പത്തനംതിട്ട: ബാർ ഉടമയുടെ മകന്റെ വിവാഹ നിശ്ചയത്തോട് അനുബന്ധിച്ചുള്ള സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ ബാർ ഉടമകൾ സഞ്ചരിച്ചിരുന്ന കാർ ബൈക്ക് യാത്രികരായ യുവാക്കളെ ഇടിച്ചു തെറിപ്പിച്ചു. ഒരാളുടെ പരുക്ക് ഗുരുതരം. മദ്യപിച്ച് ലക്കുകെട്ട നിലയിൽ ബഹളം തുടർന്ന ബാർ ഉടമകൾക്കെതിരേ കേസെടുക്കാതിരിക്കാൻ പൊലീസിന്മേൽ സമ്മർദം. ഇന്ന് രാത്രി ഏഴരയോടെ കുമ്പഴ പത്തനംതിട്ട റോഡിൽ കണ്ണങ്കരയിലായിരുന്നു സംഭവം. പത്തനംതിട്ടയിലെ ബാർ ഉടമയുടെ മകന്റെ വിവാഹ നിശ്ചയത്തോട് അനുബന്ധിച്ച സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കോഴഞ്ചേരി സിയോൺ ബാർ ഉടമ ജോർജ് തോമസ്, പത്തനംതിട്ടയിലും തിരുവല്ലയിലുമുള്ള ചില ബാറുകളുടെ പാർട്ണർ ആയ മോഹൻ എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടമുണ്ടാക്കിയത്.

ജോർജ് തോമസ് ആയിരുന്നു വാഹനമോടിച്ചിരുന്നത്. ഇയാൾ മദ്യലഹരിയിൽ നേരെ നിൽക്കാൻ പോലും ബുദ്ധിമുട്ടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പരുക്കേറ്റ ബൈക്ക് യാത്രികരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപകടമുണ്ടാക്കിയ കാറിൽ സഞ്ചരിച്ചിരുന്നവരെ പൊലീസ് വന്ന് സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ പൊലീസിന് മേൽ സമ്മർദവും തുടങ്ങി.

തെരഞ്ഞെടുപ്പ് സമയമായതിനാൽ ബാർ ഉടമകളിൽ നിന്ന് വൻ തുക ഫണ്ട് കൈപ്പറ്റിയ ചില പാർട്ടികളുടെ നേതാക്കളാണ് പൊലീസിൽ ഇടപെട്ടത്. ഇതോടെ ആദ്യം പൊലീസ് കേസെടുക്കാൻ മടിച്ചു. സ്റ്റേഷനിലും ബഹളം തുടർന്നതോടെ ഇവരെ വൈദ്യപരിശോധനയ്ക്ക് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെയും ഇവർ ബഹളം കൂട്ടി. വൈദ്യപരിശോധനയിൽ ഇരുവരും മദ്യപിച്ചിരുന്നതായി തെളിഞ്ഞു. ഇവർക്കെതിരേ കേസെടുക്കുമെന്നായപ്പോൾ നിസാര വകുപ്പിടാൻ സമ്മർദമേറി. ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് നിസാര വകുപ്പിടാനുള്ള ശ്രമം നടന്നു വരികയാണ്. ഇതിനിടെ അപകടത്തിൽ പരുക്കേറ്റ യുവാക്കളെ സ്വാധീനിച്ച് പരാതി ഇല്ലാതാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.