കാസർഗോഡ്: ബളാൽ അരിങ്കല്ലിലെ ഓലിക്കൽ ബെന്നിയുടെ മകൾ ആന്മരിയ (16)യുടെ മരണത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത സഹോദരൻ ആൽബിൻ ലൈംഗിക വൈകൃതത്തിനടിമയെന്ന് നാട്ടുകാർ. മാതാവിനെ കയറിപിടിക്കാൻ ശ്രമിച്ചുവെന്നും അടുത്ത ബന്ധുവിന് മുന്നിൽ വച്ചും രതിവൈകൃതം കാട്ടിയതായും ചെയ്തിരുന്നതായും അയൽവാസികൾ വെളിപ്പെടുത്തി. സാധാരണക്കാർ ആരും ചെയ്യാത്ത പരസ്യ പ്രവർത്തിയായിരുന്നു അത്. പ്രത്യേക മാനസിക സ്വഭാവമുള്ള ആൽബിനെ അയൽ വീട്ടുകാർ അടുപ്പിച്ചിരുന്നില്ല. ഇയാളുടെ സ്വഭാവ ദൂഷ്യം അറിയാവുന്നതിനാലാണ് ആരും സഹകരിപ്പിക്കാതിരുന്നതെന്നും നാട്ടുകാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

നാട്ടിൽ അധികമാരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു ആൽബിന്റേത്. പ്ലസ്ടു കഴിഞ്ഞയുടൻ വെള്ളരിക്കുണ്ടിലെ ബേക്കറിയിൽ ജോലി ചെയ്തിരുന്നു. ഇതിനിടയിൽ ഐ.ടി.കോഴ്‌സും ഇയാൾ പൂർത്തിയാക്കിയിരുന്നു. പിന്നീട് നാട്ടിൽ നിന്നു പോയി. തമിഴ്‌നാട്ടിലാണ് ജോലി എന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ കോട്ടയം ജില്ലയിലെ തറവാട് എന്ന ഹോട്ടലിൽ ആണ് ജോലി എന്നറിഞ്ഞു. ഈ ലോക്ക്ഡൗൺ കാലത്താണ് നാട്ടിലേക്ക് വരുന്നത്. അധിക സമയവും മൊബൈൽ ഫോണിലാണിയാളെന്ന് അയൽവാസികൾ പറയുന്നു. അശ്ലീല വീഡോയോ കാണുന്ന വിവരം അടുത്ത സൗഹൃദമുള്ള അയൽക്കാരിയോട് പറഞ്ഞിരുന്നു. ആൽബിനെ കൗൺസിലിങ്ങിനയക്കണമെന്ന് അവർ ഉപദേശിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് സംഭവം.

സംഭവം കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനാണ് ആൽബിൻ അവസാനംവരെ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ശാസ്ത്രീയ തെളിവുകൾ നിരത്തി ചോദ്യം ചെയ്തപ്പോഴാണ് കുടുംബസ്വത്ത് തട്ടിയെടുക്കാൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്ന് പ്രതി സമ്മതിച്ചത്. ഇതിനായി മാസങ്ങളുടെ തയ്യാറെടുപ്പാണ് നടത്തിയത്. ആദ്യം ചിക്കൻ കറിയിൽ വിഷം ചേർത്തെങ്കിലും ഫലം കണ്ടില്ല. പിന്നീട് ഗൂഗിളിലും മറ്റും വിവരങ്ങൾ ശേഖരിച്ച ശേഷം ഐസ്‌ക്രീമിൽ എലിവിഷം ചേർത്തുകൊല ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

ആൽബിന്റെ പേരു പറഞ്ഞു വീട്ടിൽ വഴക്ക് പതിവായതിനാൽ കുടുംബപ്രശ്‌നങ്ങൾ കാരണമുള്ള ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ കഴിയുമെന്നാണ് ഇയാൾ വിശ്വസിച്ചത്. വെള്ളരിക്കുണ്ട് ടൗണിൽനിന്ന് ജൂലൈ അവസാനമാണ് ആൽബിൻ എലിവിഷം വാങ്ങിയത്. വീട്ടിൽ രണ്ട് പാത്രങ്ങളിലായാണ് ഐസ്‌ക്രീം ഉണ്ടാക്കിയിരുന്നത്. വലിയ പാത്രത്തിലെ ഐസ്‌ക്രീം ഫ്രീസറിൽവെച്ച് തണുപ്പിച്ച് എല്ലാവരും കഴിച്ചു. പിറ്റേ ദിവസമാണ് ആൽബിൻ ചെറിയ പാത്രത്തിലെ ഐസ്‌ക്രീമിൽ വിഷം കലർത്തിയത്. പാക്കറ്റിലെ പകുതിയിലേറെ വിഷവും ചെറിയ പാത്രത്തിൽ കലർത്തി. മാതാപിതാക്കളും സഹോദരിയും വീടിന് പുറത്തിരിക്കുമ്പോളായിരുന്നു ഇത്. തൊട്ടുപിന്നാലെ ആന്മേരി ചെറിയ പാത്രത്തിലെ ഐസ്‌ക്രീം ഫ്രീസറിലേക്ക് മാറ്റി. അന്നേദിവസം തന്നെ ആന്മേരിയും ബെന്നിയും ആ ഐസ്‌ക്രീം കഴിച്ചു.

ഐസ്‌ക്രീം കഴിച്ചതിന് ശേഷം രണ്ടു പാത്രങ്ങളിലുള്ള ഐസ്‌ക്രീമും ആന്മേരി ഒറ്റപാത്രത്തിലാക്കി. ഇതാണ് മാതാവ് ബെസി കഴിച്ചത്. ഷുഗറിന്റെ അസുഖമുള്ളതിനാൽ അമ്മ ബെസി വളരെക്കുറച്ച് മാത്രമാണ് കഴിച്ചത്. കഴിഞ്ഞ ദിവസം ഐസ്‌ക്രീം കഴിച്ചതിനാൽ തൊണ്ടക്ക് അസുഖമാണെന്ന് പറഞ്ഞ് ഈ സമയം ആൽബിൻ തന്ത്രപൂർവം ഐസ്‌ക്രീം വേണ്ടെന്ന് പറഞ്ഞ് മാറി നിന്നു. ബാക്കി വന്ന ഐസ്‌ക്രീം വളർത്തു നായക്ക് നൽകാൻ ബെന്നി നിർദ്ദേശിച്ചുവെങ്കിലും ആൽബിൻ തയാറായില്ല. പിന്നീട് ആരും അറിയാതെ ഐസ്‌ക്രീം നശിപ്പിച്ച ആൽബിൻ സംശയം തോന്നാതിരിക്കാൻ ശാരീരിക അസ്വസ്ഥതയും നടിച്ചു. സഹോദരിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുകയും മാതാപിതാക്കളെ സമാധാനിപ്പിക്കാൻ ആശുപത്രിയിൽ ഓടി നടന്നതും ആൽബിനാണ്.

മരണാനന്തര ചടങ്ങിനിടയിൽ ബെന്നി വീണ്ടും അവശനായതോടെയാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ബെസിക്കും അസ്വസ്ഥതയുണ്ടായതിനാൽ ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂരിലെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇരു വൃക്കകളുടെയും പ്രവർത്തനം താറുമാറായി എന്ന് കണ്ടെത്തി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയിൽ തന്നെ കഴിയുകയാണ് ബെന്നി ഇപ്പോഴും. മാതാവ് അസുഖം ഭേദമായി വീട്ടിൽ തിരികെ എത്തി.

അതേ സമയം ആൽബിൻ ബെന്നിയെ പൊലീസ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിൽ കുടുംബത്തെ കൂട്ടക്കൊല നടത്താൻ ആദ്യം നടത്തിയ ശ്രമത്തിന്റെ ഭാഗമായി ചിക്കൻ കറിയിൽ കലർത്തിയ എലിവിഷത്തിന്റെ പാക്കറ്റുകൾ വീട്ടിലെ കൊപ്ര ചാക്കുകൾകിടയിൽ നിന്നു കണ്ടെടുത്തു. പിന്നീട് ഐസ്‌ക്രീമിൽ കലർത്താൻ വാങ്ങിയ എലിവിഷത്തിന്റെ പാക്കറ്റ് വാഴയുടെ ചുവട്ടിൽ കുഴിച്ചിട്ടതും പ്രതി പൊലീസിനു കാണിച്ചുകൊടുത്തു.

ഐസിൽ വിഷം ചേർത്തതു മനസിലാകാതിരിക്കാൻ ഉപയോഗിച്ച കളർ പാക്കറ്റും ഐസ്‌ക്രീം തയാറാക്കാൻ ഉപയോഗിച്ച പാത്രവും വീട്ടിൽനിന്നു കണ്ടെത്തി. എലി വിഷത്തിന്റെ പാക്കറ്റുകൾ കത്തിച്ച് കളയാനുള്ള ശ്രമവും പ്രതി നടത്തി. ഇതിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തു. അന്വേഷണ ഉദ്യോസ്ഥനായ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി എംപി വിനോദിന്റെ നിർദ്ദേശ പ്രകാരം വെള്ളരിക്കുണ്ട് സിഐ കെ.പ്രേംസദൻ, എസ്‌ഐ ശ്രീദാസ് പുത്തൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

പ്രതിയുടെ കോവിഡ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ഇന്നലെ വൈകിട്ട് കാസർകോട് മജിസ്ട്രേറ്റിനു മുന്നിൽ വിഡിയോ കോൺഫറൻസിലൂടെ പ്രതിയെ ഹാജരാക്കി. പിന്നീട് റിമാൻഡ് ചെയ്തു.