പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കണമെന്ന ടിപ്പുമായി ആറ്റിങ്ങൽ എംപി അടൂർ പ്രകാശിന്റെ ഫേസ് ബുക്ക് പോസ്റ്റ്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരാജയം അംഗീകരിച്ചു കൊണ്ടാണ് മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ എംപി നൽകുന്നത്. ഗ്രൂപ്പ് വൈരം ഒഴിവാക്കണമെന്നാണ് നിർദ്ദേശങ്ങളിൽ ഏറ്റവും ശ്രദ്ധേയം. തന്റെ ഗ്രൂപ്പുകാരായ മൂന്നു പേർക്ക് സീറ്റ് നൽകാൻ വേണ്ടി അടൂർ പ്രകാശ് നടത്തിയ കളികളുടെ ഭാഗമായി കോന്നിയിൽ ജില്ലാ നേതാക്കൾ അടക്കം പാർട്ടി വിട്ടിരുന്നു. അതിനിടെയാണ് മെച്ചപ്പെടുത്തൽ നിർദ്ദേശങ്ങളുമായി അടൂർ പ്രകാശ് ഫേസ് ബുക്കിൽ നിറഞ്ഞിരിക്കുന്നത്.പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയതു പോലെ കോന്നിയിൽ മത്സരിക്കാൻ അടൂർ പ്രകാശുമെത്തുമെന്ന് അഭ്യൂഹങ്ങൾക്ക് ബലം നൽകുന്നതാണ് അദ്ദേഹത്തിന്റെ പോസ്റ്റ്:
അതിങ്ങനെ:

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ യുഡിഎഫിനു കഴിഞ്ഞില്ല എന്നത് ഒരു യാഥാർഥ്യമാണ്. പലേടത്തും അപ്രതീക്ഷിത തിരിച്ചടികൾ ഉണ്ടായി. യുഡിഎഫിന്റെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്ന വലിയൊരു വിഭാഗം ജനാധിപത്യ വിശ്വാസികളായ ജനങ്ങൾക്ക് ഈ തിരിച്ചടി വേദനാജനകമാണ്. സർക്കാരിലും ഇടതുപക്ഷ പാർട്ടികളിലും ഉള്ളവർ പോലും ഇപ്പോൾ LDFനു കിട്ടിയ വിജയം ഒരു തരത്തിലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണു വാസ്തവം.
ഈ സാഹചര്യത്തിൽ യുഡിഎഫിനു നേതൃത്വം നൽകുന്ന കോൺഗ്രസ് നേതൃത്വം ആത്മ പരിശോധനയ്ക്ക് തയ്യാറാകേണ്ടതുണ്ട്. എന്തൊക്കെയാണ് പാളിച്ചകൾ? പോരായ്മകൾ? സ്വന്തം ദൗർബല്യങ്ങൾ? ഇവയൊക്കെ തിരുത്തിയാവണം ഇനിയുള്ള ചുവട് വെക്കേണ്ടത്. അതിനുള്ള സന്നദ്ധത നേതാക്കൾക്കൊപ്പം പ്രവർത്തകരും പ്രകടിപ്പിക്കണം എന്നാണെന്റെ അഭിപ്രായം.
നമ്മുടെ ഓരോ പ്രദേശങ്ങളിലുള്ള സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതവുമായി നാം എത്രത്തോളം ഇടപെടുന്നുണ്ട്? പ്രാദേശിക പ്രശ്നങ്ങളിൽ ആത്മാർത്ഥമായി ഇടപെട്ട് അവയ്ക്ക് പരിഹാരമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടോ? അയൽവാസികളെ അന്വേഷിക്കാറുണ്ടോ? അപരിചിതരെ പരിചയപ്പെടാറുണ്ടോ? പൊതു വിഷയങ്ങളിൽ പ്രതികരിക്കാറുണ്ടോ? ഇത്തരം നിരവധി ചോദ്യങ്ങൾ സ്വയം ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം വോട്ട് തേടി വീടുകളിൽ ചെന്നാൽ ആരും തിരിഞ്ഞു നോക്കില്ലെന്നു മനസിലാക്കാൻ നമുക്ക് ഓരോരുത്തർക്കും ബാധ്യതയുണ്ട്. ഗ്രൂപ്പ് ബന്ധങ്ങൾക്കപ്പുറത്ത് ജയസാധ്യതയുള്ള സ്ഥാനാർത്ഥിക്കെതിരെ ഗ്രൂപ്പ് വൈരം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ ഇനിയെങ്കിലും അതിൽ തിരുത്തൽ വരുത്തണം. പാർട്ടി ഉണ്ടെങ്കിലേ ഗ്രൂപ്പുള്ളു; മികച്ച സ്ഥാനാർത്ഥി ഉണ്ടെങ്കിലെ വിജയമുള്ളു.
തെരഞ്ഞെടുപ്പ് പരാജയം പാർട്ടി നേതൃത്വം ഗൗരവമായി കാണണം.

പക്ഷപാതരഹിതമായി ചർച്ചകൾ നടത്തി തിരുത്തൽ നടപടികൾ നിർദ്ദേശിക്കണം. അത് നിർദ്ദേശിച്ചാൽ മാത്രം പോര, #നടപ്പിലാക്കണം. നടപ്പിലായെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ നേതാക്കൾക്കും പ്രവർത്തകർക്കും ഉത്തരവാദിത്വമുണ്ട്. പതിവ് കുറ്റപ്പെടുത്തൽകൊണ്ട് കാര്യമില്ല. പരസ്പരം #ചെളിവാരി എറിഞ്ഞിട്ടും കാര്യമില്ല. തെറ്റ് ബോധ്യപ്പെട്ടാൽ അംഗീകരിക്കുക; ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുക. ഇനിയും സമയമുണ്ട്. വൈകരുത്. വൈകിയാൽ വലിയ വില കൊടുക്കേണ്ടി വരും.
അമിത ആത്മവിശ്വാസം കൈവെടിഞ്ഞ് അധ്വാനിക്കാൻ തയ്യാറാകണം; അധ്വാനത്തിന് ഫലം ഉണ്ടാകും. ജനവിരുദ്ധ സർക്കാരിനെ തറപറ്റിക്കാൻ സുവർണ്ണ അവസരമാണ് മുന്നിലുള്ളത്.
#NoPainNoGain എന്നു തിരിച്ചറിയാൻ നമുക്കോരുത്തർക്കും ബാധ്യതയുണ്ട്