കൊച്ചി: വാഹനാപകട കേസുകളിൽ നഷ്ടപരിഹാരവ്യവസ്ഥ നിലവിൽവരും മുമ്പുള്ള സംഭവങ്ങളിലും ഇരയ്ക്ക് ആനുകൂല്യം നൽകാമെന്ന ഹൈക്കോടതിയുടെ ഉത്തരവ് ആശ്വാസമാകുക നിരവധി പേർക്ക്. വാഹനാപകടങ്ങളിൽ പ്രതിയെ കണ്ടെത്താനാവാത്തതിനാൽ വിചാരണ നടക്കാത്ത കേസിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ഇടിച്ചിട്ട് പോയ വാഹനത്തേയും ആളിനേയും കണ്ടെത്താൻ കഴിയാത്തതു കൊണ്ട് പലർക്കും നഷ്ടപരിഹാരം ലഭിക്കുന്നില്ല. പുതിയ വിധിയോടെ ഇതിന് മാറ്റമുണ്ടാകും.

ഇരയ്ക്കുള്ള നഷ്ടപരിഹാര പദ്ധതിപ്രകാരം ക്രിമിനൽ നടപടിക്രമത്തിലെ 357-എ(4) വ്യവസ്ഥ നടപ്പാക്കുന്നതിൽ ഇരയ്ക്ക് അനുകൂലമായ വ്യാഖ്യാനം നൽകിക്കൊണ്ടാണ് വിധി. 2008 മാർച്ചിൽ ബൈക്കപകടത്തിൽ മരിച്ച ശിവദാസ് എന്നയാളുടെ കുടുംബത്തിന് ആലപ്പുഴ ജില്ലാ നിയമസേവന അഥോറിറ്റി 3.03 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. ഇരകൾക്ക് നഷ്ടപരിഹാരത്തിനുള്ള വ്യവസ്ഥ നിലവിൽവന്ന 2009 ഡിസംബർ 31-ന് മുമ്പുനടന്ന അപകടക്കേസിലും നഷ്ടപരിഹാരം നൽകുന്നതു ചോദ്യംചെയ്ത് ആലപ്പുഴ കളക്ടർ നൽകിയ ഹർജി കോടതി തള്ളി.

357എ(4) പ്രകാരമുള്ള ആനുകൂല്യത്തിന് മുൻകാല പ്രാബല്യമുള്ളതായി വ്യാഖ്യാനിച്ചാൽ സർക്കാരിന് വൻസാമ്പത്തിക ബാധ്യതവരും. എന്നാൽ, ഇരയ്ക്ക് സർക്കാർ ആശ്വാസമേകുക എന്നത് ജീവിക്കാനുള്ള അവകാശം വ്യവസ്ഥചെയ്യുന്ന ഭരണഘടയുടെ 21-ാം അനുച്ഛേദത്തിലെ ഇരയ്ക്കുള്ള നഷ്ടപരിഹാരത്തിൽ ഉൾച്ചേർന്നിട്ടുണ്ടെന്ന് ശിവദാസിന്റെ കുടുംബത്തിനുവേണ്ടി കോടതി നിയോഗിച്ച അഭിഭാഷക വാദിച്ചു. ഇതാണ് ഹൈക്കോടതി അംഗീകരിച്ചത്. ഏറെ സാമൂഹിക പ്രസക്തിയുള്ളതാണ് ഈ വിധിയും.

ഇരയ്ക്ക് നഷ്ടപരിഹാരത്തിന് 357എ(4) വ്യവസ്ഥ കൊണ്ടുവന്നത് മാനുഷികപരിഗണനവെച്ചും സമൂഹമനസ്സാക്ഷിയെ മുൻനിർത്തി സർക്കാരിന്റെ ചുമതലയെന്ന നിലയിലുമാണ്. വ്യവസ്ഥയ്ക്ക് മുൻകാലപ്രാബല്യമുണ്ടോ ഇല്ലയോ എന്ന് അതിൽ പറയുന്നില്ല. അതുകൊണ്ടു തന്നെ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. പ്രതി പിടിയിലായാലും ഇല്ലെങ്കിലും ഇരയ്ക്ക് ആശ്വാസമേകണം എന്ന രീതിയിൽ വീക്ഷണത്തിൽ മാറ്റംവന്നത് ഇരയ്ക്കുള്ള ഈ നഷ്ടപരിഹാരപദ്ധതി നിലവിൽവന്നതോടെയാണ്. ഇതിനാണ് ഈ വിധിയോടെ മുൻകാല പ്രാബല്യം വരുന്നത്.

357എ(4)ന് വ്യാഖ്യാനം നൽകുമ്പോൾ, പ്രതിയെ തിരിച്ചറിയാത്തതിനാൽ വിചാരണപോലും നടക്കാത്ത കേസിലെ ഇരകളുടെ വേദന കാണാതിരിക്കാനാവില്ല. നിയമതത്വം ലംഘിക്കാതെതന്നെ ഇരയ്ക്ക് ഗുണകരമായ വ്യാഖ്യാനമാണിതിൽ ആവശ്യമെന്നും കോടതി നിരീക്ഷിച്ചു. ഇതോടെയാണ് സർക്കാരിന്റെ വാദങ്ങൾ പൊളിഞ്ഞത്. നിയമവ്യവസ്ഥ നിലവിൽ വരുംമുമ്പുള്ള സംഭവത്തിൽ നഷ്ടപരിഹാരത്തിന് ഇര അപേക്ഷിച്ചാൽ അതനുവദിക്കാം എന്ന വ്യാഖ്യാനമാവാം.

എന്നാൽ ഈ വ്യാഖ്യാനത്തിലൂടെ 357എ(4) എന്ന ചട്ടവ്യവസ്ഥയ്ക്ക് മുൻകാലപ്രാബല്യം ലഭിക്കുന്നില്ല. വ്യവസ്ഥ നിലവിൽവരുംമുമ്പുള്ള സംഭവങ്ങളിലും ഇരയ്ക്ക് നഷ്ടപരിഹാരം വിധിക്കാമെന്നേ വരുന്നുള്ളൂ. എന്നാലും നിരവധി പേർക്ക് ഈ കോടതി വിധിയുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ അവസരമൊരുക്കുന്നതാണ് പുതിയ നിരീക്ഷണം.

ക്രിമിനൽ നടപടിക്രമത്തിലെ 357-എ(4) എന്നത് കുറ്റകൃത്യംമൂലം നഷ്ടമോ പരിക്കോ അനുഭവിക്കുന്നവർക്ക് സർക്കാർ ആശ്വാസം നൽകുന്ന 'ഇരയ്ക്കുള്ള നഷ്ടപരിഹാരപദ്ധതി'യുടെ ഭാഗമാണ്. 2009 ഡിസംബർ 31-നാണ് ചട്ടവ്യവസ്ഥ നിലവിൽവന്നത്. കുറ്റക്കാരനെ കണ്ടെത്താനോ തിരിച്ചറിയാനോ സാധിക്കാതെ വിചാരണ നടക്കാത്ത കേസിൽ സർക്കാരിൽനിന്ന് നഷ്ടപരിഹാരത്തിന് ഇരയ്ക്ക് അല്ലെങ്കിൽ ആശ്രിതർക്ക് ജില്ലാ നിയമസേവന അഥോറിറ്റിയിൽ അപേക്ഷ നൽകാമെന്നാണ് 357എ(4) പറയുന്നത്. ഇതിനാണ് മുൻകാല പ്രാബല്യം ആകാമെന്ന തരത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണമെത്തുന്നത്.