കാബൂൾ: അഫ്ഗാനിസ്ഥാനിൽ എല്ലാം പിടിവിട്ട നിലയിലാണ്. താലിബാൻ നിയന്ത്രണത്തിലേക്ക് കാര്യങ്ങൾ വന്നതോടെ സർക്കാർ ജീവനക്കാരിൽ നല്ലൊരു ശതമാനവു ജീവനുകൊണ്ട് പേടിച്ചോടി. പലരും പ്രതികാരം ഭയന്ന് ഒളിവിൽ കഴിയുകയാണ്. ഇതിനിടെ പണ പ്രതിസന്ധിയിലും അഫ്ഗാനിൽ രൂക്ഷമാണ്. അഫ്ഗാനിസ്ഥാനിൽ ബാങ്കിനു മുന്നിൽ ജനങ്ങളുടെ പ്രതിഷേധം ഒരു സൂചന മാത്രമാണ്.

നൂറുകണക്കിനാളുകളാണു എടിഎം കൗണ്ടറുകൾക്കു മുന്നിൽ വരിനിന്നത്. കടുത്ത വരൾച്ച നേരിടുന്ന അഫ്ഗാനിസ്ഥാനിൽ ലക്ഷങ്ങൾ പട്ടിണിയിലേക്കു നീങ്ങുകയാണെന്ന് യുഎൻ ഏജൻസി വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പു നൽകി. പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയോടെയുള്ള രാജ്യാന്തര സന്നദ്ധ സംഘടനകളുടെ സഹായപദ്ധതികൾ താലിബാൻ അധികാരത്തിലേറിയതിനു പിന്നാലെ നിലച്ചതാണ് അഫ്ഗാൻ നേരിടുന്ന പ്രധാന പ്രതിസന്ധി.

ഇന്നലെ ന്യൂ കാബൂൾ ബാങ്കിനു മുന്നിൽ ശമ്പളം ആവശ്യപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരും പ്രതിഷേധിച്ചു. സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞ 3 മാസമായി ശമ്പളം കിട്ടിയിട്ടില്ല. ബാങ്കുകൾ 3 ദിവസം മുൻപ് തുറന്നെങ്കിലും കറൻസി ക്ഷാമമാണു മുഖ്യ പ്രശ്‌നം. രാജ്യത്ത് 1.4 കോടി ജനങ്ങൾക്ക് അടിയന്തരമായി ഭക്ഷണം എത്തിക്കേണ്ടിവരുമെന്നാണു യുഎൻ ഏജൻസിയുടെ വിലയിരുത്തൽ.

അതിനിടെ അഫ്ഗാനിസ്താനിലെ വനിത ആരോഗ്യപ്രവർത്തകരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ താലിബാൻ നിർദേശിച്ചു. ട്വിറ്ററിലൂടെ താലിബാൻ വക്താവാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രവിശ്യകളിലേയും തലസ്ഥാനത്തേയും മുഴുവൻ വനിത ആരോഗ്യപ്രവർത്തകരും ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് താലിബാൻ പുറത്തിറക്കിയ പ്രസ് താവനയിൽ പറയുന്നു.

ആരോഗ്യമന്ത്രാലയത്തിന്റെ പേരിലാണ് പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്. താലിബാൻ വക്താവ് സാബിദുള്ളാഹ് മുജാഹിദാണ് ഇത് ട്വിറ്ററിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. വനിത ആരോഗ്യപ്രവർത്തകർക്ക് ജോലി ചെയ്യുന്നതിന് യാതൊരു തടസവും ഉണ്ടാവില്ലെന്നും താലിബാൻ അറിയിച്ചു.

അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചതിനെ തുടർന്ന് വിദേശത്ത് നിന്നുള്ള നിരവധി ആരോഗ്യപ്രവർത്തകർ രാജ്യത്ത് നിന്ന് മടങ്ങി പോയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് അഫ്ഗാന്റെ ആരോഗ്യമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് താലിബാൻ വനിത ആരോഗ്യപ്രവർത്തകരോട് ജോലിയിൽ തിരികെ പ്രവേശിക്കാൻ നിർദേശിച്ചിരിക്കുന്നത്.

ഇതിനിടെ കഴിഞ്ഞ ജനുവരിയിൽ ജോ ബൈഡൻ അധികാരമേറ്റതിനുശേഷം നടക്കുന്ന ആദ്യ സൈനികതല യോഗത്തിൽ ചൈനയും യുഎസും അഫ്ഗാൻ സ്ഥിതി വിലയിരുത്തി. വിഡിയോ വഴിയായിരുന്നു യോഗം. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനിക സഹകരണ വിഭാഗം ഡപ്യൂട്ടി ഡയറക്ടർ മേജർ ഹുവാങ് ഷൂപിങ്ങും യുഎസിന്റെ മൈക്കിൾ ചെയ്‌സും തമ്മിലായിരുന്നു ചർച്ച. അഫ്ഗാൻ അതിർത്തിയോടുചേർന്ന ഷിൻചിയാങ് പ്രവിശ്യയിലെ ഭീകരസംഘങ്ങളാണു ചൈനയുടെ ആശങ്ക.

അതിനിടെ, അഫ്ഗാനിൽനിന്ന് പാക്കിസ്ഥാനിലേക്കു ട്രക്കിൽ കടത്താനൊരുങ്ങിയ വൻ ആയുധശേഖരം പിടിച്ചതായി പാക്ക് കസ്റ്റംസ് അറിയിച്ചു. യുഎസ്‌നാറ്റോ സഖ്യം ഉപയോഗിച്ചിരുന്ന തോക്കുകൾ അടക്കം പാശ്ചാത്യ നിർമ്മിത ആയുധങ്ങളാണിവ. തോർഖാം അതിർത്തിയിലാണു സംഭവം. ഒരു അഫ്ഗാൻ പൗരൻ അറസ്റ്റിലായി.