- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുടർ ഭരണത്തിന് എന്തു വിട്ടു വീഴ്ചയ്ക്കും സിപിഎം തയ്യാർ; ത്രിശങ്കുവിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഏതു രീതിയിലും ഭരണം പിടിക്കും; ആവശ്യമുള്ളിടത്ത് അധ്യക്ഷ സ്ഥാനം ഘടക കക്ഷികൾക്കോ സ്വതന്ത്രനോ നൽകും; അടൂർ നഗരസഭയിൽ ആദ്യ ടേം സിപിഐക്ക് നൽകി സിപിഎം: ഡി സജി ചെയർമാനാകും
പത്തനംതിട്ട: സംസ്ഥാനത്ത് തുടർഭരണം ലക്ഷ്യമിട്ട് സിപിഎം ഒരുക്കം തുടങ്ങി. പരമാവധി തദ്ദേശസ്ഥാപനങ്ങളിൽ അധ്യക്ഷ പദവി ഉറപ്പിക്കുകയാണ് ആദ്യ ലക്ഷ്യം. ഇതിനായി എന്തു വിട്ടുവീഴ്ചയ്ക്കും നേതൃത്വം തയാറാണ്. ഘടക കക്ഷികൾക്കും സ്വതന്ത്രർക്കും വരെ അധ്യക്ഷ സ്ഥാനം നൽകി ഭരണം പിടിക്കാനാണ് നീക്കം.
തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പരമാവധി തദ്ദേശ സ്ഥാപനങ്ങളിൽ ഇടതു മുന്നണിയുടേയോ മുന്നണി നേതൃത്വം നൽകുന്നതോ ആയ അധ്യക്ഷൻ വേണം. സിറ്റിങ് മണ്ഡലങ്ങൾ കൈവിട്ടു പോകാതിരിക്കാനും പുതിയത് പിടിച്ചെടുക്കാനുമാണ് ശ്രമം. പത്തനംതിട്ടയിൽ ഈ തരത്തിൽ രണ്ടു നഗരസഭകളിൽ ഭരണം നേടാനാണ് എൽഡിഎഫിന്റെ ശ്രമം. ഇതിന്റെ ഭാഗമായി അടൂർ നഗരസഭയിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഡി സജിയെ ആദ്യ ടേമിൽ ചെയർമാൻ ആക്കും. രണ്ടു വർഷമാകും കാലാവധി. ശേഷിച്ച മൂന്നു വർഷം സിപിഎം ചെയർമാൻ സ്ഥാനം ഏറ്റെടുക്കും.
ജില്ലാ എൽഡിഎഫ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. 28 ൽ 14 സീറ്റ് നേടിയ എൽഡിഎഫിൽ സിപിഎമ്മിന് ഏഴും സിപിഐയ്ക്ക് ആറും കേരളാ കോൺഗ്രസ് എമ്മിന് ഒന്നും അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണ നഗരസഭാ ഭരണത്തിൽ രണ്ടാമത്തെ ടേമിലാണ് സിപിഐയ്ക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചത്. ആറാം വാർഡിൽ നിന്ന് 241 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സജി വിജയിച്ചു കയറിയത്. സിപിഎമ്മിന്റെ ചെയർമാൻ സ്ഥാനാർത്ഥികൾ രണ്ടു പേർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഒന്നിലധികം പേർ ചെയർമാൻ സ്ഥാനത്തേക്ക് അവകാശവാദവുമായി വരുന്നതിനിടെയാണ് സിപിഐക്ക് ആദ്യ ടേം നൽകിയിരിക്കുന്നത്. സിപിഎമ്മിലെ ദിവ്യ റെജി മുഹമ്മദ് വൈസ് ചെയർപേഴ്സൺ ആകുമെന്നാണ് അറിയുന്നത്.
അടൂർ നിയോജകമണ്ഡലത്തിൽ സിപിഐയിലെ ചിറ്റയം ഗോപകുമാറാണ് എംഎൽഎ. വരുന്ന തെരഞ്ഞെടുപ്പിലും ചിറ്റയം തന്നെയാകും സ്ഥാനാർത്ഥി. സിപിഐയുടെ സ്ഥാനാർത്ഥി മത്സരിക്കുമ്പോൾ ആ പാർട്ടിയിൽ നിന്നുള്ളയാൾ നഗരസഭാ ചെയർമാനായിരിക്കുന്നത് ഗുണം ചെയ്യുമെന്ന് സിപിഎം കരുതുന്നു. മണ്ഡലത്തിൽ രണ്ടു നഗരസഭകളാണുള്ളത്. അതിൽ പന്തളം എൻഡിഎ കൈവശപ്പെടുത്തി കഴിഞ്ഞു. ഭരണ കക്ഷി എന്ന നിലയിൽ നഗരസഭയിൽ വരുന്ന തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ എൻഡിഎയ്ക്ക് കഴിയും.
പത്തനംതിട്ട നഗരസഭയിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിക്ക് സ്വതന്ത്രരെ കൂട്ടുപിടിച്ച് ഭരിക്കാനുള്ള നീക്കം സിപിഎം നടത്തുകയാണ്. ആറന്മുള എംഎൽഎ വീണാ ജോർജിന്റെ പ്രസ്റ്റീജ് പദ്ധതിയായ ജില്ലാ സ്റ്റേഡിയം നവീകരണമാണ് നഗരസഭാ ഭരണം പിടിക്കണമെന്ന വാശിയിൽ എത്തിച്ചിരിക്കുന്നത്. മുമ്പുണ്ടായിരുന്ന യുഡിഎഫ് കൗൺസിൽ എംഎൽഎയുടെ നവീകരണ പദ്ധതിക്ക് അനുവാദം നൽകിയിരുന്നില്ല.
എംപിയുടെ ഇൻഡോർ സ്റ്റേഡിയത്തിന് അനുവാദം കൊടുക്കുകയും ചെയ്തു. ഇക്കുറി എങ്ങനെയും ഭരണം പിടിക്കാനുള്ള തത്രപ്പാടിലാണ് എൽഡിഎഫ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്