- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിയ കേസിൽ സിബിഐ എത്തുന്നത് തടയാൻ വേണ്ടി സുപ്രീംകോടതി അഭിഭാഷകർ കൈപ്പറ്റിയത് 88 ലക്ഷം രൂപ; എന്നിട്ടും കേസിൽ സർക്കാർ തോറ്റു; ഒരു രൂപ പ്രതിഫലമില്ലാതെ കേസു നടത്തിയ മുൻ ഡിജിപി അസഫലി അനായാസമായി വിജയിച്ചു കയറി; കേസ് അന്വേഷണത്തിലെ വീഴ്ച്ചകൾ ഇഴകീറി കോടതിയിൽ നിരത്തിയപ്പോൾ സിബിഐ അന്വേഷണത്തിനുള്ള സിംഗിൾ ബെഞ്ച് വിധിയെ ശരിവെച്ചു; സർക്കാർ സർവ്വശക്തിയുമെടുത്ത് പോരാടിയ കേസിൽ പിണറായിക്ക് തിരിച്ചടി കൊടുത്തു ഹീറോ പരിവേഷത്തിൽ ടി അസഫലി
കൊച്ചി: പെരിയ കേസിൽ സിബിഐ അന്വേഷണം തടയാൻ വേണ്ടി സർക്കാർ 88 ലക്ഷം രൂപ മുടക്കി കൊണ്ടുവന്ന അഭിഭാഷകരെ തോൽപ്പിച്ചത് ഒരു രൂപ പോലും പ്രതിഫലം വാങ്ങാത്ത അഭിഭാഷകൻ. പെരിയ കേസിൽ സർക്കാറിനെതിരെ കോടതിയിൽ ഹാജരായത് മുൻ ഡിജിപി ടി അസഫലിയായിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് 10 മാസമായിട്ടും സിബിഐക്ക് അന്വേഷണം തുടങ്ങാൻ കഴിയാത്ത കേസിലാണു നിയമപോരാട്ടത്തിലൂടെ കുരുക്കഴിഞ്ഞത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ വീഴ്ച്ചകൾ ഓരോന്നായി എണ്ണിപ്പറയുകയായിരുന്നു ടി അസഫലി ചെയ്തത്. അതുകൊണ്ടു തന്നെ കേസിൽ വിജയിച്ചു കയറാനും സാധിച്ചു. കോൺഗ്രസ് അനുഭാവ
ആയിരത്തിലേറെ പേജുള്ള ക്രൈംബ്രാഞ്ച് കുറ്റപത്രം പഠിച്ച്, അതിൽ പ്രതികളെ രക്ഷപ്പെടുത്താനും, ഉന്നതതല ഗൂഢാലോചന മറച്ചുവയ്ക്കാനും നടത്തിയ നീക്കങ്ങളെല്ലാം പുറത്തുകൊണ്ടുവരികയെന്നതായിരുന്നു ആദ്യവെല്ലുവിളി. കേസന്വേഷണം മറ്റൊരു ഏജൻസിക്കു കൈമാറുമ്പോൾ, ആദ്യ ഏജൻസിയുടെ കുറ്റപത്രം റദ്ദാക്കുന്ന രീതി സാധാരണയില്ല. എന്നാൽ വാദിഭാഗം അഭിഭാഷകന്റെ ഇഴകീറിയുള്ള പരിശോധനയിൽ കുറ്റപത്രത്തിലെ പോരായ്മകൾ ബോധ്യപ്പെട്ടതോടെ ഇതു റദ്ദാക്കിക്കൊണ്ടാണ് അന്വേഷണം സിംഗിൾ ബെഞ്ച് സിബിഐക്കു വിട്ടത്.
കേസ് ഡയറി കൈമാറാൻ മടിച്ച ക്രൈംബ്രാഞ്ചിനെ കോടതിയലക്ഷ്യ നടപടികൊണ്ടാണു നേരിട്ടത്. സിബിഐക്കും സംസ്ഥാന പൊലീസ് മേധാവിക്കുമെതിരെ കോടതിയലക്ഷ്യ ഹർജി കൊടുത്തതോടെ കേസ് ഡയറി കൈമാറാമെന്നറിയിച്ചു. ഇതിനിടെ സർക്കാരിന്റെ അപ്പീൽ. കുറ്റപത്രത്തിൽ പിഴവുണ്ടെങ്കിൽ ഹർജി നൽകേണ്ടതു മജിസ്ട്രേറ്റ് കോടതിയിലാണെന്നു സർക്കാർ വാദം. ഇരകളുടെ വിശ്വാസമാർജിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഏതു കേസും മറ്റൊരു അന്വേഷണ ഏജൻസിയെ ഏൽപിക്കാമെന്ന സുപ്രീംകോടതി വിധികൊണ്ട് ഇതിനെ ഖണ്ഡിച്ചു. സിബിഐക്കു വിടാൻ മാത്രമുള്ള അസാധാരണ കേസല്ല ഇതെന്നു സർക്കാരിന്റെ മറ്റൊരു വാദം. സിബിഐക്കു വിട്ട അനേകം കേസുകൾ നിരത്തി മറുവാദം. വിധി പറയാൻ കോടതി കേസ് മാറ്റിയത് 2019 നവംബർ 16ന്.
അവിടംകൊണ്ടു കഴിഞ്ഞില്ല നിയമപോരാട്ടം. കോടതി സ്റ്റേ നൽകാതിരുന്നിട്ടും സിബിഐ അന്വേഷണം നടക്കുന്നില്ലെന്നു കാണിച്ചു സിബിഐ കോടതിയിൽ 2020 ഫെബ്രുവരിയിൽ ഹർജി നൽകി. ഇതോടെ സിബിഐ ഉണർന്നു. പിന്നീട് ഒന്നാം പ്രതി പീതാംബരന്റെ ജാമ്യഹർജി പരിഗണിച്ചപ്പോൾ, അന്വേഷണം നടത്താൻ കഴിയാത്ത പ്രത്യേക സാഹചര്യം സിബിഐക്കു തുറന്നു സമ്മതിക്കേണ്ടിയും വന്നു. ഈ സാഹചര്യം മറികടക്കാനും വാദിഭാഗം അഭിഭാഷകന്റെ ഇടപെടലുണ്ടായി. വാദം പൂർത്തിയായി ആറു മാസം കഴിഞ്ഞിട്ടും വിധി പറയാത്ത കേസുകളിൽ, വാദിഭാഗം ആവശ്യപ്പെട്ടാൽ ബെഞ്ച് മാറ്റാമെന്ന സുപ്രീംകോടതി വിധി ആയുധമാക്കി. ബെഞ്ച് മാറ്റത്തിന് ഓഗസ്റ്റ് 24നു ഹൈക്കോടതിയെ സമീപിച്ചു. ഒരു ദിവസത്തിനുശേഷം സർക്കാർ അപ്പീലിൽ ഡിവിഷൻ ബെഞ്ചിന്റെ വിധി വന്നു. നിയമത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ചു നടത്തിയ പോരാട്ടത്തിനു വിജയമായി മാറുകയും ചെയ്തു.
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ടി.ആസിഫലിയെ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് പ്രോസിക്യൂഷൻ ഡയരക്ടറായി നിയമിച്ചത്. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ ആസിഫലിയുടെ ഇടപെടൽ തന്നെയാണ് പെരിയ കേസിൽ സർക്കാറിന് തിരിച്ചടി കൊടുത്തതും. ഇപ്പോൾ അഭിഭാഷക വേഷം അണിഞ്ഞു സർക്കാറിന് തിരിച്ചടി കൊടുത്തപ്പോൾ കോൺഗ്രസുകാർക്കിടയിലും അസഫലിക്ക് ഹീറോ പരിവേഷമാണ് ലഭിച്ചിരിക്കുന്നത്.
2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. ശരത്ലാലിന്റെ വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു ഇരുവരും. രാത്രി 7.40-ഓടെ കല്യോട്ട് കൂരാങ്കര റോഡിൽ അക്രമികൾ ബൈക്ക് തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത്ലാൽ മംഗളൂരു ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. സിപിഎം. മുൻ ലോക്കൽ സെക്രട്ടറി അയ്യങ്കാവ് വീട്ടിൽ പീതാംബരനാണ് ഒന്നാംപ്രതി. സിപിഎം. ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവരുൾപ്പെടെ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. മണികണ്ഠനും ബാലകൃഷ്ണനുമുൾപ്പെടെ മൂന്നുപേർക്ക് ജാമ്യം ലഭിച്ചു. മറ്റുള്ളവർ റിമാൻഡിലാണ്.
കൊലനടന്ന് മൂന്നുമാസം പൂർത്തിയാകുന്നതിന് ഒരുദിവസം മുമ്പാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും ഗൂഢാലോചന നടത്തിയതിൽ നേതാക്കൾക്ക് പങ്കുണ്ടെന്നും കാണിച്ച് ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വാദം പൂർത്തിയായി ആറുമാസം കഴിഞ്ഞിട്ടും വിധി വന്നില്ലെങ്കിൽ ചീഫ് ജസ്റ്റിസിന് പ്രത്യേക ഹർജി നൽകാമെന്ന് സുപ്രീം കോടതിയുടെ നിർദേശമുണ്ട്. ഇത്തരമൊരു ഹർജി കിട്ടിയാൽ കേസ് മറ്റൊരു ബെഞ്ചിനെ ഏൽപ്പിച്ച് വാദം വീണ്ടും കേൾക്കണമെന്നാണ് നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ തിങ്കളാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഹർജി നൽകിയിരുന്നു.
ഒന്നര വർഷമായി ഞങ്ങളൊഴുക്കുന്ന കണ്ണീരിന്റെ ഫലമാണ് ഈ വിധിയെന്നായിരുന്നു കൃപേഷിന്റെയും ശരത്തിന്റെയും കുടുംബങ്ങൾ പ്രതികരിച്ചത്. കല്യോട്ട് ഭഗവതി ഞങ്ങളുടെ പ്രാർത്ഥന കേട്ടു. ദേവീ നടയിൽ നിന്നു വീട്ടിലേക്കു മടങ്ങുന്ന വഴിയാണു മക്കളെ അവർ വെട്ടിവീഴ്ത്തിയത്.സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ തള്ളിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി വന്നതിനു പിന്നാലെ കൃപേഷിന്റെ അമ്മ ബാലാമണിയും ശരത്ലാലിന്റെ അമ്മ ലതയും കണ്ണീരോടെ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ