- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒഴിവു വന്ന രണ്ട് ഡയറക്ടർ ബോർഡ് അംഗത്വവും സിപിഎം എടുത്തു; ഹൈപ്പർ മാർക്കറ്റും ഹോട്ടലും തുടങ്ങിയ വകയിൽ ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടും; അടൂർ പറക്കോട് സർവീസ് സഹകരണ ബാങ്കിൽ സിപിഎമ്മും സിപിഐയും ഏറ്റുമുട്ടലിൽ; രാജിക്കൊരുങ്ങി വൈസ് പ്രസിഡന്റ്
അടൂർ: പറക്കോട് സർവീസ് സഹകരണ ബാങ്കിൽ സിപിഐ-സിപിഎം പോരു മുറുകുന്നു. സിപിഎമ്മിന്റെ അപ്രമാദിത്വത്തിൽ പ്രതിഷേധിച്ച് സിപിഐക്കാരനായ വൈസ് പ്രസിഡന്റ് രാജിക്കൊരുങ്ങി. അതേ സമയം, ബാങ്കുകളിലെ തട്ടിപ്പ് സംബന്ധിച്ച് സഹകരണ വകുപ്പ് നൽകിയ പുതിയ സർക്കുലർ പ്രകാരം കേസിൽ പ്രതിയാകുമെന്ന് ഭയന്നാണ് വൈസ് പ്രസിഡന്റ് രാജി വയ്ക്കാൻ തുനിഞ്ഞതെന്നും പറയുന്നു. ഒഴിവു വന്ന ഡയറക്ടർ ബോർഡ് സ്ഥാനങ്ങൾ ഏകപക്ഷീയമായി സിപിഎം കൈയടക്കിയതും ബാങ്കിന്റെ ആസ്തി തന്നെ കുളംതോണ്ടുന്ന വിധത്തിൽ തുടങ്ങിയ രണ്ടു സ്ഥാപനങ്ങൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതും പോര് വർധിക്കാൻ കാരണമായതായും പറയുന്നു.
ഡയറക്ടർ ബോർഡിൽ നിർജീവമായിരുന്ന സലിം, ശശികുമാർ എന്നീ രണ്ടംഗങ്ങളെ പുറത്താക്കിയിരുന്നു. സഹകരണ നിയമപ്രകാരം ഈ ഒഴിവിലേക്ക് പുതുതായി തെരഞ്ഞെടുപ്പ് വേണ്ട. പകരം നാമനിർദ്ദേശം ചെയ്താൽ മതിയാകും. ഒഴിവു വന്ന രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐയ്ക്ക് അവകാശപ്പെട്ടതാണ്. എന്നാൽ, രണ്ടു സീറ്റും സിപിഎം ഏകപക്ഷീയമായി കൈക്കലാക്കുകയായിരുന്നു. സിപിഐയെ പ്രകോപിപ്പിച്ച ഒരു കാര്യം ഇതാണ്. നിലവിൽ അഞ്ച് അംഗങ്ങൾ സിപിഎമ്മിനും നാല് അംഗങ്ങൾ സിപിഐയ്ക്കുമായിരുന്നു ഉണ്ടായിരുന്നത്. പുതിയ രണ്ട് അംഗങ്ങൾ കൂടി വരുന്നതോടെ സിപിഎമ്മിന് അംഗസംഖ്യ ഏഴാകും.
സിപിഐക്കാരനായ വൈസ് പ്രസിഡന്റ് രാജേഷ് രാജിക്കൊരുങ്ങുന്നത് ഈ കാര്യവും പാർട്ടിയുടെ തീരുമാനവും പറഞ്ഞാണ്. മണ്ഡലം കമ്മറ്റി ചേർന്ന് അന്തിമ തീരുമാനം എടുക്കും. എന്നാൽ, യഥാർഥ കാരണം ഇതല്ലെന്നാണ് പുറത്തു വരുന്ന വിവരം. പറക്കോട് സർവീസ് സഹകരണ ബാങ്കിന്റെ പേരിൽ അടൂരിൽ കോപ്മാർട്ട് ഹൈപ്പർ മാർക്കറ്റും സീഫുഡ് റെസ്റ്റോറന്റും തുടങ്ങിയിരുന്നു. ഇതിന്റെ ഇന്റീരീയർ വർക്കിന് മാത്രം രണ്ടു കോടിയോളം രൂപ ചെലവഴിച്ചിരുന്നു.
കടലാസിൽ മാത്രം ലാഭത്തിലും യഥാർഥത്തിൽ നഷ്ടത്തിലും പ്രവർത്തിക്കുന്ന പറക്കോട് സർവീസ് സഹകരണ ബാങ്കിലെ എൽഡിഎഫ് ഭരണ സമിതിയുടെ ധൂർത്തിനെതിരേ സിപിഎം സംസ്ഥാന കമ്മറ്റിക്ക് പരാതി പോയിരുന്നു. അടൂർ നഗരത്തിൽ ബൈപ്പാസിനോട് ചേർന്നുള്ള ബിവറേജസ് മദ്യവിൽപന ശാലയ്ക്ക് സമീപമാണ് പുതിയ ഹോട്ടൽ തുടങ്ങിയത്. ഇതിന് ഇന്റീരിയർ ഡിസൈനിങ്ങിനായി 65 ലക്ഷം രൂപയാണ് എഴുതിയെടുത്തത്. നഗരമധ്യത്തിൽ തന്നെ തുടങ്ങിയ കോപ് മാർട്ടിന് 93 ലക്ഷം രൂപയും ഇന്റീരിയർ ജോലികൾക്കായി ബാങ്കിൽ നിന്ന് എടുത്തു കഴിഞ്ഞു.
നാലു കോടിയോളം മുടക്കിയാണ് രണ്ടു സ്ഥാപനങ്ങളും തുടങ്ങിയത്. നാലു കോടിയോളം രൂപ ചെലവഴിച്ച് ഇപ്പോൾ രണ്ടു സ്ഥാപനങ്ങൾ തുടങ്ങാനുള്ള സാമ്പത്തിക സ്ഥിതി ബാങ്കിനില്ല. അഥവാ തുടങ്ങണമെങ്കിൽ തന്നെ കെട്ടിടം മോടി പിടിപ്പിക്കാൻ രണ്ടു കോടി എന്തിനെന്ന ചോദ്യത്തിനും ഉത്തരമില്ല. ടെണ്ടർ ക്ഷണിക്കാതെ ഭരണ സമിതിയിൽ ചിലർക്ക് വേണ്ടപ്പെട്ടവർക്ക് ഇന്റീരിയർ ഡിസൈനിങ് നൽകുകയായിരുന്നുവെന്ന് പറയുന്നു. ഈ ധൂർത്തിനെതിരേ കേസ് വരുന്നുണ്ടെന്ന് അറിഞ്ഞാണ് വൈസ് പ്രസിഡന്റ് സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചത് എന്നാണ് വിവരം.