- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിമാനത്തിൽ തൂങ്ങിയും വെടിയേറ്റ് വീണും നാടുവിട്ടവർ എത്ര ഭാഗ്യം ചെയ്തവർ; അഫ്ഗാനിലെ പെൺകുട്ടികൾ നേരിടുന്നത് പട്ടിണിയും വേശ്യാവൃത്തിയും; താലിബാൻ ഭരണത്തിന് കീഴിൽ സ്ത്രീകൾ വംശനാശം അടഞ്ഞേക്കും
കാബൂൾ: അഫ്ഗാനിസ്ഥാന്റെ ആകാശത്ത് മഞ്ഞുപെയ്തിറങ്ങാൻ ഒരുങ്ങി മേഘങ്ങൾ ഇരുണ്ടുകൂടുന്നു. അന്തരീക്ഷ താപനില അതിവേഗം താഴേക്ക് പതിക്കുകയാണ്. മനുഷ്യർക്ക് വിശപ്പകറ്റാനുള്ള ധാന്യമണികൾ ആവശ്യത്തിനു ലഭിക്കില്ല. ലഭിച്ചാൽ തന്നെ അത് വാങ്ങാൻ ഭൂരിഭാഗം പേരുടെയും കൈയിൽ പണമില്ല. ജനാധിപത്യം മതാധിപത്യത്തിനു വഴിമാറിയപ്പോൾ അഫ്ഗാനിസ്ഥാൻ സർവ്വനാശത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുകയാണ്. ഏകദേശം രണ്ടരക്കോടി ജനങ്ങൾ ഇപ്പോൾ രൂക്ഷമായ ഭക്ഷ്യക്ഷാമത്തെ അഭിമുഖീകരിക്കുകയാണെന്നാണ് സന്നദ്ധ സംഘടനകൾ പറയുന്നത്.
അവശേഷിച്ച ഗോതമ്പുമണികൾ പൊടിച്ച് റൊട്ടിയുണ്ടാക്കി അൽപ്പാൽപ്പമായി പട്ടിണിയകറ്റാൻ ശ്രമിക്കുകയാണ് പല കുടുംബങ്ങളും. അവർ ഭാഗ്യം ചെയ്തവരാണ്. ഇനിയും കുറച്ചുനാൾ കൂടി ആ വീടുകളിലെ കുട്ടികൾ വിശന്നു കരയുകയില്ല. എന്നാൽ മറ്റു പലരുടെയും അവസ്ഥ അതല്ല. ദിവസക്കൂലിക്ക് തൊഴിൽ ചെയ്ത് കുടുംബം പുലർത്തിയിരുന്ന ഖാദിറിന് താലിബാൻ അധികാരമേറ്റതോടെ തൊഴിലും നഷ്ടപ്പെട്ടു. ആറു മക്കളുടെ പട്ടിണിയകറ്റാൻ മറ്റൊരു മാർഗ്ഗമില്ലാതെ വന്നതോടെ 1,386 പൗണ്ടിന് തന്റെ മൂത്തമകൾ സൊഹ്റയെ ഒരു 52 കാരന് വിൽക്കുകയായിരുന്നു അയാൾ.
താൻ വാങ്ങിയ പെൺകുട്ടിയെ എടുക്കാൻ എപ്പോൾ അയാൾ വരുമെന്ന് കാത്തിരിക്കുകയാണ് ഇപ്പോൾ ഖാദിറും കുടുംബവും. എന്നാൽ, അയാൾ നൽകിയ പണത്തിന്റെ മുക്കാൽ ഭാഗവും ഇതിനോടകം തന്നെ ചെലവഴിച്ചു കഴിഞ്ഞു. കടങ്ങൾ തീർക്കുവാനും മകന്റെ ചികിത്സയ്ക്കുമായാണ് പണമേറെയും ചെലവായതെന്ന് ഖാദിർ പറയുന്നു. ദിവസങ്ങൾ കഴിയുന്തോറും തന്നെ കാത്തിരിക്കുന്ന ഭീകരമായ ഭാവിയേക്കുറിച്ചുള്ള പേടിസ്വപ്നങ്ങളും കണ്ട് സൊഹ്റ ഉറക്കമില്ലാത്ത രാത്രികൾ പിന്നിടുകയാണ്. ഭയമൂറുന്ന ആ കുഞ്ഞു കണ്ണുകളിൽ ഊറിയടിയുന്ന കണ്ണുനീരുമതി തീവ്രവാദത്തിന്റെ ക്രൂരത മനസ്സിലാക്കാൻ.
തന്നെ എന്തിനാണ് വിറ്റതെന്ന് അവൾ ചോദിക്കുമ്പോൾ ഉത്തരമില്ലാതെ വിഷമിക്കുകയാണ് അവളുടെ മാതാപിതാക്കൾ. പതിനഞ്ച് വയസ്സുമാത്രം പ്രായമുള്ള മകൾ 52 കാരനൊപ്പം എങ്ങനെ ജീവിക്കുമെന്നാലോചിച്ച് മാതാപിതാക്കൾക്കും ഉറക്കമില്ലാത്ത രാത്രികളാണ്. താലിബാൻ അധികാരം പിടിച്ചെടുക്കുന്നതിനു മുൻപ് തന്നെ അഫ്ഗാനിസ്ഥാനിൽ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. പതിറ്റാണ്ടുകൾ നീണ്ട ആഭ്യന്തര സംഘർഷവും വരൾച്ചയും കൂടെ കോവിഡും ലക്ഷക്കണക്കിന് പേരുടെ അന്നമാണ് മുട്ടിച്ചത്. പുതിയ ഭരണകൂടം എത്തിയതോടെ ദുരിതങ്ങൾ വർദ്ധിക്കുകയായിരുന്നു. രാജ്യം സർവ്വനാശത്തിലേക്ക് കൂപ്പ് കുത്താൻ തുടങ്ങുകയും ചെയ്തു.
അഫ്ഗാനിസ്ഥാന്റെ മൊത്തം ആഭ്യന്തര ഉദ്പാദനത്തിന്റെ 40 ശതമാനം വരുമായിരുന്ന വിദേശ സാമ്പത്തിക സഹായം കൂടി നിർത്തലായതോടെ ദുരിതം വർദ്ധിച്ചു. പല ബാങ്കുകളും അടച്ചുപൂട്ടി. ലക്ഷങ്ങൾക്കാണ് തൊഴിൽ നഷ്ടമായത്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് അനുസരിച്ച് 5 ശതമാനം കുടുംബങ്ങൾക്ക് മാത്രമാണ് ദിവസേന കഴിക്കാൻ മതിയാകുന്ന ഭക്ഷണം കൈവശമുള്ളത്. ജനസംഖ്യയിൽ പകുതിയിലേറെ പേർ പട്ടിണിയിലാണെന്നും ഈ റിപ്പോർട്ട് പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണ് അഫ്ഗാൻ ഇപ്പോൾ നേരിടുന്നത്.
ഈയാഴ്ച്ച ബി ബി സി റിപ്പോർട്ടറായ ജോൺ സിംപ്സൺ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു അഫ്ഗാനിലെ ഒരു അമ്മയുടേ കഥ റിപ്പോർട്ട് ചെയ്തത്. ഏഴു മക്കളുള്ള അമ്മ പഴംപായ കെട്ടിമറച്ച കുടിലിൽ മക്കൾക്ക് ഭക്ഷണം നൽകുവാൻ ദുരിതമനുഭവിക്കുന്ന കഥയായിരുന്നു അത്. ഇത്രയും വലിയൊരു ദുരന്തം താൻ ഇതുവരെ കണ്ടിട്ടില്ലായിരുന്നു എന്നാണ് 77 കാരനായ ജോൺ സിംപ്സൺ പറഞ്ഞത്. കഴിഞ്ഞമാസം മറ്റൊരു ബി ബി സി റിപ്പോർട്ടറായ യോഗിത ലിമായെ, 370 പൗണ്ടിന് മകളെ വിറ്റ ഒരു അമ്മയുടെ കഥ പറഞ്ഞിരുന്നു. പിച്ചവെച്ച് നടക്കാൻ പോലും ആരംഭിക്കാത്ത കുട്ടിയേയാണ് ഒരാൾ തന്റെ മകന്റെ ഭാവി വധുവായി വാങ്ങിയത്.
പകുതി തുക അപ്പോൾ തന്നെ നൽകുകയും ബാക്കി തുക കുട്ടി നടക്കാൻ തുടങ്ങുമ്പോൾ നൽകാമെന്നുമായിരുന്നത്രെ കരാർ. പട്ടിണി കിടന്ന് മരിക്കുന്ന മറ്റു മക്കളെ രക്ഷിക്കാൻ ഒരു മകളെ വിൽക്കുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലായിരുന്നു എന്നാണ് നിസ്സഹായയായ ആ അമ്മ പറഞ്ഞത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് അഫ്ഗാനിൽ പ്രവർത്തിക്കുന്ന വിവിധ പത്രപ്രവർത്തകർ പറയുന്നത്. പെൺമക്കളെ വിൽക്കുന്ന സംഭവം അഫ്ഗാനിസ്ഥാനിൽ പതിവായിരിക്കുകയാണെന്ന് അഫ്ഗാൻ സിവിൽ റൈറ്റ്സ് ആക്ടിവിസ്റ്റായ മൊഹമ്മദ് നയീം നസീം പറയുന്നു.
കടബാദ്ധ്യതകൾ തീർക്കുവാനും, അതുപോലെ വരുമാന ലബ്ദിക്കും ആയാണ് ഇങ്ങനെ വില്പന നടക്കുന്നത്. മിക്കപ്പോഴും പ്രായമേറിയ പുരുഷന്മാരാണ് കൊച്ചു പെൺകുട്ടികളെ വാങ്ങുന്നത്. അതോടെ ആ കുട്ടികളുടെ ഭാവി ഇരുളടയുകയായി. പ്രസവം മാത്രമായിരിക്കും പിന്നെ ഇവരുടെ തൊഴിൽ.. 2017-ൽ ശിശുവിവാഹം ഇല്ലാതെയാക്കുവാൻ ദേശീയാടിസ്ഥാനത്തിൽ തന്നെ സർക്കാർ ചില പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. രാജ്യത്തിന്റെ വികസനത്തിന് മുൻതൂക്കം നൽകിക്കൊണ്ട്18 വയസ്സിനു മുൻപുള്ള വിവാഹം നിരോധിക്കാനായിരുന്നു പദ്ധതി.
എന്നാൽ, താലിബാൻ വീണ്ടും അധികാരത്തിലെത്തിയതോടെ അഫ്ഗാൻ വനിതകളുടെ ദുരിതം ആരംഭിക്കുകയായിരുന്നു. സമൂഹത്തിലെ രണ്ടാം കിട പൗരന്മാരായി മാത്രം സ്ത്രീകളെ കാണുന്ന താലിബാൻ നിയമം അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ വംശനാശത്തിനു തന്നെ ഇടയാക്കിയേക്കുമെന്ന് ചിലർ പറയുന്നു. ഇങ്ങനെ മക്കളെ വിൽക്കുമ്പോൾ വാങ്ങുന്നവരുടെ ഒരു വിവരവും മാതാപിതാക്കൾക്ക് അറിയില്ലെന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. സൊഹ്റയെ വങ്ങിയ ആളുടെ പേരല്ലാതെ മറ്റൊന്നും ഖാദിറിന് അറിയില്ല. അതുകൊണ്ടുതന്നെ അയാൾ അവളെ കൊണ്ടുപോയാൽ പിന്നെ കാണാൻ തന്നെ കഴിഞ്ഞെന്നും വരില്ല.
അതുപോലെ ഹതഭാഗ്യനായ മറ്റൊരു പിതാവാണ് 70 കാരനായ ഹാലിം. തൊഴിൽ നഷ്ടപ്പെട്ടതോടെ ജീവിക്കാൻ ആകാതെ സ്വന്തം ഗ്രാമം വിട്ടുപോകേണ്ടിവന്നു അയാൾക്കും കുടുംബത്തിനും. കൈയിലുള്ള പണം തീർന്നപ്പോൾ മറ്റു മക്കളുടെ പട്ടിണിയകറ്റാൻ മൂത്തമകളെ വിൽക്കേണ്ടിയും വന്നിരിക്കുന്നു. 820 പൗണ്ടിനാണത്രെ ഇയാൾ മകളെ വിൽക്കാൻ ഉദ്ദേശിക്കുന്നത്. മനസ്സിൽ മരണമടഞ്ഞ മോഹങ്ങളും പേറി വാങ്ങുവാനെത്തുന്നവരെ കാത്തിരിക്കുന്ന പെൺകുട്ടികളുടെ എണ്ണം അഫ്ഗാനിസ്ഥാനിൽ വർദ്ധിച്ചുവരികയാണ്. മതാന്ധത ബാധിച്ച കാട്ടാളക്കൂട്ടത്തിന് ഒരു രാജ്യത്തെ എങ്ങനെ നശിപ്പിക്കാൻ കഴിയുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് താലിബാന് കീഴിലെ അഫ്ഗാനിസ്ഥാൻ.
മറുനാടന് ഡെസ്ക്