പത്തനംതിട്ട: ആറ്റിങ്ങൽ എംപിയായി പോയ അടൂർ പ്രകാശിന്റെ പ്രവർത്തനം ഇപ്പോഴും കോന്നി മണ്ഡലത്തിൽ തന്നെ. ജില്ലയിൽ ഐ ഗ്രൂപ്പിലുണ്ടായ വിഭാഗീയത മറികടക്കാൻ അടൂർ പ്രകാശിനെ നേതാവായി ചെന്നിത്തല അവരോധിച്ചതിന് പിന്നാലെ എക്കാലവും ഒപ്പം നിന്ന മൂന്നു പേർ പാർട്ടി വിട്ട് ഇടതു മുന്നണിയിൽ ചേർന്നു. ഗ്രൂപ്പിനെ വളർത്താൻ വേണ്ടിയാണ് അടൂർ പ്രകാശിന് അപ്രമാദിത്വം നൽകിയതെങ്കിലും ഫലത്തിൽ ഈ നീക്കം തിരിച്ചടിച്ചിരിക്കുകയാണ്.

ഡിസിസി ജനറൽ സെക്രട്ടറിയും കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും മന്ത്രിയായിരിക്കുമ്പോൾ അടൂർ പ്രകാശിന്റെ വലം കൈയുമായിരുന്ന കോന്നിയൂർ പികെ, പ്രമാടം നേതാജി സ്‌കൂളിന്റെ മാനേജിങ് കമ്മറ്റിയംഗമായ രാജേഷ് ആക്ലേത്ത് എന്നിവർ പാർട്ടിയിൽ നിന്ന് രാജി വച്ച് ഇടതു സ്ഥാനാർത്ഥികളായി മത്സരിക്കുകയാണ്. കോന്നിയൂർ പികെ കോന്നി ഡിവിഷനിൽ നിന്നും രാജേഷ് ആക്ലേത്ത് പ്രമാടം ഡിവിഷനിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നു. കോന്നിയൂർ പികെ സിപിഐയിലേക്കും രാജേഷ് സിപിഎമ്മിലേക്കുമാണ് പോയത്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയത്തിൽ അടൂർ പ്രകാശ് എംപിയുടെ വെട്ടിനിരത്തൽ നടത്തിയെന്ന് ആരോപിച്ചാണ് പലരും പാർട്ടി വിട്ടത്. പട്ടികജാതി സംവരണമായ ജില്ലാ പഞ്ചായത്ത് കോന്നി ഡിവിഷനിൽ ദളിത് കോൺഗ്രസ് സംസ്ഥാന നേതാവ് കോന്നിയൂർ പികെയെ വെട്ടി മറ്റൊരാളെ കൊണ്ടുവരാൻ മുൻകൈയെടുത്തത് അടൂർ പ്രകാശാണ്. ഒപ്പം നിന്നിട്ടും തന്നെ വെട്ടിയ പ്രകാശിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് കോന്നിയൂർ പികെ രാജി വച്ച് ഇടതുപക്ഷത്തേക്ക് ചേക്കേറിയത്.

മഹിളാ കോൺഗ്രസ് നേതാവും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ സൗദാ റഹിം സ്ഥാനമാനങ്ങൾ രാജി വച്ച് സിപിഎമ്മിൽ ചേർന്നതോടെ അടൂർ പ്രകാശിന്റെ നടപടികളിൽ പ്രതിഷേധിച്ച് പുറത്തു പോകുന്ന മൂന്നാമത്തെയാളായി. കെയുജനീഷ് കുമാർ എംഎൽഎ, സിപിഎം ഏരിയാ സെക്രട്ടറി ശ്യാംലാൽ എന്നിവർ ചേർന്ന് സൗദയെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയാക്കാമെന്നു വാഗ്ദാനം ചെയ്ത് ഒടുവിൽ വാർഡിൽ വിമത സ്ഥാനാർത്ഥി പരിവേഷം നൽകി പരാജയപ്പെടുത്തിയിരുന്നു. ഇക്കുറി ബ്ലോക്ക് പഞ്ചായത്ത് വനിതാ സംവരണമായ കോന്നി ഡിവിഷനിൽ സീറ്റ് നൽകാമെന്ന് പറഞ്ഞെങ്കിലും മറ്റൊരാളെ സ്ഥാനാർത്ഥിയാക്കുകയാണ് അടൂർ പ്രകാശ് ചെയ്തത്. പ്രകാശിനൊപ്പം നിന്ന് പ്രവർത്തിച്ച സൗദ ഉൾപ്പെടെ നിരവധി പേർ നിരാശയിലും പ്രതിഷേധത്തിലുമായിരുന്നു. ആറ്റിങ്ങൽ എംപിയായി പോയെങ്കിലും ഇപ്പോഴും കോൺഗ്രസിലെ വാർഡു മുതൽ നിയമസഭ വരെയുള്ള സ്ഥാനാർത്ഥികളെയും ഭാരവാഹികളെയും നിശ്ചയിക്കുന്നത് അടൂർ പ്രകാശ് തന്നെയാണെന്ന ആക്ഷേപം ശക്തമാണ്.

കൂടെ നിന്ന പലർക്കും സീറ്റ് നിഷേധിക്കുകയും സ്വന്തം താൽപര്യപ്രകാരം സ്ഥാനാർത്ഥികളെ നിശ്ചയിക്കുകയും ചെയ്തതിനെതിരെ നവ മാധ്യമങ്ങളിലൂടെയും യൂത്ത് നേതാക്കന്മാർ പ്രതികരിച്ചിട്ടുണ്ട്. ചുവപ്പ് ഇഷ്ടമല്ലെങ്കിലും മഞ്ഞ ഇഷ്ടപ്പെടുകയായിരുന്നു നല്ലതെന്നായിരുന്നു സീറ്റ് നഷ്ടപ്പെട്ട ഒരു യൂത്ത് നേതാവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. നിരവധി പേർ ഇനിയും രാജി വച്ച് മറ്റ് പാർട്ടികളിൽ ചേക്കേറുമെന്നാണ് സൂചന.  അടൂർ പ്രകാശിന്റെയും റോബിൻ പീറ്ററിന്റെയും സന്തത സഹചാരിയായ രാജേഷ് ആക്ലേത്ത് പാർട്ടി വിട്ടത് മറ്റൊരു കാരണത്താലാണ്.

രാജേഷ് മാനേജിങ് കമ്മറ്റിയംഗമായ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഉടമാവകാശ തർക്കത്തിൽ അടൂർ പ്രകാശ് സഹായിച്ചില്ല എന്നുള്ളതാണ് പാർട്ടി വിടാൻ കാരണമായത്. സ്‌കൂൾ മാനേജരാകാൻ രാജേഷ് നീക്കം നടത്തിയിരുന്നു. ഇതിന്റെ പേരിൽ പിതൃസഹോദരൻ രവീന്ദ്രൻ പിള്ളയുമായി രാജേഷും സഹോദരൻ സതീഷും തർക്കം നിലനിൽക്കുകയാണ്. അടുത്തയിടെ രവീന്ദ്രൻ പിള്ളയുടെ മകൻ സുനിൽകുമാറിന്റെ കാറിന് ആരോ വെടി വച്ചിരുന്നു. അത് രാജേഷ് ആണെന്ന് ആരോപിച്ച് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. അന്നൊക്കെ സഹായത്തിന് ചെന്നത് കെയു ജനീഷ് കുമാർ എംഎൽഎയായിരുന്നു. ഇതോടെയാണ് സിപിഎമ്മിനൊപ്പം രാജേഷ് നിലയുറപ്പിച്ചത്.

അടൂർ പ്രകാശിനെ ഒറ്റപ്പെടുത്തി പഴകുളം മധുവിന്റെ നേതൃത്വത്തിലായിരുന്നു ജില്ലയിൽ ഐ ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നി സീറ്റ് കിട്ടാൻ വേണ്ടി പ്രകാശ് ഉമ്മൻ ചാണ്ടി പക്ഷത്തേക്ക് ചാഞ്ഞിരുന്നു. ഇത് അന്നു തന്നെ ഐ ഗ്രൂപ്പ് ഗൗരവമായി എടുക്കുകയും പഴകുളം മധുവിന്റെ നേതൃത്വത്തിൽ അടൂർ പ്രകാശിനെ ഒഴിവാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു. പിന്നീട് അടൂർ പ്രകാശിന്റെയും പഴകുളം മധുവിന്റെയും നേതൃത്വത്തിൽ ഐ ഗ്രൂപ്പ് രണ്ടായിട്ടാണ് പ്രവർത്തിച്ചിരുന്നത്. അതാണ് തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ചെന്നിത്തല ഇടപെട്ട് ഒന്നാക്കിയതും അടൂർ പ്രകാശിന് ചുമതല നൽകിയതും.