പത്തനംതിട്ട: അമിതഭാരം കയറ്റി വന്ന മിനിലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോയിൽ ഒപ്പമുണ്ടായിരുന്നയാൾക്കും ലോറിയുടെ ക്ലീനർക്കും പരുക്കേറ്റു. ഓട്ടോഡ്രൈവർ ഉതിമൂട് മാമ്പാറ വീട്ടിൽ ഷൈജു (40) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉതിമൂട് കോഴിക്കോട്ട് വീട്ടിൽ രാജേഷ് (40), മറിഞ്ഞ തടിലോറിയിലുണ്ടായിരുന്ന കുമ്പഴ തറയിൽ ജയൻ (35) എന്നിവർക്കാണ് പരുക്ക്.

മൈലപ്ര-മേക്കോഴൂർ റോഡിൽ പുതുവേലിപ്പടിയിൽ ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. മൈലപ്രയിൽ നിന്ന് മേക്കോഴൂരിലേക്ക് വരികയായിരുന്ന ഓട്ടോയുടെ മുകളിലേക്ക് പുതുവേലിപ്പടിയിൽ വച്ച് സമീപത്തെ റോഡിൽ നിന്നും തടിയുമായി ഇറങ്ങി വന്ന മിനിലോറി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. സമീപത്തെ മതിലിനും ലോറിക്കും ഇടയിൽ ഓട്ടോറിക്ഷ ഞെരിഞ്ഞമർന്നു. നാട്ടുകാരും വിവരമറിഞ്ഞ് ഫയർ ഫോഴ്സും പൊലീസും ഉടൻ സ്ഥലത്ത് വന്നെങ്കിലും കനത്ത മഴയും വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിന് തടസമായി. രണ്ടു ക്രെയിനുകൾ കൊണ്ടു വന്ന് നോക്കിയിട്ടും തടിലോറി ഉയർത്താൻ കഴിഞ്ഞില്ല. ഒടുവിൽ തടി മാറ്റിയാണ് കുടുങ്ങി കിടന്നവരെ പുറത്തെടുത്തത്.

രണ്ടു ക്രെയിൻ ഉപയോഗിച്ച് ശ്രമിച്ചിട്ടും ലോറി പൊങ്ങാതിരുന്നതാണ് അമിതഭാരം സംശയിക്കാൻ കാരണമായത്. തടികൾക്കിടയിൽ ചതഞ്ഞാണ് ഷൈജു മരിച്ചത്. രണ്ടു മണിക്കൂർ തുടർച്ചയായി ശ്രമിച്ചതിന്റെ ഫലമായി രാത്രി എട്ടരയോടെയാണ് ഓട്ടോയിലും ലോറിയിലുമായി കുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും ഷൈജു മരിച്ചു. പരുക്കേറ്റവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഓട്ടോറിക്ഷ കണ്ട് ബ്രേക്ക് ചെയ്തപ്പോൾ കനത്ത മഴയിൽ ലോറിയുടെ ടയർ തെന്നി ഒരു വശത്തേക്ക് ചരിയുകയായിരുന്നു.