- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കായിക ലോകത്തിന് പാക്കിസ്ഥാൻ ഇപ്പോഴും ഭീകര രാജ്യം! ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന് പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്നു പിന്മാറിയതോടെ ആകെ സമനില തെറ്റ് പാക് ക്രിക്കറ്റ് ബോർഡ്; ഇംഗ്ലിഷുകാർക്ക് അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ പാക്കിസ്ഥാൻ വേണമെന്ന് അക്തറിന്റെ കുറ്റപ്പെടുത്തൽ
ഇസ്ലാമാബാദ്: ലോകത്തിന് ഭീകരത കയറ്റി അയക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ. അവിടുത്തെ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഒരു കായികതാരമായിട്ടു കൂടി പാക്കിസ്ഥാനിലേക്ക് കായിക മത്സരങ്ങൾക്കായ എത്താൻ മറ്റു രാജ്യങ്ങൾക്ക് ഭയമാണ്. ന്യൂസിലാൻഡിന് പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്നും പിന്മാറിയത് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ്. ഇതോടെ പാക്കിസ്ഥാൻ ക്രിക്കറ്റിന് വൻ നഷ്ടമാണ് വന്നിരിക്കുന്നത്. കാലങ്ങളായി പാക്കിസ്ഥാനിലേക്ക് വിദേശ ടീമുകൾ പര്യടനത്തിന് എത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പാക് ക്രിക്കറ്റിന്റെ ഭാവിയും ഇപ്പോൾ അവതാളത്തിലായി. ഇംഗ്ലണ്ട് കൂടി പിന്മാറിയതോടെ ആകെ കലിപ്പിക്കാണ് പാക് താരങ്ങളും.
പാക്കിസ്ഥാൻ പര്യടനത്തിൽനിന്നു പിന്മാറിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തറും കഴിഞ്ഞ ദിവസം രംഗത്തുവന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് സ്വന്തം രാജ്യക്കാരെ രക്ഷിക്കാൻ മാത്രം ഇംഗ്ലണ്ടുകാർക്ക് പാക്കിസ്ഥാന്റെ സഹായം വേണമെന്ന് അക്തർ പരിഹസിച്ചു. പാക്കിസ്ഥാൻ വിമാനങ്ങളെ വിശ്വാസമില്ലാത്ത ഇവർ അഫ്ഗാനിൽനിന്ന് രക്ഷപ്പെടാൻ അതിൽ കയറിയെന്നും അക്തർ പറഞ്ഞു. യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അക്തർ ഇംഗ്ലണ്ടിനും ന്യൂസീലൻഡിനുമെതിരെ രൂക്ഷമായി പ്രതികരിച്ചത്.
പാക്കിസ്ഥാൻ പര്യടനത്തിൽനിന്ന് പിന്മാറിയ ടീമുകൾക്കെതിരെ വരുന്ന ട്വന്റി20 ലോകകപ്പിൽ പകരംവീട്ടണമെന്ന്, പാക്ക് ടീമിന്റെ നായകൻ ബാബർ അസമിനോടായി അക്തർ ആവശ്യപ്പെട്ടു. 'അങ്ങനെ ഇംഗ്ലണ്ടും വരുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. കുഴപ്പമില്ല. നമുക്ക് ട്വന്റി20 ലോകകപ്പിൽ കാണാം. പ്രത്യേകിച്ചും ന്യൂസീലൻഡിനെ ഒന്നു കാണുന്നുണ്ട്' അക്തർ ട്വിറ്ററിൽ കുറിച്ചു.
'അഫ്ഗാനിസ്ഥാനിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്ന സമയത്ത് രക്ഷപ്പെടാൻ അവർക്ക് പാക്കിസ്ഥാന്റെ സഹായം വേണമായിരുന്നു. പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് സുരക്ഷിതമല്ലെന്ന് കരുതുന്ന അവർ അന്ന് അഫ്ഗാനിൽനിന്ന് രക്ഷപ്പെടാൻ മറ്റൊന്നും നോക്കാതെ അതേ വിമാനത്തിൽ കയറി' അക്തർ ട്വീറ്റിനൊപ്പമുള്ള വിഡിയോയിൽ ചൂണ്ടിക്കാട്ടി.
'പാക്കിസ്ഥാൻ സുരക്ഷിതമല്ലെന്ന് ഒരു സുപ്രഭാതത്തിൽ വെളിപാടു കിട്ടിയ ചിലരുടെ വാക്കു കേട്ട് ഇങ്ങോട്ടു വരാതിരിക്കുകയല്ല ഇംഗ്ലണ്ട് ചെയ്യേണ്ടത്. അവർ ഇവിടെ വന്ന് പാക്കിസ്ഥാൻ സർക്കാർ ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങൾ കാണണം. ഇപ്പോഴത്തെ ഈ നീക്കങ്ങളെല്ലാം പാക്കിസ്ഥാന്റെ സൽപ്പേരു നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഇത് പാക്കിസ്ഥാൻകാർ സഹിക്കില്ല' അക്തർ പറഞ്ഞു. താനാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) ചെയർമാൻ സ്ഥാനത്തെങ്കിൽ, ഇംഗ്ലണ്ടിനും ന്യൂസീലൻഡിനുമെതിരെ രാജ്യാന്തര വേദികളിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന നിലപാട് കൈക്കൊള്ളുമായിരുന്നുവെന്നും അക്തർ പറഞ്ഞു.
'ഞാനായിരുന്നു പിസിബി ചെയർമാനെങ്കിൽ, ന്യൂസീലൻഡിനോടും ഇംഗ്ലണ്ടിനോടും കളിക്കാൻ താൽപര്യമില്ലെന്ന് അറിയിക്കുമായിരുന്നു. ലോകത്തിലെ മറ്റു ടീമുകളുടെ സഹായത്തോടെ വളരുന്ന സമയമൊക്കെ കഴിഞ്ഞു. ഇനി നാം സ്വയം വളരാനുള്ള മാർഗങ്ങൾ കണ്ടെത്തണം. ലോകം നമ്മെ സഹായിക്കാൻ പോകുന്നില്ല. നമ്മുടെ സൈന്യം അത്ര പോരാ എന്നാണോ ഇവരൊക്കെ പറയാൻ ശ്രമിക്കുന്നത്' അക്തർ ചോദിച്ചു.
വരുന്ന ട്വന്റി20 ലോകകപ്പിൽ ഈ ടീമുകളെ തോൽപ്പിച്ച് പ്രതികാരം ചെയ്യുകയാണ് വേണ്ടതെന്നും അക്തർ അഭിപ്രായപ്പെട്ടു. 'ഇനി ട്വന്റി20 ലോകകപ്പിന്റെ സമയമാണ്. നമുക്ക് ഇന്ത്യയ്ക്കെതിരെ മത്സരമുണ്ട്. അതിലും വലിയൊരു മത്സരം ന്യൂസീലൻഡിന് എതിരേയുണ്ട്. നമ്മുടെ ദേഷ്യമൊക്കെയും ആ മത്സരങ്ങളിൽ തീർക്കണം. ഇതിന് പാക്കിസ്ഥാൻ ബോർഡ് ടീം സിലക്ഷനിലെ പാളിച്ചകൾ പരിഹരിക്കണം. ടീമിനു കരുത്തുപകരാൻ കഴിയുന്ന 34 കളിക്കാരേക്കൂടി ഉൾപ്പെടുത്തണം. അങ്ങനെ ലോകകപ്പ് ജയിച്ചുകാണിച്ച് എല്ലാവരോടും നമുക്കു പകരം വീട്ടണം' അക്തർ പറഞ്ഞു.
തങ്ങൾ വീണ്ടും ചതിക്കപ്പെട്ടു എന്നാണ് ഇംഗ്ലണ്ട് പിന്മാറിയതിനെ കുറിച്ച് പിസിബി ചെയർമാൻ റമീസ് രാജ നേരത്തെ പ്രതികരിച്ചിരുന്നത്. ഇംഗ്ലണ്ട് ഒഴികഴിവുകൾ കണ്ടെത്തുകയാണ് എന്നും റമീസ് രാജ വ്യക്തമാക്കി. സുരക്ഷാ ഭീഷണി കൊണ്ട് തന്നെയാണ് ഇംഗ്ലണ്ടും പാക്കിസ്ഥാൻ പര്യടനത്തിൽ നിന്ന് പിന്മാറിയത്. ഈ തിരിച്ചടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലോക ക്രിക്കറ്റിലെ കരുത്തുറ്റ ടീം ആയി പാക്കിസ്ഥാൻ മാറണം. എങ്കിൽ മറ്റ് ടീമുകൾ നമ്മളുമായി മത്സരങ്ങൾ കളിക്കാൻ വരിനിൽക്കും. ഈ വിഷമസ്ഥിതിയും പാക്കിസ്ഥാൻ മറികടക്കും എന്നും റമീസ് രാജ വ്യക്തമാക്കി.
ഒക്ടോബറിൽ രണ്ട് ടി20 മത്സരങ്ങൾക്കായി ഇംഗ്ലണ്ട് പാക്കിസ്ഥാനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ താരങ്ങളുടേയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. പാക്കിസ്ഥാൻ പര്യടനത്തിൽ നിന്ന് പിന്മാറാനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ തീരുമാനം മുൻനായകൻ മൈക്കൽ വോൺ സ്വാഗതം ചെയ്തു. താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും മത്സരങ്ങൾ യുഎഇയിൽ നടത്താൻ ശ്രമിക്കണമെന്നും വോൺ പറഞ്ഞു.
ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്ന് പിന്മാറിയേക്കുമെന്ന വാർത്ത വന്നിരുന്നു, എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. അടുത്ത മാസം നടത്താനിരിക്കുന്ന പര്യടനത്തിൽ നിന്ന് ഇംഗ്ലണ്ട് പിന്മാറിയേക്കുമെന്നായിരുന്നു റിപ്പോർട്ട്. അതേസമയം, പര്യടനത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡിനെതിരെ ഐസിസിക്ക് പരാതി നൽകുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡിന്റെ നടപടിക്കെതിരെ ഐസിസിയെ സമീപിക്കുമെന്ന് പിസിബി ചെയർമാൻ റമീസ് രാജ പറഞ്ഞു. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് റമീസ് രാജ മുന്നറിയിപ്പ് നൽകിയത്.
സുരക്ഷാ ഭീഷണി ചൂണ്ടിക്കാണിച്ചാണ് ആദ്യ ഏകദിനം ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പര്യടനത്തിൽ നിന്ന് കിവീസ് പിന്മാറിയത്. സർക്കാർ നിർദ്ദേശപ്രകാരം പാക്കിസ്ഥാനിലെ സുരക്ഷാ ഏർപ്പാടുകളിൽ സംശയമുണ്ടെന്ന് അധികൃതർ അറിയിച്ചതിനാൽ പര്യടനത്തിൽ നിന്ന് പിന്മാറാൻ ന്യൂസീലൻഡ് തീരുമാനിക്കുകയായിരുന്നു എന്ന് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.