- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎം ഏരിയാ നേതൃത്വത്തോട് വിയോജിപ്പ്; സിഐടിയു വിട്ടവർ കൂട്ടത്തോടെ എഐടിയുസിയിൽ; സംഘടന വിട്ടതിന് പ്രതികാരമായി തൊഴിൽ നിഷേധം; അടൂരിൽ സിപിഎം-സിപിഐ സംഘട്ടനം; സംഘടന വിട്ടവരെ വിരട്ടി തിരികെ കൊണ്ടു വരാനുള്ള നീക്കമെന്ന് സൂചന
അടൂർ: സിപിഎം ഏരിയാ നേതൃത്വത്തിന്റെ നടപടികളോട് കടുത്ത വിയോജിപ്പുള്ള സിഐടിയു തൊഴിലാളികൾ എഐടിയുസിയിൽ ചേർന്നു. കൂടുതൽ തൊഴിലാളികൾ സംഘടന വിടുമെന്നായതോടെ സിപിഎം നേതൃത്വം പ്രതികാര നടപടിയും വിരട്ടുമായി രംഗത്ത്. പാർട്ടി സമ്മേളനം നടക്കുന്ന കാലത്തുള്ള കൊഴിഞ്ഞു പോക്കിൽ പരിഭ്രാന്തരായ സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തിയും മർദിച്ചും ശേഷിച്ചവരെ പിടിച്ചു നിർത്താനുള്ള തന്ത്രം മെനയുകയാണെന്ന് ആരോപണം.
എഐടിയുസിയിൽ ചേർന്ന തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സിപിഎം-സിപിഐ പ്രവർത്തകർ നടുറോഡിൽ ഏറ്റുമുട്ടി. നാല് തവണ പലയിടത്തായി സംഘട്ടനം നടന്നു. അവസാനം പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. ഹൈസ്കൂൾ ജങ്ഷനിൽ ഇന്നലെ രാവിലെ 8.30 നാണ് സംഭവത്തിന്റെ തുടക്കം. ഹെഡ്ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഹൈസ്കൂൾ ജങ്ഷൻ യൂണിറ്റിൽ നിന്നും എഐടിയുസിയിൽ ചേർന്നയാൾ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യാനെത്തിയപ്പോൾ സിഐടിയു നേതൃത്വത്തിൽ തടയുകയായിരുന്നു. ഇതോടെ എഐടിയുസിക്കാർ ഇടപെട്ടു.
തർക്കം രൂക്ഷമായി. സംഭവമറിഞ്ഞ് അടൂരിന്റെ പല ഭാഗത്ത് നിന്നും എത്തിയ സിപിഐ പ്രവർത്തകർ ഇവിടെ തടിച്ചു. കൂടി. എഐടിയുസി ജില്ലാ സെക്രട്ടറിയും നഗരസഭാ ചെയർമാനുമായ ഡി. സജിയുടെ നേതൃത്വത്തിലാണ് സിപിഐക്കാർ ഒന്നിച്ചു നിന്നത്. ഇതോടെ മറുവശത്ത് ഇരട്ടിയിലധികം ആളുകൾ വന്നു ചേർന്നു. ജില്ലാ സെക്രട്ടേറിയറ്റംഗം ടിഡി ബൈജുവിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകരും കെപി റോഡിന്റെ ഇരുവശത്തായും നിലയുറപ്പിച്ചു. ഇവിടേക്ക് ഇരുപാർട്ടികളിലും പെട്ട കൂടുതൽ പ്രവർത്തകർ എത്തിയതോടെ അടൂർ പൊലീസ് സബ്ഡിവിഷൻ പരിധിയിൽ പെട്ട മറ്റ് സ്റ്റേഷനുകളിൽ നിന്ന് പൊലീസുകാരെ അധികമായി എത്തിച്ചു.
ഇതോടെ ഇരുകൂട്ടരും തമ്മിൽ പോർവിളിയും സംഘട്ടനവുമായി. ബൈക്കെടുക്കാനെത്തിയ സിപിഎം പ്രവർത്തകനു നേരെ സിപിഐക്കാർ കയർത്തതോടെ ഇരുവരും തമ്മിൽ വീണ്ടും സംഘർഷം ഉണ്ടായി. ഈ സമയം ഇരുവർക്കുമിടയിൽ പൊലീസ് കയറി നിന്ന ശേഷം തള്ളിമാറ്റാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ വഴങ്ങിയില്ല. പ്രവർത്തകരുടെ ചെറുത്ത് നിൽപ് ശക്തമായതോടെ ക്യാമ്പിൽ നിന്നുള്ള കൂടുതൽ പൊലീസുകാർ എത്തി. ഇവർ പ്രവർത്തകർക്ക് ചുറ്റും വലയം തീർത്തു. വീണ്ടും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തിവീശി. ഇതോടെ പ്രവർത്തകർ നാലുപാടും ചിതറിയോടി. ഹൈസ്കൂൾ ജങ്ഷനിൽ നിന്നും സിപിഐ നേതൃത്വത്തിൽ ടൗണിലേക്ക് പ്രകടനം നടത്തി.
ഇതോടെ സിപിഎം പ്രവർത്തകരും സംഭവ സ്ഥലത്തു നിന്നും പോയി. രണ്ടരമണിക്കൂർ നീണ്ടു നിന്ന സംഘർഷാവസ്ഥയ്ക്കും അയവ് വന്നു. പ്രവർത്തകർ റോഡിൽ തലങ്ങും വിലങ്ങും ഓടുകയും ഉന്തുംതള്ളുമുണ്ടാകുകയും ചെയ്തതോടെ കെപി റോഡിലും എംസി റോഡിലും മണിക്കൂറുകളോളം ഗതാഗത കുരുക്കും ഉണ്ടായി. സിപിഐ ജില്ലാ സെക്രട്ടറി എപി ജയൻ സ്ഥല ത്ത് എത്തിയിരുന്നു. സിഐടിയുവിൽ നിന്ന് ഏഴ് പേരാണ് എഐടിസിയുവിലേക്ക് വന്നത്. ഇതിൽപ്പെട്ട ബിജി സാം, ജോർജ് എന്നിവരെ വ്യാഴാഴ്ച സിപിഎം നേതാക്കൾ മർദിച്ചിരുന്നു. ഇതിന്റെ പേരിൽ അടൂർ പൊലീസ് സിപിഎമ്മുകാർക്കെതിരേ കേസ് എടുത്തിട്ടുണ്ട്.
ഈ സംഭവത്തിന്റെ ബാക്കിയെന്നോണമാണ് ഇന്നലെ വീണ്ടും സംഘർഷമുണ്ടായത്.നോക്കുകൂലിയുമായി ബന്ധപ്പെട്ട് യൂണിയൻ സസ്പെൻഡ് ചെയ്തയാളെ എഐടിയുസി യൂണിയനിൽ ചേർത്തുകൊണ്ടുവന്ന് പണി ചെയ്യിക്കാൻ തയാറായതാണ് പ്രശ്നങ്ങൾ ക്കിടയാക്കിയതെന്ന് ഹെഡ്ലോഡ് ജനറൽ വർക്കേഴ്സ് യൂന്നിയൻ സിഐടി യു ജില്ലാ സെകട്ടറി പി. ഉദയഭാനുപറഞ്ഞു. നോക്കുകൂലി നിയമ വിരുദ്ധമാണെന്നും അത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. അതിനാൽ ആ തൊഴിലാളിയെ സംര ക്ഷിക്കാനും കഴിയില്ലെന്നും സിഐടിയുവിൽ നിന്ന് സസ്പെൻഡ് ചെയ്തവർ മാത്രമാണ് എഐടിയുസിയിൽ ഉള്ളതെന്നും ഉദയഭാനു പറഞ്ഞു.
തൊഴിലാളിയെ യൂണിയനിൽ നിന്നും മാറ്റി നിർത്താം എന്നാൽ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ അധികാരമില്ലെന്ന് എഐടിയുസി ജില്ലാ സെക്രട്ടറി ഡി.സജി പറഞ്ഞു. സമീപകാലത്തായി നിരവധി പേർ സിപിഎം വിട്ട് സിപിഐയിൽ ചേർന്നിട്ടുണ്ട്. ഇതിന്റെ പേരിൽ തുടർച്ചയായി സംഘർഷം നടക്കുന്ന സ്ഥലമാണ് അടൂർ. കുറച്ചു നാളുകളായി ഇത് കുറഞ്ഞിരിക്കുകയായിരുന്നു. സിപിഎം സമ്മേളനം നടക്കുന്ന സമയത്ത് പ്രവർത്തകർ കൂടുതലായി പാർട്ടി വിടുന്നത് ഏരിയാ-ജില്ലാ നേതൃത്വങ്ങൾക്ക് തിരിച്ചടിയാണ്.
ഇനിയും പാർട്ടി വിടാനുദ്ദേശിക്കുന്നവർക്ക് വ്യക്തമായ സന്ദേശമെന്ന നിലയിലാണ് മർദനവും ഭീഷണിയുമെന്നാണ് പറയുന്നത്. ഇതോടെ സിപിഐയിലേക്ക് പോകാൻ നിൽക്കുന്നവർ മടിക്കും.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്