- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിരായി വാർത്തകൾ എഴുതുന്ന മാധ്യമപ്രവർത്തകരെ അടൂർ എംഎൽഎയ്ക്ക് ഇത്ര പേടിയോ? സിപിഐയുടെയും പോഷക സംഘടനാ നേതാക്കളുടെയും മാസ് റിപ്പോർട്ടിങിൽ മൂന്നു മാധ്യമപ്രവർത്തകരുടെ ഫേസ് ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു; ചിറ്റയം ഗോപകുമാറിന്റെ വികസന വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നത് തുടരുമെന്ന് മാധ്യമപ്രവർത്തകർ
അടൂർ: എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറും അദ്ദേഹത്തിന്റെ പാർട്ടിയായ സിപിഐയും മാധ്യമവാർത്തകളെ ഭയക്കുന്നുവോ? എംഎൽഎയുടെ വികസന വിഴ്ചകളും അടൂർ മണ്ഡലത്തിന്റെ ശോച്യാവസ്ഥയും ചൂണ്ടിക്കാട്ടി വാർത്ത എഴുതുന്ന മൂന്ന് മാധ്യമപ്രവർത്തകരുടെ ഫേസ്‌ബുക്ക് അക്കൗണ്ട് മാസ് റിപ്പോർട്ടിങ്ങിലൂടെ മരവിപ്പിച്ചിരിക്കുകയാണ് എംഎൽഎയുടെ പാർട്ടിക്കാർ.
മംഗളം ലേഖകൻ ജെ. സനിൽ, കേരള കൗമുദിയിലെ ജയൻ ബി. തെങ്ങമം, ജന്മഭൂമിയിലെ രൂപേഷ് അടൂർ എന്നിവരുടെ ഫേസ് ബുക്ക് പ്രൊഫൈലുകളാണ് മാസ് റിപ്പോർട്ടിങിലൂടെ മരവിപ്പിച്ചിരിക്കുന്നത്. ഇവർ മൂന്നു പേരും കഴിഞ്ഞ രണ്ടു മാസത്തോളമായി മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി വരികയായിരുന്നു.
പത്രത്തിൽ വരുന്ന വാർത്തകളുടെ കട്ടിങ് ഫേസ്‌ബുക്കിലും വാട്സാപ്പിലും തങ്ങളുടെ അക്കൗണ്ടിലുടെ മൂന്നു പേരും ഷെയർ ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങൾ വഴി വാർത്തകൾ വൈറൽ ആയതോടെ അടൂരിന്റെ പരാധീനതകൾ നാട്ടുകാർ അറിഞ്ഞു. സ്വന്തം മുന്നണിയിലും പാർട്ടിയിലുമുള്ളവർ പോലും ഈ വാർത്തകൾ പരസ്യമായി ഷെയർ ചെയ്തത് ചിറ്റയത്തിന് തിരിച്ചടിയായി.
അടൂർ നഗരത്തിലെ ഇരട്ടപ്പാലം നിർമ്മാണം, ജനറൽ ആശുപത്രിയുടെ ശോച്യാവസ്ഥ, കൂടൽ-ആനയടി റോഡ് നിർമ്മാണം, അടൂർ നഗരസഭാ സ്റ്റേഡിയം, കെഎസ്ആർടിസി സർവീസുകൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വീഴ്ചകൾ വാർത്തകളിലൂടെ നിരന്തരം പുറത്തു വരികയാണ്. ഈ സാഹചര്യത്തിലാണ് വാർത്തൾ ജനങ്ങളിലെത്തുന്നത് തടയാൻ വേണ്ടി സാമൂഹിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുനിഞ്ഞിരിക്കുന്നത്.
മൂന്നു ദിവസമായി ഫേസ്‌ബുക്ക് പേജിൽ കയറാൻ കഴിയാതെ വന്നപ്പോൾ മാധ്യമ പ്രവർത്തകർ നടത്തിയ പരിശോധനയിലാണ് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് മനസിലായത്. വാർത്ത എഴുതുന്നതിന്റെ പേരിൽ അല്ലാതെ തന്നെ ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് മാധ്യമ പ്രവർത്തകർ പറയുന്നു. എന്തു വന്നാലും വികസന വീഴ്ചകൾ ചൂണ്ടിക്കാണിക്കുമെന്ന് തന്നെയാണ് മാധ്യമ പ്രവർത്തകർ പറയുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടല്ലേ പൂട്ടിക്കാൻ കഴിയൂ. തങ്ങളുടെ മാധ്യമ സ്ഥാപനങ്ങളെ പൂട്ടിക്കാൻ കഴിയില്ലല്ലോ എന്നാണ് ഇവരുടെ നിലപാട്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്