ന്യൂഡൽഹി: പുലിറ്റ്‌സർ ജേതാവായ ഇന്ത്യൻ ഫോട്ടോജേണലിസ്റ്റ് ഡാനിഷ് സിദ്ദിഖ്വി കൊല്ലപ്പെട്ടത് തങ്ങളുമായി സഹകരിക്കാത്തതുകൊണ്ടാണെന്ന് താലിബാൻ. അഫ്ഗാനിസ്ഥാനിൽ, മുഖ്യനഗരങ്ങളായ ഹെരാത്തും, കാണ്ഡഹാറും പിടിച്ചെടുത്ത് മുന്നേറുന്നതിനിടെ, താലിബാൻ വക്താവ് എൻഡി ടിവിയുമായുള്ള അഭിമുഖത്തിനിടെയാണ് ഇത് വ്യക്തമാക്കിയത്.

അഫ്ഗാനിസ്ഥാന്റെ 90 ശതമാനവും തങ്ങളുടെ നിയന്ത്രണത്തിൽ ആയെന്ന് ദോഹയിലെ രാഷ്ട്രീയ ഓഫീസിൽ നിന്ന് വക്താവായ മുഹമ്മദ് സൊഹൈൽ ഷഹീൻ പറഞ്ഞു. തങ്ങളാണ് ഡാനിഷ് സിദ്ദിഖ്വിയെ വകവരുത്തിയത് എന്ന് സമ്മതിക്കാൻ അദ്ദേഹം തയ്യാറായില്ല. ' ഞങ്ങളുടെ അംഗങ്ങളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയത് എന്ന് പറയാനാവില്ല. അദ്ദേഹം ഞങ്ങളോട് സഹരിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് ചോദിക്കൂ. ഞങ്ങളുടെ സ്ഥലങ്ങളിൽ വരുമ്പോൾ ഞങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കണമെന്ന് പലവട്ടം മാധ്യമപ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ അത്തരാക്കാരുടെ സംരക്ഷണം ഉറപ്പു വരുത്തും. എന്നാൽ, ഡാനിഷ് സിദ്ദിഖ്വി കാബൂളിലെ അഫ്ഗാൻ സുരക്ഷാ സേനയുമായി സഹകരിച്ചാണ് പ്രവർത്തിച്ചത്. അതുകൊണ്ട് തന്നെ അവിടെ ഒരു വ്യത്യാസം അനുഭവിപ്പെട്ടില്ല. അത് സുരക്ഷാ ഉദ്യോഗസ്ഥരാണോ, അഫ്ഗാൻ സൈനികരാണോ, മാധ്യമ പ്രവർത്തകനാണോ എന്ന വ്യത്യാസം അവിടെ ഉണ്ടായില്ല. ഏറ്റുമുട്ടലിനിടെയാണ് ഡാനിഷ് കൊല്ലപ്പെട്ടത്. ആരുടെ വെടിയേറ്റെന്ന് വ്യക്തമല്ല, മുഹമ്മദ് സൊഹൈൽ ഷഹീൻ പറഞ്ഞു.

ഡാനിഷിന്റെ മൃതദേഹം വികൃതമാക്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, തങ്ങളല്ല ഇതിന് പിന്നിലെന്ന് രണ്ട് മൂന്നുതവണ ആവർത്തിച്ചതാണെന്ന് വക്താവ് അവകാശപ്പെട്ടു. അത്തരം വികൃതമാക്കൽ ഞങ്ങളുടെ നയമല്ല. ഞങ്ങളെ താറടിച്ചുകാട്ടാൻ സുരക്ഷാ സൈനികർ ചെയ്തതാകാൻ ആണ് സാധ്യത. മൃതദേഹം വികൃതമാക്കൽ, ഇസ്ലാം നിയമവിരുദ്ധമാണെന്നും വക്താവ് പറഞ്ഞു.

താലിബാൻ ഇന്ത്യയുടെ ശത്രുവോ?

താലിബാൻ ഇന്ത്യയെ ശത്രുവാ, മിത്രമോ ..എങ്ങനെയാണ് കാണുന്നത്? 'നിങ്ങൾ ഈ ചോദ്യം നിങ്ങളുടെ സർക്കാരിനോടാണ് ചോദിക്കേണ്ടത്. താലിബാൻ ശത്രുവാണോ, മിത്രമാണോ എന്ന്, എന്നോടല്ല. ഞങ്ങൾക്കെതിരെ തിരിയാൻ അഫ്ഗാൻ ജനതയ്ക്ക് തോക്കും, വെടിക്കോപ്പുകളും ഇന്ത്യ നൽകുകയാണെങ്കിൽ, തീർച്ചയായും അത് ശത്രുതയായി കണക്കാക്കപ്പെടും. എന്നാൽ, ഇന്ത്യ അഫ്ഗാന്റെ സമാധാനത്തിനും, സമൃദ്ധിക്കും വേണ്ടി ഇടപെട്ടാൽ ശത്രുതയായി വ്യാഖ്യാനിക്കപ്പെടുകയുമില്ല. എന്താണ് വേണ്ടതെന്ന് ഇന്ത്യയാണ് തീരുമാനിക്കേണ്ടത്'.

താലിബാനുമായി ഇന്ത്യ ചർച്ച നടത്തിയെന്ന റിപ്പോർട്ടുകളെ കുറിച്ച് ചോദിച്ചപ്പോൾ താനും അങ്ങനെ കേട്ടെന്നായിരുന്നു വക്താവിന്റെ മറുപടി. 'ദോഹയിലോ മറ്റെവിടെയോ വെച്ച് ഇന്ത്യൻ പ്രതിനിധി സംഘം താലിബാനുമായി ചർച്ച നടത്തിയെന്ന് കേട്ടു. എന്നാൽ, അത് സ്ഥിരീകരിക്കാൻ എനിക്ക് കഴിയില്ല. എന്നാൽ, ഇന്നലെ ദോഹയിൽ ഒരു സമാധാന ചർച്ച നടന്നപ്പോൾ അതിൽ താലിബാൻ പ്രതിനിധി സംഘവും, ഇന്ത്യൻ പ്രതിനിധി സംഘവും ഉണ്ടായിരുന്നു' എന്നും മുഹമ്മദ് സൊഹൈൽ ഷഹീൻ പറഞ്ഞു.

തങ്ങൾ അധികാരത്തിലേറിയാൽ, ഭീകരസംഘടനകളായ ഐസിസിനെയോ, അൽഖ്വായിദയെയോ അഫ്ഗാൻ മണ്ണിൽ നിന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല. പാക്കിസ്ഥാൻ, താലിബാന് സജീവ പിന്തുണ നൽകുന്നുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. പാക്കിസ്ഥാനുമായി ഇന്ത്യക്കുള്ള ശത്രുത കൊണ്ടാണ് നിങ്ങൾ അങ്ങനെ ചിന്തിക്കുന്നത് എന്നായിരുന്നു മറുപടി.

കാബൂളിന് 50 കിലോമീറ്റർ അകലെ താലിബാൻ

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് താലിബാൻ മുന്നേറ്റം. കാണ്ഡഹാറിന് പിന്നാലെ കാബൂളിന് തൊട്ടടുത്ത പ്രവിശ്യ അടക്കം താലിബാൻ പിടിച്ചടക്കി. അതിനിടെ, സമാധാനനീക്കങ്ങൾക്കായി നാറ്റോ നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചു. കാണ്ഡഹാർ പിടിച്ചെടുത്ത് മണിക്കൂറുകൾക്ക് ഉള്ളിൽ 3 തന്ത്രപ്രധാനപ്രവിശ്യകളാണ് താലിബാൻ പിടിയിലായത്. കാബൂളിന് 50 കി.മീ. അകലെയുള്ള ലോഗർ പ്രവിശ്യയാണ് ഏറ്റവും ഒടുവിൽ പിടിച്ചെടുത്തത്. ഇതോടെ അഫ്ഗാനിൽ ആകെയുള്ള 34 പ്രവിശ്യകളിൽ 18 പ്രവിശ്യകളും താലിബാൻ നിയന്ത്രണത്തിലായി.

കൂടുതൽ സൈന്യത്തെ വിന്യസിച്ച് ചെറുത്തുനിൽപ്പ് തുടരുമെന്ന് അഫ്ഗാൻ സർക്കാർ വ്യക്താക്കുമ്പോഴും, പല മേഖലകളിലും കാര്യമായ ഏറ്റുമുട്ടലുകളില്ലാതെയാണ് താലിബാൻ മുന്നേറ്റം. സമാധാന നീക്കങ്ങൾക്കായി നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം ചേരുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ അറിയിച്ചു.

സംഘർഷമേഖലകളിലേക്ക് അമേരിക്കയും ബ്രിട്ടണും കൂടുതൽ സൈന്യത്തെ വിന്യസിച്ചു കഴിഞ്ഞു. അവരവരുടെ പൗരന്മാരെ തിരികെ കൊണ്ടുവരാനുള്ള ശ്രമം ഊർജിതമാക്കുകയാണ് ഇരുരാജ്യങ്ങളും. സുരക്ഷിത പാതയൊരുക്കി യുഎസ്, ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഈ ആഴ്ച തന്നെ തിരികെ എത്തിക്കാനാണ് ശ്രമം.

അമേരിക്കയ്ക്കും ബൈഡനും ക്ഷീണം

ഖത്തറിലും കുവൈറ്റിലും ഉള്ള തങ്ങളുടെ 8000 ത്തോളം സൈനികരെ അഫ്ഗാനിസ്ഥാനിൽ നിയോഗിച്ച് തങ്ങളുടെ ഉദ്യോഗസ്ഥരെ ഒഴിപ്പിക്കുന്ന തിരക്കിലാണ് അമേരിക്ക. അമേരിക്കൻ ഇന്റലിജൻസ് പറഞ്ഞത് പോലെ കാബൂൾ പിടിക്കാൻ മൂന്നുമാസമൊന്നും താലിബാന് വേണ്ടി വരില്ല. കാബൂളിന് 100 കിലോമീറ്റർ ചുറ്റളവ് താലിബാൻ നിയന്ത്രണത്തിലായി കഴിഞ്ഞു.

അഫ്ഗാനിസ്ഥാനെ അതിന്റെ വിധിക്ക് വിടുക. അവിടുന്ന് വേഗം കടക്കുക. ഇതാണ് അമേരിക്കയുടെ ഇപ്പോഴത്തെ മനസിലിരുപ്പ്. താലിബാൻ ഇപ്പോഴേ പണി തുടങ്ങി കഴിഞ്ഞു. സംഗീത നിരോധനവും സെൽ ഫോൺ നിരോധനവും ഒക്കെ അവർ അധീനതയിൽ ആക്കിയ സ്ഥലങ്ങളിൽ നടപ്പാക്കി തുടങ്ങിയെന്നാണ് റിപ്പോർട്ട്. കഴക്കൻ അഫ്ഗാനിസ്ഥാനിലെ പാക്ത്യയിൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് നിരോധിച്ചെന്നും കേ്ൾക്കുന്നു. പാക്ത്യയിലുള്ള റീജ്യണൽ ആശുപത്രിയിൽ ഇതുസംബന്ധിച്ച നോട്ടീസ് പതിച്ചതായി ഷംഷദ് ന്യൂസ് റിപ്പോർട്ടു ചെയ്തു.

അഫ്ഗാനിസ്ഥാനിൽ ആധിപത്യം ഉറപ്പിച്ചതിന് പിന്നാലെ സ്ത്രീകൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി താലിബാൻ. നിയന്ത്രണങ്ങളുടെ ഭാഗമായി സ്ത്രീകൾ ജോലിക്ക് പോകുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പൊതുസ്ഥലത്ത് മുഖം മറച്ചില്ലെന്ന പേരിൽ പലയിടത്തും സ്ത്രീകളെ ജോലികളിൽ നിന്നും പിരിച്ചു വിട്ട് തുടങ്ങി.

അഫ്ഗാനിസ്ഥാനിലെ വിവിധ ബാങ്കുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഇനി മുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ താലിബാന്റെ അധീനതയിൽ ആയിരുന്ന 1996-2001 കാലഘട്ടത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

കഴിഞ്ഞ മാസം കാണ്ഡഹാറിൽ ആയുധധാരികളായ താലിബാൻകാർ ഒരു ബാങ്കിൽ എത്തുകയും അവിടെ ജോലി ചെയ്തിരുന്ന ഒൻപത് വനിതാ ജീവനക്കാരെ അവരുടെ വീടുകളിൽ എത്തിക്കുകയും ഇനി ജോലിക്ക് പോകരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. പകരം ബന്ധുവായ പുരുഷനെ ബാങ്കിലേക്ക് ജോലിക്കായി അയക്കുകയും ചെയ്തു. ജോലി നഷ്ടമായ മൂന്ന് സ്ത്രീകളും ബാങ്ക് മാനേജരും ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഹെറാത്തിലെ മറ്റൊരു ബാങ്കിലും സമാന സംഭവം നടന്നിരുന്നു. മൂന്ന് വനിതാ ജീവനക്കാരെ ബാങ്കിലെത്തിയ ആയുധധാരികൾ വീട്ടിലേക്ക് തിരിച്ചയക്കുകയും പകരം ബന്ധുക്കളായ പുരുഷന്മാരെ ബാങ്കിലേക്ക് അയക്കുകയും ചെയ്തിരുന്നു.സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കാത്തത് വളരെ വിചിത്രമാണെന്നും അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ സംഭവിക്കുന്നത് അതാണെന്നും ബാങ്ക് ജീവനക്കാരിയായ നൂർ ഖത്തേര റോയിട്ടേഴ്‌സിനോട് പറഞ്ഞു

9-11 ഭീകരാക്രമണത്തിന് പക വീട്ടാൻ ആവശ്യത്തിലധികം രക്തം ചീന്തി കഴിഞ്ഞുവെന്നാണ് ബൈഡന്റെയും മുൻഗാമികളുടെയും ഒക്കെ ചിന്ത.20 വർഷത്തെ യുഎസ് സൈനിക സാന്നിധ്യം ഉണ്ടായിട്ടും അഫ്ഗാനിസ്ഥാൻ വിട്ട് ആഴ്ചകൾക്കകം താലിബാന് മേൽക്കൈ ഉണ്ടായ സാഹചര്യത്തിൽ അവിടെ കുറെ നാൾ കൂടി തുടർന്നിരുന്നെങ്കിലും കാര്യം ഒന്നും ഇല്ലായിരുന്നു എന്ന് വാദിക്കുന്നവരുണ്ട്. മാറി മാറി വന്ന യുഎസ് പ്രസിഡന്റുമാരെയും, ഇന്റലിജൻസ് ഏജൻസികളെയും, സൈനിക കമാൻഡർമാരെയും ഒക്കെ പഴിക്കുന്നവരും ഉണ്ട്. 1968 ന് ശേഷം അമേരിക്കൻ ഇന്റലിജൻസിന് ഉണ്ടായ ഏറ്റവും വലിയ പരാജയം ആണിത്. 

സിഐഎയുടെയും മറ്റും മൂക്കിന് താഴെ എങ്ങനെ താലിബാന് ഇത്രയും വിശദമായ ഓപ്പറേഷൻ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ കഴിഞ്ഞുവെന്നാണ് ചില വിദഗ്ദ്ധർ ചോദിക്കുന്നത്.