- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷകരുടെ ആനുകൂല്യങ്ങൾക്കായി ഓൺലൈൻ പ്ലാറ്റ്ഫോം ഒരുക്കാൻ കൃഷിഭവനുകൾക്ക് നൽകിയത് ലക്ഷങ്ങൾ; ഒടുവിൽ പ്ലാറ്റ്ഫോമുമില്ല, പണവുമില്ല; ഫണ്ട് മുക്കൽ വിവാദമായപ്പോൾ പണം തിരിച്ചടച്ച് തല ഊരാൻ കൃഷി ഓഫീസർമാർ; കുറ്റക്കാരെ രക്ഷിക്കാൻ വകുപ്പിന്റെ ഒത്താശയും; കള്ളൻ ദിവ്യനാകുന്ന കഥ!
മലപ്പുറം: കർഷകരുടെ ആനുകൂല്യങ്ങൾ ബാങ്ക് ആക്കൗണ്ട് വഴി നൽകാൻ വിവരശേഖരണത്തിന് കൃഷി ഓഫീസുകൾക്ക് നൽകിയ ലക്ഷക്കണക്കിന് രൂപ മുക്കി കൃഷി ഓഫീസർമാർ. ഒടുവിൽ അന്വേഷണം ആരംഭിച്ചപ്പോൾ ദുരുപയോഗം ചെയ്ത പണം 18% പലിശ സഹിതം തിരിച്ചടച്ച് തല ഊരാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. ഇത് അംഗീകരിച്ച് തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയായിരുന്നു കൃഷി വകുപ്പ് എന്നും ആരോപണമുണ്ട്.
പ്രാദേശിക പത്രപ്രവർത്തകനായിരുന്ന സജി രാജന്റെ അന്വേഷണമാണ് മലപ്പുറം ജില്ലയിലെ ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ഇതിനെ തുടർന്ന് ജില്ലാ ധനകാര്യ പരിശോധനാ സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ 94 കൃഷി ഓഫീസർമാരും ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററും ഇത്തരത്തിലുള്ള തിരിമറി നടത്തിയതായി കണ്ടെത്തി. എന്നാൽ സർക്കാർ ഫണ്ട് തട്ടിയെടുത്തിട്ട് അന്വേഷണറിപ്പോർട്ട് എതിരായപ്പോൾ പണം പലിശ സഹിതം തിരിച്ചടയ്ക്കാമെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയത്. ആരോപണ വിധേയരായ എല്ലാ ഉദ്യോഗസ്ഥരും ഒരേ മറുപടി നൽകിയതിനും വകുപ്പ് അത് ആംഗീകരിച്ചതിന് പിന്നിലും ഡിപ്പാർട്ട്മെന്റ് സംഘടനയുടെയും വകുപ്പ് അധികൃതരുടെയും ഒത്തുകളിയാണ് പുറത്തുവരുന്നത്.
കർഷകരുടെ ആനുകൂല്യങ്ങൾ ഓൺലൈൻ സംവിധാനത്തിലൂടെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച സ്കീം ഓഫ് അഗ്രോ സർവീസ് സെന്റെഴ്സ് ആൻഡ് സർവീസ് ഡെലിവറി പദ്ധതി പ്രകാരം കർഷകരുടെ വിവരങ്ങൾ ഓൺലൈൻ സംവിധാനത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യുന്നതിനായി ഒരു കർഷകന് ഏഴ് രൂപ വീതം അക്ഷയ കേന്ദ്രങ്ങൾക്ക് കൃഷി വകുപ്പ് നൽകിയിരുന്നു. എന്നാൽ കർഷകരുടെ അപൂർമായ വിവരങ്ങൾ നൽകി ഐഡി ജനറേറ്റ് ചെയ്യുകമാത്രമാണ് അക്ഷയ കേന്ദ്രങ്ങൾ ചെയ്തത്.
അക്ഷയ കേന്ദ്രങ്ങൾ നടപ്പിലാക്കിയ രജിസ്ട്രേഷൻ അപൂർണവും ഇ -പേയ്മന്റ് അടക്കമുള്ള നൂതന സംവിധാനങ്ങൾക്ക് ഉതകാത്തതുമായിരുന്നു. അതിനാൽ കർഷകരുടെ ആധാർ, ഫോട്ടോ, തുടങ്ങിയവ ഓൺലൈൻ സംവിധാനത്തിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് വേണ്ടി ഒരു കർഷകന് രണ്ട് രൂപ നിരക്കിലും വയനാട് ജില്ലയിൽ മാത്രം ഒരു കർഷകന് നാല് രൂപ നിരക്കിലും കൃഷി ഡയറക്ടറേറ്റിൽ നിന്നും 2015 ൽ 30.54 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെയും അത് സംബന്ധിച്ച് യാതൊരു അപ്ഡേഷനും നടന്നിട്ടില്ല. ഇത് സംബന്ധിച്ച് സജി രാജൻ നടത്തിയ വിവരാവകാശ പോരാട്ടമാണ് മലപ്പുറം ജില്ലയിൽ മാത്രം 94 പേരെ കുറ്റക്കാരായി കണ്ടെത്തിയ അന്വേഷണത്തിന് കാരണമായി തീർന്നത്.
ട്രഷറിയിൽ നിന്നും തുക മാറിയെടുത്തവരാണ് 94 പേരും. ഇക്കൂട്ടത്തിൽ 500 രൂപ ലഭിച്ചവർ മുതൽ 10000 രൂപ ലഭിച്ചവർ വരെയുണ്ട്. എന്നാൽ അന്വേഷണ സംഘം കുറ്റക്കാരായി കണ്ടത്തിയ ശേഷം 18% പലിശ സഹിതം തിരച്ചടച്ച് തടിയൂരാനാണ് അവരുടെ ശ്രമം. മലപ്പുറം ജില്ലയിലല്ലാതെ മറ്റൊരിടത്തും ഇത് സംബന്ധിച്ച് അന്വേഷണം പോലും നടന്നിട്ടില്ല. കൃഷി വകുപ്പ് അനുവദിച്ച 30.54 ലക്ഷം രൂപയിൽ ബഹുഭൂരിഭാഗവും വെള്ളത്തിൽ വരച്ച വരയായി മാറുകയാണ്. അതതിനാൽ ബാക്കി 13 ജില്ലകളിൽ കൂടി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സജി.
മലപ്പുറത്ത് പണമടച്ച് ഉദ്യോഗസ്ഥർ തല ഊരിയാൽ സർക്കാർ മേഖലയിലെ എല്ലാ സാമ്പത്തിക തട്ടിപ്പ് കേസുകളിലും ഇതൊരു കീഴ്വഴക്കമായി മാറിയേക്കാമെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ലക്ഷക്കണക്കിന് രൂപ സർക്കാർ ട്രഷറിയിൽ നിന്നും അനധികൃതമായ തട്ടിയെടുത്തവരെ പണം തിരിച്ചടപ്പിച്ച് രക്ഷപ്പെടുത്തുമ്പോൾ ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഇവിടെ രണ്ട് നിയമമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.