അടൂർ: ഭരണത്തിലിരിക്കുമ്പോൾ എന്തുമാകാമെന്ന് സിപിഎം പലവട്ടം തെളിയിച്ചിട്ടുണ്ട്. പാർട്ടി നേതൃത്വത്തിന് ഒത്താശ ചെയ്യാൻ സർക്കാർ വകുപ്പുകളിൽ ആളുമുണ്ട്. ഇങ്ങനെ തനിക്കും പാർട്ടിക്കു, എതിരായ വാർത്തകൾ മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നവരെ താൻ കണ്ടെത്തിയെന്ന അവകാശവാദവുമായി സിപിഎമ്മിന്റെ സമ്മേളനങ്ങിൽ പ്രത്യക്ഷപ്പെടുകയാണ് അടൂർ ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജ്.

താൻ ചോർത്തിയെടുത്ത കാൾ ഡീറ്റൈയിൽസിൽ ഇതെല്ലാം ഉണ്ടെന്ന് പറഞ്ഞ് ഏതാനും കടലാസു കെട്ടുകൾ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇതോടെ ഭയന്നു പോയ സമ്മേളന പ്രതിനിധികൾ ഇപ്പോൾ മാധ്യമ പ്രവർത്തകരുമായി സംസാരിക്കാൻ പോലും ഭയക്കുകയാണ്. മനോജിന്റെ അവകാശവാദത്തിനെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

മനോജിനെതിരായ വാർത്ത പ്രസിദ്ധീകരിച്ച മറുനാടൻ, മംഗളം, അടൂർ വാർത്ത എന്നീ മാധ്യമങ്ങളുടെ ലേഖകരെ ഒന്നിച്ച് കള്ളക്കേസ് കൊടുത്ത് ഒന്നിച്ചു പ്രതികളാക്കുകയാണ് ഏരിയാ സെക്രട്ടറി മനോജ് ചെയ്തത്. പ്രതികൾ ആയതോടെ ഇവരുടെ കാൾ ലിസ്റ്റ് എടുക്കാൻ പൊലീസിന് നിയമപ്രകാരം തടസമില്ല. ഇങ്ങനെ എടുത്ത കാൾ ലിസ്റ്റാണ് മനോജിന്റെ കൈവശം ഇരിക്കുന്നതെന്നാണ് സിപിഎമ്മിന്റെ പ്രവർത്തകർ പറയുന്നത്. സിഡിആർ എന്ന പേരിൽ അറിയപ്പെടുന്ന കാൾ രജിസ്റ്റർ അതീവ രഹസ്യ സ്വഭാവമുള്ള രേഖയാണ്.

ഇത് അന്വേഷണ സംഘത്തിന് അല്ലാതെ മറ്റൊരാൾക്കും ഉപയോഗിക്കാനോ പുറത്തു വിടാനോ കഴിയില്ല. താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ലേഖകരുടെ കാൾ ഡീറ്റൈയ്ൽസ് എടുക്കാൻ മനോജ് അടൂർ പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ, തങ്ങൾക്ക് പണി കിട്ടുമെന്ന് മനസിലാക്കി അവർ അതിന് തയാറായില്ല. കേസ് സി ബ്രാഞ്ചിന് വിട്ടപ്പോൾ അന്വേഷണത്തിന്റെ ഭാഗമായി അവർ കാൾ ഡീറ്റൈയ്ൽസ് എടുത്തു. മനോജിന്റെ അവകാശവാദം ശരിയാണെങ്കിൽ ഈ കാൾ ഡീറ്റൈയ്ൽസ് ക്രൈംബ്രാഞ്ചിൽ നിന്നാകണം ചോർന്നു കിട്ടിയത്. ഒരു വ്യക്തിയുടെ ഫോൺ രേഖകൾ അയാളുടെ സ്വകാര്യതയാണ്.

കേസ് അന്വേഷണത്തിന്റെ ഭാഗമായിട്ടാണെങ്കിപ്പോലും അത് എടുത്ത് പുറത്തു വിടുന്നത് മൗലികാവകാശങ്ങളുടെ ലംഘനവും കുറ്റകരവുമാണ്. ഇങ്ങനെ ഭാര്യയുടെ കാൾ ലിസ്റ്റ് എടുത്ത് ഭർത്താവിന് കൊടുത്ത കോഴിക്കോട് മെഡിക്കൽ കോളജ് എസിപി സുദർശനന് എതിരേ കർശന നടപടിക്ക് ശിപാർശ ചെയ്തത് കഴിഞ്ഞ ദിവസമാണ്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ വിളിച്ചു വരുത്തിയ അടൂർ വാർത്ത ലേഖകൻ അരൂൺ നെല്ലിമുകളിന്റെ ഫോൺ ബലമായി പിടിച്ചു വാങ്ങി അതിലെ വിവരങ്ങൾ സൈബർ സ്റ്റേഷൻ എസ്ഐ ചോർത്തിയെടുത്തിരുന്നു. ഇതിനെതിരേ അരുൺ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. മനോജിന് ചോർത്തി നൽകുന്നതിന് വേണ്ടിയാണ് ഫോൺ വിവരങ്ങൾ സൈബർ സ്റ്റേഷൻ എസ്ഐ ചോർത്തിയത് എന്ന് ഭയക്കുന്നുവെന്ന് പരാതിയിലുണ്ട്.

കേസന്വേഷണത്തിന്റെ ഭാഗമായിട്ടാണെങ്കിൽ പോലും ഫോൺ പിടിച്ചെടുക്കണമെങ്കിൽ നോട്ടീസ് നൽകണമെന്നുണ്ട്. അതിന് പുറമേ മഹസർ തയാറാക്കുകയും വേണം. ഇതെല്ലാം ലംഘിച്ചാണ് അരുണിന്റെ ഫോൺ പിടിച്ചു പറിച്ചത്. അടൂരിൽ മനോജിന് വേണ്ടി പൊലീസ് വിടുപണി ചെയ്തെങ്കിൽ സംസ്ഥാനമൊട്ടാകെ ഈ രീതിയിൽ മാധ്യമ പ്രവർത്തകരുടെ കാൾ ചോർത്തപ്പെടാൻ സാധ്യതയുണ്ട്. അത് സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് തന്നെ തടസമാകും.