ന്യൂഡൽഹി: തുറമുഖ രാജാവായ അദാനി കേരളത്തിലെ ഇടതു സർക്കാരിനെ വിലയ്‌ക്കെടുക്കുന്നുവോ? കേരളത്തിൽ കരിമണൽ ബിസിനസ് ആരംഭിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയെ കാണാൻ ഗൗതം അദാനിയുടെ മകൻ കരൺ അദാനിയെത്തിയത് കഴിഞ്ഞയാഴ്ചയായിരുന്നു. ഇതിനു പിന്നാലെ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിലിനെ ഗുജറാത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ് അദാനി.

വിഴിഞ്ഞം തുറമുഖം സമയത്ത് പൂർത്തിയാക്കാത്തതിന് അദാനി നിയമപരമായി നൽകേണ്ട നഷ്ടപരിഹാരം വേണ്ടെന്നു വച്ചത് ദേവർകോവിലായിരുന്നു. മാത്രമല്ല അദാനിക്ക് വിഴിഞ്ഞത്ത് പുലിമുട്ട് പണിയാൻ പാറയെത്തിച്ച ഇടപാടിനു പിന്നിലും അദ്ദേഹമാണ്. തമിഴ്‌നാട്ടിലെത്തി തൂത്തുക്കുടിയിൽ നിന്നും മറ്റും പാറ കൊണ്ടുവരാൻ തമിഴ്‌നാട് സർക്കാരുമായി ചർച്ച നടത്തിയതും ദേവർകോവിലാണ്. ഇതിനൊക്കെയുള്ള സമ്മാനമെന്നോണമാണ് അദാനി ദേവർകോവിലിനെ ഗുജറാത്തിലേക്ക് ക്ഷണിച്ചത്. ഇതിനൊപ്പം കേരളത്തിലെ പല ക്വാറികലും അദാനിക്ക് നൽകുകയും ചെയ്തു.

അദാനിയുടെ മുന്ദ്ര പോർട്ട് സന്ദർശനം എന്നാണ് ഔദ്യോഗിക അജൻഡയെങ്കിലും അദാനിയുടെ സത്കാരം സ്വീകരിക്കലാണ് ദൗത്യം. ചീഫ്‌സെക്റട്ടറിയും സംഘവും ഗുജറാത്ത് ഡാഷ് ബോർഡ് മോഡൽ പഠിക്കാൻ ഗുജറാത്തിൽ പോയത് വൻവിവാദമായതിനാൽ ഐ.എൻ.എൽ മന്ത്രിയായ ദേവർകോവിൽ തുറമുഖ പഠനത്തിന് അവിടേക്ക് പോവുമോയെന്ന് വ്യക്തമല്ല. മന്ത്രിക്ക് അദാനിയുടെ അതിഥിയായി ഗുജറാത്തിൽ പോവാൻ താത്പര്യമുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനമായിരിക്കും അന്തിമം. തുറമുഖം വന്നാലുണ്ടാവുന്ന വികസനവും അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുന്നതും വമ്പൻ വികസന പദ്ധതികളുമൊക്കെ കണ്ടുപഠിക്കാനാണ് മന്ത്രിയെ ക്ഷണിച്ചതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. എന്നാൽ വിവാദം ഭയന്ന് മന്ത്രി ഗുജറാത്ത് സന്ദർശനം ഒഴിവാക്കിയേക്കുമെന്നും അറിയുന്നു.

വിഴിഞ്ഞം തുറമുഖ നിർമ്മാണം സമയത്ത് തീർക്കാത്തതിന് അദാനി പ്രതിദിനം 12ലക്ഷം രൂപ സർക്കാരിന് പിഴ നൽകേണ്ടതായിരുന്നു. എന്നാൽ പിഴയൊടുക്കുന്നതിൽ നിന്ന് ഒഴിവാക്കിയത് ദേവർകോവിലാണ്. മാത്രമല്ല വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനുള്ള കരാർ കാലാവധി നീട്ടിനൽകുകയും ചെയ്തു. ആയിരം ദിവസം കൊണ്ട് തുറമുഖം പണിയുമെന്ന് കരാറൊപ്പിടുമ്പോൾ അവകാശപ്പെട്ട ഗൗതംഅദാനി, കോവിഡും കാലാവസ്ഥാ പ്രതിസന്ധിയും പാറദൗർലഭ്യവും കാരണം ഇനിയുമൊരു മൂന്നുകൊല്ലം കൂടി കരാർ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടതും സർക്കാർ അംഗീകരിച്ചു. 1460 ദിവസം കൊണ്ട്, 2019 ഡിസംബർ 3ന് പദ്ധതി യാഥാർത്ഥ്യമാക്കണമെന്നായിരുന്നു കരാർ. 2024വരെ കരാർ നീട്ടണമെന്നാണ് അദാനിയുടെ ആവശ്യമാണ് സർക്കാർ സൂത്രത്തിൽ അംഗീകരിച്ചത്.

കരാർ കാലാവധിക്കുള്ളിൽ തുറമുഖനിർമ്മാണത്തിന്റെ പകുതിപോലും തീർക്കാനായില്ല. 270ദിവസം കൂടി നീട്ടിനൽകിയിട്ടും ഫലമുണ്ടായില്ല. പിന്നീടുള്ള ഓരോദിവസത്തിനും പ്രതിദിനം 12ലക്ഷം രൂപ അദാനി സർക്കാരിന് പിഴയടയ്ക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. കമ്പനി സർക്കാരിനുനൽകിയിട്ടുള്ള ഗാരന്റി തുകയിൽനിന്നാണ് ഈ തുക ഈടാക്കുന്നത്. ഓഖി, പ്രളയം, പാറക്ഷാമം, കോവിഡ്, സമരങ്ങൾ എന്നിവ കാരണമാണ് നിർമ്മാണം വൈകിയതെന്ന അദാനിയുടെ വാദം സർക്കാർ അംഗീകരിച്ചില്ല. ഇതോടെ അദാനി, ആർബിട്രേഷൻ ട്രിബ്യൂണലിനെ സമീപിച്ചു (ഇന്റർനാഷനൽ സെന്റർ ഫോർ ഓൾട്ടർനേറ്റ് ഡിസ്പ്യൂട്ട് റെസല്യൂഷൻ).

2023ഡിസംബർ അവസാനത്തോടെ പദ്ധതി പൂർത്തിയാക്കാമെന്ന് ട്രിബ്യൂണലിനെ അദാനി അറിയിച്ചു. പദ്ധതി പ്രദേശത്തേക്ക് റെയിൽ-റോഡ് കണക്ടിവിറ്റി ഉറപ്പാക്കുന്നതും അതിർത്തി മതിൽ നിർമ്മിക്കുന്നതും സർക്കാർ വൈകിച്ചെന്നാണ് കുറ്റപ്പെടുത്തൽ. രണ്ട് പ്രളയങ്ങൾ, ചുഴലിക്കാറ്റുകൾ, നാട്ടുകാരുടെ പ്രതിഷേധം എന്നിവയും കാരണമായി.

കല്ലിനായി ക്വാറി അനുവദിക്കുന്നതിൽ കാലതാമസവും അനുവദിച്ച ക്വാറികളിൽനിന്ന് പാറ പൊട്ടിച്ചെടുക്കാൻ നിയമതടസങ്ങളുമുണ്ടായി. 2015 ഡിസംബറിലാണ് അദാനി നിർമ്മാണം തുടങ്ങിയത്.