയാൻ സിബിഐ എത്തുന്നു
പയസ് ടെൻത് കോൺവെന്റുമായോ ക്നാനായ കത്തോലിക്കാ സഭയുമായോ ബന്ധമില്ലാത്ത ആലുവായിലെ മൗണ്ട് കാർമൽ കോൺവെന്റിലെ സിസ്റ്റർ ബെനികാസിയ അഭയയുടെമരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകയിരുന്നു. ഇതും കൂടി പരിഗണിച്ചാണ് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ 1992 ജൂൺ ഒന്നാം തീയതി സിബിഐ അന്വേഷണത്തിന് ശിപാർശ ചെയ്യുന്നത്. അഭയക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംഘടനകളും വ്യക്തികളും ഉൾപ്പെടെ 34 സംഘടനകൾ സംസ്ഥാന സർക്കാറിന് നിവേദനം നൽകിയിരുന്നു.
സംസ്ഥാന സർക്കാരിന്റെ ശുപാർശയെത്തുടർന്ന് സിബിഐ അഭയ കേസിന്റെ അന്വേഷണം ഏറ്റെടുത്തു.1993 മാർച്ച് 29 ന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.സിബിഐ കൊച്ചി യൂണിറ്റ് ഡി.വൈ.എസ്‌പി വർഗീസ്.പി.തോമസിന്റെ നേതൃത്വത്തിൽ സിബിഐ സംഘം അഭയയുടെ മരണം ആത്മഹത്യയാണെന്നുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് തള്ളികൊണ്ട് കൊലപാതകമാണെന്ന് ആറു മാസത്തിനുള്ളിൽ കണ്ടെത്തി.സിബിഐയുടെ കേസ് ഡയറിയിൽ കൊലപാതകമാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു.
വർഗീസ് പി തോമസ് രാജിവെക്കുമ്പോൾ
സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനത്തിന് കടക വിരുദ്ധമായി അഭയയുടെ മരണം ആത്മഹത്യയാക്കാൻ അന്നത്തെ സിബിഐ എസ്‌പി വി.ത്യാഗരാജൻ തന്റെ മേൽ സമ്മർദം ചെലുത്തി. അതിന് വഴങ്ങാതെ വന്നപ്പോൾ പീഡിപ്പിച്ചെന്ന് സിബിഐ ഡി.വൈ.എസ്‌പി വർഗീസ്.പി.തോമസ് 1994 മാർച്ച് 7 ന് എറണാകുളത്ത് പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തി. .അതോടെ അഭയക്കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.
ഈ വിഷയം പാർലമെന്റിൽ എംപി മാർ ഉന്നയിച്ചതിനെത്തുടർന്ന് സിബിഐയുടെ ചുമതലയുള്ള പേഴ്സണൽ മന്ത്രാലയത്തിന്റെ മന്ത്രി മാർഗരറ്റ് ആൽവ പാർലമെന്റിൽ മറുപടി നൽകേണ്ടി വന്നു.വർഗീസ്.പി.തോമസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അഭയക്കേസിന്റെ മേൽനോട്ട ചുമതലയിൽ നിന്നും സിബിഐ കൊച്ചി യൂണിറ്റ് എസ്‌പി സ്ഥാനത്ത് നിന്നും വി.ത്യാഗരാജനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ 1994 മാർച്ച് 17 ന് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ത്യാഗരാജനുമേൽ സമ്മർദം ഉണ്ടായത് സോണിയാഗാന്ധി വഴിയാണെന്ന് പിൽക്കാലത്ത് ആരോപണം ഉയർന്നിരുന്നു.
1994 ജൂൺ 2 ന് അന്നത്തെ സിബിഐ ഡയറക്ടർ കെ.വിജയരാമറാവുവിനെ അന്നത്തെ എംപിമാരായ ഒ.രാജഗോപാൽ, ഇ.ബാലാനന്ദൻ, പി.സി.തോമസ്, ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻ പുരയ്ക്കൽ എന്നിവർ ചേർന്ന് നേരിൽ കണ്ട് പരാതി നൽകിയതിന് തുടർന്ന് ത്യാഗരാജനെ അഭയക്കേസിന്റെ മേൽ നോട്ടത്തിൽ നിന്നും ചെന്നൈയിലേക്ക് സ്ഥലം മാറ്റി ഉത്തരവിട്ടു. അതോടൊപ്പം സിബിഐ അന്നത്തെ ഡി.ഐ.ജി പിന്നീട് സിബിഐ സ്‌പെഷ്യൽ ഡയറക്ടർ ആയിരുന്ന എം.എൽ ശർമയുടെ നേത്യത്വത്തിലുള്ള സിബിഐ സംഘം അഭയക്കേസ് അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. ത്യാഗരാജനെമാറ്റണമെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ ആവശ്യം സിബിഐ ഡയറക്ടർ നടപ്പിലാക്കിയെന്ന് കാണിച്ചു കൊണ്ട് സിബിഐ സത്യവാങ്മൂലം ഫയൽ ചെയ്തതിനെ തുടർന്ന് 1994 ജൂലൈ 22 ന് ഹർജി തീർപ്പാക്കികൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.
കൊലയാണ് പക്ഷേ പ്രതികൾ ആരെന്ന് അറിയില്ല
എം.എൽ ശർമയുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം കോട്ടയത്ത് എത്തി പയസ് ടെൻത്കോൺവെന്റിലെ കിണറ്റിൽ ജയ്പൂരിലെ ഫോറൻസിക് വിദഗ്ഗ്ധരുടെ സാന്നിധ്യത്തിൽ അഭയയുടെ ഡമ്മി പരീക്ഷണം നടത്തി. ഇന്ത്യൻ നീതന്യായ ചരിത്രത്തിലെ നാണംകെട്ട ഒരു അധ്യായം കൂടി പിന്നെയുണ്ടായത്. കൊലയാണ് പക്ഷേ പ്രതികൾ ആരെന്ന് അറിയില്ല എന്ന നാണം കെട്ട നിലപാടാണ് പിന്നീട് സിബിഐ എടുത്തത്. അഭയയുടെ മരണം കൊലപാതകമാണെങ്കിലും പ്രതികളെ പിടിക്കുവാൻ സിബിഐ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലന്ന് കാണിച്ചു കൊണ്ട് അന്വേഷണം അവസാനിപ്പിക്കുവാൻ അനുമതി ചോദിച്ചു കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 1996 ഡിസംബർ 6 ന് റിപ്പോർട്ട് കൊടുത്തു.സിബിഐ റിപ്പോർട്ട് തള്ളിക്കൊണ്ട് തുടരന്വേഷണം നടത്തുവാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ.കെ.ഉത്തരൻ 1997 മാർച്ച് 20 ന് ഉത്തരവ് നൽകി.
രണ്ടാം തവണയും സിബിഐ അന്വേഷണം അവസാനിപ്പിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 1999 ജൂലൈ 12 ന് റിപ്പോർട്ട് സമർപ്പിച്ചു.സിബിഐ സമർപ്പിച്ച റിപ്പോർട്ട് തള്ളി കൊണ്ട് അഭയ കേസിൽ രണ്ടാം തവണയും തുടരന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആന്റണി.റ്റി. മൊറൈസ് 2000 ജൂൺ 23 ന് ഉത്തരവിട്ടു.സിബിഐ അഭയ കേസിന്റെ അന്വേഷണം മൂന്നാം തവണയും അവസാനിപ്പിക്കാൻ അനുമതി ചോദിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ 2005 ഓഗസ്റ്റ് 30 ന് റിപ്പോർട്ട് സമർപ്പിച്ചു.സിബിഐ റിപ്പോർട്ട് തള്ളി കൊണ്ട് അഭയ കേസിൽ തുടരന്വേഷണം നടത്താൻ 2006 ഓഗസ്റ്റ് 21 ന് മൂന്നാം തവണ ഉത്തരവിട്ടത് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പി.ഡി. ശാരങ്ധരൻ ആണ്.
ആ അവസരത്തിൽ എല്ലാം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അഭയ കേസിലെ സി .ബി .ഐ യുടെ എഫ് .ഐ .ആർ ലെ പരാതികരികാരിയായ ആലുവ മൗണ്ട് കാർമ്മൽ കോൺവെന്റിലെ സിസ്റ്റർ ബെനികാസിയക്ക് നോട്ടീസ് നൽകിയിരുന്നു . അഭയ കേസ് അന്വേഷണം അവസാനിപ്പിക്കുന്നതിന് എതിരെ കോടതിയിൽ ഹാജരായി തടസ ഹർജി കൊടുക്കാതെ 'പരാതി ഇല്ലാതെ പരാതിക്കാരി 'ആയി മാറിയ ആളാണ് സിസ്റ്റർ ബെനികാസിയ. സി .ബി .ഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി കൊടുത്ത സിസ്റ്റർ ബെനികാസിയ അഭയ കേസിൽ സി .ബി .ഐ അന്വേഷിക്കുന്ന ഒരു ഘട്ടത്തിൽ പോലും സി .ബി .ഐ ക്ക് മൊഴി കൊടുക്കാത്ത ആളാണ് . 2008 ൽ സിസ്റ്റർ ബെനികാസിയ മരണപ്പെട്ടു.
നിർണ്ണായകമായത് കള്ളന്റെ മൊഴി
2007 മെയ് 9 നും,18 നും സിബിഐ ഡയറക്ടർ വിജയ ശങ്കരനെ നേരിൽ കണ്ട ജോമോൻ പുത്തൻപുരയ്ക്കൽ പരാതി നൽകി. ഇതോടെ സിബിഐ ഡൽഹി ക്രൈം യൂണിറ്റ് എസ്‌പിയും യു.പി മുഖ്യമന്ത്രിയായിരുന്ന മായാവതിക്കെതിരെയുള്ള താജ് ഇടനാഴികേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആർ .എം.കൃഷ്ണയുടെയും സിബിഐ ഡി.വൈ.എസ്‌പി ആർ.കെ.അഗർവാളിന്റെയും നേതത്വത്തിൽ സ്‌പെഷ്യൽ സംഘം അഭയ കേസിന്റെ അന്വേഷണം നടത്തുവാൻ സിബിഐ ഡയറക്ടർ ഉത്തരവിട്ടു. സിബിഐ സംഘം കോട്ടയത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തി. പ്രതികളെ ബാംഗ്ലൂരിൽ നാർകോ അനാലിസിസ് ടെസ്റ്റ് നടത്തി. നാർകോ അനാലിസിസ് ടെസ്റ്റ് റിസൾട്ട് കോടതിയിൽ ഹാജരാക്കാൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഹർജിയിന്മേൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.പിന്നീട് അഭയ കേസിന്റെ അന്വേഷണം ഡൽഹി യൂണിറ്റിൽ നിന്നും കൊച്ചിൻ യൂണിറ്റിലേക്ക് 2008 സെപ്റ്റംബർ 4 ന് മാറ്റിയതിന് തുടർന്ന് കൊച്ചി യൂണിറ്റ് സിബിഐ ഡി.വൈ.എസ്‌പി നന്ദകുമാർ നായർ 2008 നവംബർ 1 ന് അന്വേഷണം ഏറ്റെടുത്തു.
ഈ അന്വേഷണത്തിലാണ് കാര്യങ്ങൾ മാറിമറിയുന്നത്. പ്രതികളെകുറിച്ചുള്ള ചിത്രം അപ്പോഴേക്കും സിബിഐക്ക് കിട്ടിയിരുന്നെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവം ആയിരുന്നു അറസ്റ്റ് വൈകിച്ചത്. സിനിമയെ വെല്ലുന്ന ടിസ്റ്റായിരുന്നു അഭയ കേസിന് അടയ്ക്കാ രാജുവെന്ന കള്ളന്റെ മൊഴി നൽകിയത്. മോഷണത്തിനായി സംഭവ ദിവസം രാത്രി മഠത്തിൽ കയറിയ താൻ, ഗോവണിയിൽ രണ്ടു പുരുഷന്മാരെ കണ്ടിരുന്നെന്നും അതിലൊന്ന് ഫാ. തോമസ് കോട്ടൂർ ആയിരുന്നു എന്നുമാണ് രാജു മൊഴി നൽകിയത്. അന്ന് മോഷണം നടത്താതെ തിരിച്ചുപോയെന്നും, പിറ്റേന്നു രാവിലെ മഠത്തിനു പുറത്ത് പൊലീസിനെയും ഫയർഫോഴ്സിനെയും കണ്ടപ്പോഴാണ് അഭയയുടെ മരണം അറിഞ്ഞതെന്നും അടയ്ക്കാ രാജു മൊഴി നൽകി.
രാജുവിന്റെ മൊഴിയാണ് ആത്മഹത്യയായി അവസാനിക്കേണ്ടിയിരുന്ന അഭയ കേസിന് പുതിയ മാനം നൽകിയത്. ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും ഭാഗത്തു നിന്ന് സമ്മർദ്ദമുണ്ടായപ്പോഴും രാജു മൊഴി മാറ്റാൻ തയ്യാറായിരുന്നില്ല. ഇതിന്റെ പേരിൽ മാസങ്ങൾ ദിവസങ്ങൾ നീണ്ടുനിന്ന ക്രൂരമർദനം തനിക്ക് ഉണ്ടായെന്നും അഭയയെ കൊന്നത് താൻ ആണെന്ന് സമ്മതിക്കണം എന്നും പൊലീസ് പറഞ്ഞതായാണ് അടയ്ക്കാരാജു പറയുന്നത്. സമ്മതിച്ചാൽ ലക്ഷക്കണക്കിന് രൂപയും ഭാര്യക്ക് ജോലിയുമാണ് വാഗ്ധാനം ചെയ്യപ്പെട്ടത്. പക്ഷേ രാജു വഴങ്ങിയില്ല. ഇതോടൊപ്പം രണ്ടു വൈദികർ മതിൽചാടി പോയതായി കണ്ടു എന്ന വാച്ചറുടെ മൊഴിയും ചേർത്തതോടെ പ്രതികളുടെ അറസ്റ്റിന് കളമൊരുങ്ങി
എല്ലാം സെഫിക്കുവേണ്ടി
അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂർ,ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ ഡി.വൈ.എസ്‌പി നന്ദകുമാർ നായരുടെ നേതൃത്തിലുള്ള സിബിഐ സംഘം 2008 നവംബർ 18 ന് 16 അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ 2009 ജൂലൈ 17 ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി.
പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് അഭയയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കന്യകയാണെന്ന് സ്ഥാപിച്ചെടുത്ത് കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് സെഫി കന്യകാചർമ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടികാട്ടി. ഇതിന് ആവശ്യമായ ശക്തമായ തെളിവുകൾ കോടതിക്ക് മുൻപിൽ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ പ്രധാന വാദം നടത്തിയത്.
പിന്നീട് നാർക്കേ അനാലിസിന്റെ സീഡികൾ മാധ്യമങ്ങളിലൂടെ പുറത്തായപ്പോഴും ജനം ഞെട്ടി. തങ്ങൾ സ്ഥിരമായി സിസ്റ്റർ സെഫിയുമായി ലൈംഗിക ബന്ധം പുലർത്താറുണ്ടായിരുന്നെന്നും, അന്ന് രാത്രി അടുക്കളയിൽ വെള്ളമെടുക്കാൻ വന്ന സിസ്റ്റർ സെഫി ഈ കാഴ്ച കണ്ടുവെന്നും അതിന്റെ ഫലമായി കോടാലികൊണ്ട് അടിച്ചുകൊന്ന് കിണറ്റിൽ ഇട്ടു എന്നുമായിരുന്നു പ്രതികളുടെ മൊഴി. ചെയ്തതെല്ലാം സെഫിക്കുവേണ്ടിയാണ് എന്നാണ് ഫാദർ കോട്ടൂർ അതിൽ പറഞ്ഞിരുന്നത്. പക്ഷേ നാർക്കോ അനാലിസിസ് സീഡി സംപ്രേഷണം പിന്നീട് പ്രതികളുടെ സ്വകാര്യത മാനിച്ച് കോടതി വിലക്കുകയുണ്ടായി.
ഫാദർ പൂതൃക്കയിൽ രക്ഷപ്പെടുന്നു
വിചാരണ കൂടാതെ പ്രതികളെ കുറ്റവിമുക്തരാക്കണമെന്നുള്ള പ്രതികളുടെ ഹർജി സിബിഐ കോടതിയിൽ പരിഗണിക്കുമ്പോൾ, ഓരോ കാരണങ്ങൾ പറഞ്ഞ് വാദം പറയുന്നത് മാറ്റിവപ്പിക്കുന്ന തന്ത്രമാണ് പ്രതികൾ സ്വീകരിച്ചത്. സിബിഐ കോടതിയിൽ കേസ് ഒൻപത് വർഷത്തോളം നീട്ടിക്കൊണ്ടുപോയി. ഒടുവിൽ സിബിഐ കോടതി ഒന്നാം പ്രതി ഫാ.കോട്ടൂരിന്റെയും, രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെയും, സിസ്റ്റർ സെഫിയുടെയും വിടുതൽ ഹർജിയിൽ അന്തിമ വാദം കേട്ട് ഒരുമിച്ചു വിധി പറഞ്ഞു .ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരും, മൂന്നാം പ്രതി സെഫിയും വിചാരണ നേരിടുവാൻ പര്യാപ്തമായ തെളിവുകൾ ഉണ്ടെന്ന് കണ്ടെത്തി. അതേ സമയം രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിടുവാൻ കോടതി ഉത്തരവിട്ടു.
'നൈറ്റ് വാച്ച്മാനായ ചെല്ലമ്മ ദാസ് സിബിഐക്ക് നൽകിയ മൊഴിയിൽ സിസ്റ്റർ അഭയ മരിക്കുന്നതിന് കുറച്ച് ദിവസം മുൻപ് രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ രാത്രി 11 മണിക്ക് ശേഷം പയസ് ടെന്റ് കോൺവെന്റിന്റെ മുൻ വശത്ത് സ്‌കൂട്ടർ വച്ചിട്ട് കോൺവെന്റ മതിൽ ചാടി കിണറ്റിന്റെ ഭാഗത്തേക്ക് പോയിട്ട് പുലർച്ചെ 5 മണിക്ക് തിരിച്ചു വന്നത് കണ്ടെന്നും, വീണ്ടും കുറച്ച് ദിവസം കഴിഞ്ഞു അതെ ആള് തന്നെ വീണ്ടും രാത്രി 11 മണിക്ക് വന്ന് മതിൽ ചാടി കോവെന്റിന്റെ കിണറ്റിന്റെ സൈഡിലേക്ക് പോയത് കണ്ടെന്ന് സിബിഐക്ക് 2008 നവംബർ 27 ന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. ചെല്ലമ്മ ദാസിന്റെ മൊഴിയിൽ തീയതി രേഖപ്പെടുത്താത്തതിന്റെ അനുകൂല്യത്തിലാണ് ഫാ.ജോസ് പൂതൃക്കയിലിനെ സിബിഐ കോടതി വെറുതെ വിട്ടത്. കോട്ടയം പാറം പുഴ കൊശമറ്റം കോളനിയിലുള്ള നൈറ്റ് വാച്ച്മാൻ ചെല്ലമ്മ ദാസ് (64) 2014 ഫെബ്രുവരി 28 ൽ മരിച്ചു പോയതിനാൽ വിചാരണ ഘട്ടത്തിൽ പ്രോസിക്യൂഷന്റെ ദൃക്‌സാക്ഷിയായ പ്രധാന സാക്ഷിയെ സിബിഐ കോടതിയിൽ വിസ്തരിക്കാൻ കഴിയാതെ പോയി.
അതേ സമയം ദൃക്‌സാക്ഷി അടയ്ക്ക രാജു അഭയ മരിച്ച ദിവസം പുലർച്ചെ അഞ്ചു മണിക്ക് രണ്ട് വൈദികരെ കോൺവെന്റിന്റെ ഗോവണിയിൽ കണ്ട് എന്ന കാര്യം സിബിഐക്ക് 2007 ജൂലൈ 11 ന് മൊഴി കൊടുത്തത് സിബിഐ കോടതിയിൽ വിലയിരുത്തുന്നതിൽ പരാജയപെട്ടു. പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ തള്ളുവാൻ ഹൈക്കോടതി കാരണം പറഞ്ഞത് പ്രോസിക്യൂഷനാണ് അപ്പീൽ ഫയൽ ചെയേണ്ടതെന്നും സിബിഐ അപ്പീൽ ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടില്ലെന്നുമാണ്്. അതേ സമയം ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടതിനെതിരെ സിബിഐ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളുവാൻ കാരണം പറയുന്നത് ജോമോൻ നൽകിയ ഹർജി തള്ളിയത് കാരണം സിബിഐയുടെ ഹർജിയും തള്ളുകയാണ് എന്നാണ്. ഈ ഹൈക്കോടതി സുപ്രീം കോടതിൽ അപ്പീൽ നൽകുമെന്ന് സിബിഐ കോടതിയിൽ പ്രോസിക്യൂട്ടർ ഡിസംബർ 10 ന് അറിയിച്ചിരുന്നു.
പ്രതികൾ സുപ്രീം കോടതിയിൽ നൽകിയ സ്പെഷ്യൽ ലീവ് പെറ്റീഷനിൽ ഒന്നാം പ്രതി തോമസ് കോട്ടൂരിന് വേണ്ടി ഹാജരായത് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകരായ മുഖൽ റോത്തിക്കിയും, സിസ്റ്റർ സെഫിക്ക് വേണ്ടി അഭിഷേക് മനുസിംഘ്വിയും ആയിരുന്നു. 2019 ജൂലൈ 15 ന് പ്രതികളുടെ ഹർജി സുപ്രീം കോടതിയിൽ ജസ്റ്റിസ് അബ്ദുൾ നാസ്സർ അധ്യക്ഷനായ ബെഞ്ച് ഫയലിൽ പോലും സ്വീകരിക്കാതെ അപ്പോൾ തന്നെ തള്ളി. ഇതോടെ ഒന്നാം പ്രതി തോമസ് കോട്ടൂരിനും,മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും ചാർജ് ഫ്രെയിം ചെയ്ത് കുറ്റം തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്ജി കെ.സനൽ കുമാർ 2019 ഓഗസ്റ്റ് 5 ന് പ്രതികളെ വായിച്ചു കേൾപ്പിച്ചു.2019 ഓഗസ്റ്റ് 26 മുതൽ സിബിഐ കോടതയിൽ അഭയ കേസിന്റെ വിചാരണ ആരംഭിച്ചു.
സാക്ഷികൾ ഒന്നൊന്നായി കൂറുമാറുന്നു
കഴിഞ്ഞ ഒക്ടോബർ 20 മുതൽ അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയിൽ പുനരാരംഭിച്ചത്.സിബിഐയുടെ കുറ്റപത്രത്തിൽ 133 പ്രോസിക്യൂഷൻ സാക്ഷികളാണ് ആകെയുള്ളത്.28 വർഷം കാലപ്പഴക്കംചെന്ന കേസ് ആയതിനാൽ പല സാക്ഷികളും മരിച്ചു പോയതുകൊണ്ട് പ്രോസിക്യൂഷന് 49 സാക്ഷികളെ കോടതിയിൽ വിസ്തരിക്കാൻ കഴിഞ്ഞുള്ളു.പ്രതിഭാഗത്തിന് ഒരു സാക്ഷിയെ പോലും വിസ്തരിക്കുവാൻ കഴിഞ്ഞില്ല.ഡിസംബർ 10 ന് പ്രോസിക്യൂഷൻ വാദവും,പ്രതിഭാഗ വാദവും പൂർത്തിയാക്കുമ്പോൾ അഭയ കൊല്ലപ്പെട്ടിട്ട് 28 വർഷവും 9 മാസവും തികയുകയാണ്.
മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നു എന്ന് പ്രോസിക്യൂഷൻ തെളിയിച്ചിരുന്നു. പ്രതി സിസ്റ്റർ സെഫിയെ സിബിഐ അറസ്റ്റ് ചെയ്തതിന് ശേഷം വൈദ്യപരിശോധനയ്ക്ക് 2008 നവംബർ 25 ന് വിധേയയാക്കിയപ്പോൾ സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിച്ച് എടുക്കാൻ വേണ്ടി കന്യകാചർമ്മം കൃതിമമായി വച്ചു പിടിപ്പിക്കുവാനായി ഹൈമനോപ്ളാസ്റ്റിക് സർജറി നടത്തിത് വൈദ്യപരിശോധനയിൽ കണ്ടെത്തുവാൻ കഴിഞ്ഞുയെന്ന് ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിലെ പൊലീസ് സർജനും പ്രോസിക്യൂഷൻ 29-ാം സാക്ഷിയുമായ ഡോ.രമയും,ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പളും പ്രോസിക്യൂഷൻ 19-ാം സാക്ഷിയുമായ ഡോ.ലളിതാംബിക കരുണാകരനും സിബിഐ കോടതിയിൽ മൊഴി നൽകിയത് അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ കോടതിൽ ചൂണ്ടികാട്ടി.
നിരവധി പ്രതികൾ കേസിൽ കൂറുമാറി. കേസിലെ ഇരുപത്തിമൂന്നാം സാക്ഷിയായ അച്ചാമ്മയാണ് വിചാരണയ്ക്കിടെ അവസാനമായി കൂറുമാറിയത്. കേസിലെ ഇരുപത്തിയൊന്നാം സാക്ഷി നിഷാ റാണി, നാലാം സാക്ഷി സഞ്ജു പി മാത്യു, അൻപതാം സാക്ഷി സിസ്റ്റർ അനുപമ എന്നിവർ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. അഭയ കൊല്ലപ്പെടുമ്പോൾ കോട്ടയം പയസ് ടെത്ത് കോൺവെന്റിലെ ജീവനക്കാരിയായിരുന്നു അച്ചാമ്മ. അഭയ കൊല്ലപ്പെട്ട ദിവസം രാവിലെ അടുക്കളയിലെ അസ്വാഭാവികമായ ചിലത് കണ്ടുവെന്നായിരുന്നു അച്ചാമ്മ സിബിഐക്ക് നൽകിയ മൊഴി. പക്ഷെ അസ്വാഭാവിമായ താൻ ഒന്നും കണ്ടില്ലെന്ന് അച്ചാമ്മ കഴിഞ്ഞ ദിവസം കോടതിയിൽ മൊഴി തിരുത്തി. അച്ചാമ്മയെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ അച്ചാമ്മയെ സുപ്രീംകോടതിയെ സമീപിച്ചാണ് സിബിഐ നീക്കം തടഞ്ഞത്.
എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന സിസ്റ്റർ സെഫി, അഭയ കൊല്ലപ്പെട്ട ദിവസം ദേഷ്യത്തിലായിരുന്നെന്നും അസ്വാഭാവികമായി പെരുമാറിയെന്നുമുള്ള മൊഴിയാണ് നിഷ റാണി തിരുത്തിയിരുന്നത്. പ്രത്യേകിച്ചൊരു സ്വഭാവമാറ്റവും രണ്ടാം പ്രതിയായ സിസ്റ്റർ സെഫിക്കുണ്ടായിരുന്നില്ലെന്നാണ് വിചാരണയ്ക്കിടെ നിഷ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ പറഞ്ഞിരുന്നു.
ഓഗസ്റ്റ് 27ന് നടന്ന വിചാരണക്കിടെയാണ് സിസ്റ്റർ അനുപമ കൂറുമാറിയത്. കൊലപാതകം നടന്ന ദിവസം കോൺവെന്റിലെ അടുക്കളയിൽ ശിരോവസ്ത്രവും ചെരിപ്പും കണ്ടെന്ന് സിബിഐയ്ക്ക് നൽകിയ മൊഴിയാണ് സാക്ഷി വിസ്താരത്തിനിടെ സിസ്റ്റർ അനുപമ കോടതിയിൽ മാറ്റി പറഞ്ഞത്. പഠിച്ചു കൊണ്ടിരുന്നപ്പോൾ കിണറ്റിനുള്ളിൽ എന്തോ വീഴുന്ന ശബ്ദം കേട്ടിരുന്നുവെന്ന മൊഴിയും സിസ്റ്റർ തിരുത്തി. പ്രോസിക്യൂഷൻ പട്ടികയിൽ 50 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്ന്, രണ്ട് സാക്ഷികൾ മരിച്ചതിനെ തുടർന്ന് സിസ്റ്റർ അനുപമയെ ഒന്നാമതായി വിസ്തരിക്കുകയായിരുന്നു. കേസിലെ പ്രതിയായ വൈദികന്റെ വാഹനം അഭയകൊല്ലപ്പെട്ട ദിവസം രാത്രിയിൽ മഠത്തിന്റെ മതിലിന് സമീപം കണ്ടുവെന്ന മൊഴിയാണ് സഞ്ജു പി മാത്യു തിരുത്തിയത്. അഭയ മരിക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ, ചെരിപ്പ്. ശിരോവസ്ത്രം തുടങ്ങിയവ അടങ്ങുന്ന തൊണ്ടിമുതലുകൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നശിപ്പിച്ചതിനാൽ കേസിൽ തൊണ്ടിമുതലുകൾ ഇല്ലായിരുന്നു.
സിസ്റ്റർ സെഫിയുമായി ബന്ധമുണ്ടായിരുന്നെന്ന് ഫാ. തോമസ് കോട്ടൂർ തന്നോട് സമ്മതിച്ചിരുന്നതായി കോടതിയിൽ പറഞ്ഞ കളർകോട് വേണുഗോപാലും അവസാന നിമിഷം വരെ മൊഴി മാറ്റിയില്ല. സഭയുടെ മാനം കാക്കാൻ പൊതുപ്രവർത്തകനെന്ന നിലയിൽ കോടതിയെ സമീപിക്കണമെന്നാവശ്യപ്പെട്ട് തന്നെ കോട്ടയം ബിഷപ്പ് ഹൗസിലേക്ക് വിളിച്ചുവരുത്തിയെന്നും പണം വാഗ്ദാനം ചെയ്‌തെന്നും ഇദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ഇതും കേസിൽ നിർണ്ണായകമായി.
ഫോട്ടോകളും അപ്രത്യക്ഷമായി
കേസിലെ ഏഴാം സാക്ഷിയും ഫോട്ടോഗ്രാഫറുമായ വർഗീസ് ചാക്കോയ്ക്കും പറയാനുണ്ടായിരുന്നത് കേസ് അട്ടിമറിയുടെ കഥകൾ ആണ്. അഭയയുടെ കഴുത്തിൽ നഖം കൊണ്ടു മുറിഞ്ഞ പാടുകൾ ഉണ്ടായിരുന്നെന്നാണ് ചാക്കോ പറഞ്ഞത്.അഭയ കേസിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ഫോട്ടോ എടുത്തത് വർഗീസ് ചാക്കോയാണ്.താൻ ആകെ എടുത്തത് പത്ത് ഫോട്ടോകളാണെന്നും എന്നാൽ അതിൽ നാല് ഫോട്ടോകൾ നശിപ്പിക്കപ്പെട്ടെന്നും ചാക്കോ പറയുന്നു.
മൃതദേഹത്തിന്റെ നാല് ക്ലോസ് അപ്പ് ഫോട്ടോകളെടുക്കുമ്പോൾ സിസ്റ്റർ അഭയയുടെ കഴുത്തിൽ നഖം കൊണ്ട് മുറിഞ്ഞ പാടുകളുണ്ടായിരുന്നു. അന്ന് പത്ത് ഫോട്ടോകളെടുത്തു. അതിൽ ആറെണ്ണം മാത്രമാണ് സിബിഐ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്,' വർഗീസ് ചാക്കോ പറഞ്ഞു.എടുത്ത ഫോട്ടോകളിൽ നാലെണ്ണം ആദ്യം കേസന്വേഷിച്ച ഉദ്യോഗസ്ഥരാണ് നശിപ്പിച്ചിതെന്നും വർഗീസ് ചാക്കോ പറയുന്നു.
'സാക്ഷിമൊഴി പറയുമ്പോഴും എന്നെ ഫോട്ടോകൾ കാണിച്ചിരുന്നു. ഞാനെടുത്ത നാലു ഫോട്ടോകൾ അതിൽ ഉണ്ടായിരുന്നില്ല. അഭയയുടെ മൃതദേഹം വസ്ത്രങ്ങളെല്ലാം മാറ്റി ഒരു പുൽപായയിൽ ഒരു ബെഡ്ഷീറ്റുകൊണ്ട് മൂടിയിരിക്കുകയായിരുന്നു. ഫോട്ടോഗ്രാഫർ വരാതെ വേഷം മാറ്റാൻ നിയമമില്ല. തലയുടെ പിറകിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു. അത് പൊലീസുകാർ ഫോട്ടോ എടുപ്പിച്ചില്ല. മൃതദേഹത്തിന്റെ മുൻഭാഗം മാത്രമേ എടുത്തിട്ടുള്ളു,' വർഗീസ് ചാക്കോ പറയുന്നു.
അഭയ കേസിൽ മൂന്നാം സാക്ഷി അടയ്ക്കാ രാജുവും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. അഭയയെ കൊന്നത് താനാണെന്ന് വരുത്തി തീർക്കാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചെന്നും ക്രൂരമായ മർദ്ദനത്തിന് വിധേയമാക്കിയെന്നും അടയ്ക്കാ രാജു പറഞ്ഞിരുന്നു. ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി സാക്ഷികളെ കറുമാറ്റിയിട്ടും കോടികൾ ഒഴുക്കിയിട്ടും ഒടുവിൽ പ്രതികൾ ഇരുമ്പഴിയിലേക്ക് നീങ്ങുകയാണ്. കാലത്തിന്റെ കാവ്യനീതി എന്നല്ലാതെ ഒന്നും പറയാൻ കഴിയില്ല.
വാൽക്കഷ്ണം: സിസ്റ്റർ അഭയയെ വിശുദ്ധയായ പ്രഖ്യാപിക്കണം എന്ന് പറഞ്ഞത് അന്തരിച്ച മുൻ മന്ത്രിയും സിപിഎം നേതാവുമായിവുന്ന ലോനപ്പൻ നമ്പാടൻ ആയിരുന്നു. പരിണാമ സിദ്ധാന്തത്തെക്കുറിച്ച് അടക്കം തങ്ങൾ എടുത്ത മുൻ നിലപാടുകൾക്കും, ശാസ്ത്രജ്ഞരെയും മറ്റും പീഡിപ്പിച്ചതിനുമൊക്കെ മാർപ്പാപ്പയടക്കമുള്ളവർ മാപ്പു ചോദിക്കുന്ന കാലമാണ്. സഭക്കും ഇനി ചെയ്യാനുള്ളത് അനുതന്നെയാണ്. മാപ്പുചോദിക്കുക, അങ്ങനെ സിസ്റ്റർ അഭയയെ മനസ്സിലെങ്കിലും വിശുദ്ധയായി പ്രഖ്യാപിക്കുക.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ