- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടി ബന്ധമുള്ളവർക്ക് പണം മുഴുവൻ നൽകി; തട്ടിപ്പിൽ മുന്മന്ത്രിക്കും പങ്ക്; വായ്പ്പ നൽകാൻ എ സി മൊയ്തീൻ നിർബന്ധിച്ചു; ബാങ്കിലെ പണം റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിച്ചു; നേതാക്കൾ സ്വത്ത് വാരിക്കൂട്ടി; ഗുരുതര ആരോപണവുമായി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് എ സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുൻ സിപിഎം പ്രാദേശിക നേതാവ് രംഗത്ത്. ബാങ്കിനെ ഇപ്പോഴത്തെ അവസ്ഥയിൽ ആക്കിയതിൽ മുൻ മന്ത്രിക്കും പങ്കുണ്ടെന്ന് മുൻ ബ്രാഞ്ച് സെക്രട്ടറി സുജേഷ് കണ്ണാട്ട് ആരോപിച്ചു. വഴിവിട്ടു നൽകിയ വായ്പ്പകളാണ് കരുവന്നൂർ ബാങ്കിനെ അപകടത്തിലാക്കിയതെന്ന് സുജേഷ് ആരോപിച്ചു.
വായ്പ നൽകാൻ മുന്മന്ത്രി എ സി മൊയ്തീൻ നിർബന്ധിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ബാങ്കിലെ പണം റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിക്ഷേപിച്ചു. ആദ്യം ഇതിലൂടെ നേതാക്കൾ സ്വത്ത് വാരിക്കൂട്ടിയെന്നും സുജേഷ് ആരോപിച്ചു. തുടർന്ന് ബിസിനസിന്റെ വ്യാപ്തി കൂട്ടി. കരുവന്നൂർ സഹകരണ ബാങ്ക് നടത്തുന്ന സൂപ്പർമാർക്കറ്റിലേക്ക് അവരുടെ സ്ഥാപനത്തിൽ നിന്നും മാത്രം സാധനങ്ങൾ എത്തിക്കുന്ന സ്ഥിതിവിശേഷവുമുണ്ടായി. ലാഭം കൂടിയപ്പോഴും ബാങ്കിൽ നിന്നും എടുക്കുന്ന പണത്തിന്റെ അളവും കൂടിയെന്ന് സുജേഷ് കണ്ണാട്ട് പറഞ്ഞു.
കരുവന്നൂർ രക്ഷാപാക്കേജിൽ ലഭിച്ച ഫണ്ടിൽ നിന്ന് സിപിഎം ബന്ധമുള്ളവർക്ക് പണം മുഴുവൻ നൽകി. ബാങ്ക് മുൻ പ്രസിഡന്റ് കെ കെ ദിവാകരന്റെ മകളുടെ ഭർത്താവിന്റെ അടക്കമുള്ളവരുടെ നിക്ഷേപം മുഴുവൻ പിൻവലിക്കാൻ അനുവദിച്ചു. പ്രതികൾക്ക് പാർട്ടിയിലുള്ള സ്വാധീനം വളരെ വലുതാണ്.
ബാങ്ക് പ്രസിഡന്റിന്റെ വീടിന് തൊട്ടടുത്ത് കട നടത്തുന്ന പ്രകാശൻ എന്നയാളുടെ മകളുടെ കല്യാണത്തിന് പണം കിട്ടുന്നതിന് വളരെ പ്രയാസമാണ് നേരിട്ടത്. ബാങ്ക് തട്ടിപ്പ് വിഷയത്തിൽ ഇടപെട്ടതിന് തനിക്കുനേരെ വധഭീഷണി വരെ ഉണ്ടായി. ഇതിൽ പൊലീസിൽ പരാതി നൽകിയപ്പോൾ, പരാതി ഒതുക്കി തീർക്കുന്നതിന് മുന്മന്ത്രിയുടെ അടുത്തുനിന്നുപോലും ഇടപെടലുണ്ടായി. പൊലീസിലെ ചില ഉദ്യോഗസ്ഥരാണ് തന്നോട് ഇക്കാര്യം വ്യക്തമാക്കിയത്.
ഭരണസമിതി യോഗം ചേർന്നശേഷം മിനുട്ട്സ് ബ്ലാങ്ക് ആയി സ്പേസ് ഇട്ടശേഷം സുനിൽകുമാർ അതിൽ എഴുതിചേർത്ത് തട്ടിപ്പു നടത്തിയിട്ടുണ്ട്. അതിന്റെയെല്ലാം ഡീറ്റെയിൽസ് കയ്യിലുണ്ട്. കരുവന്നൂർ ബാങ്ക് അഴിമതിക്കെതിരെ പ്രതികരിച്ചതിന് യാതൊരു വിശദീകരണവും തേടാതെ തന്നെ സിപിഎമ്മിൽ നിന്നും പുറത്താക്കുകയായിരുന്നുവെന്നും സുജേഷ് കണ്ണാട്ട് പറഞ്ഞു.
അതേസമയം കരുവന്നൂരിലേത് ചെറിയ പ്രശ്നമെന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുകയാണ് സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ. ഒരു സഹകരണ സ്ഥാപനത്തിൽ ഉണ്ടായ പ്രശ്നം പൊതുവൽക്കരിക്കരുത്. നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളിലെ റിസ്ക് ഫണ്ട് രണ്ടു ലക്ഷത്തിൽ നിന്ന് മൂന്നു ലക്ഷമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 164 സഹകരണ സ്ഥാപനങ്ങൾക്ക് തുക തിരിച്ചു നൽകാനായില്ല എന്നത് വാസ്തവമാണ്. എന്നാൽ അതൊന്നും സഹകരണ ബാങ്കുകൾ ആയിരുന്നില്ല. കരുവന്നൂരിൽ ക്രമക്കേട് കണ്ടെത്തിയപ്പോൾ തന്നെ ശക്തമായ നടപടിയെടുത്തു.
കരുവന്നൂർ ബാങ്ക് 38 കോടി 75 ലക്ഷം രൂപ തിരിച്ചു നൽകിയിട്ടുണ്ട്. സഹകരണ മേഖലയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നതായും മന്ത്രി ആരോപിച്ചു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ സ്ത്രീ കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ മരിച്ചതോടെയാണ് സംഭവം വീണ്ടും ചർച്ചയായത്. കരുവന്നൂർ സ്വദേശി ഫിലോമിനയാണ് മരിച്ചത്. 28 ലക്ഷം രൂപയുടെ നിക്ഷേപമുള്ള ഫിലോമിനക്ക് മെച്ചപ്പെട്ട ചികിത്സക്കായി പണം പലതവണ ആവശ്യപ്പെട്ടെങ്കിലും ബാങ്ക് ജീവനക്കാർ തിരിച്ചയച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
അതേസമയം താൻ കേസിൽ പെട്ടത് എങ്ങനെയെന്ന് അറിയില്ലെന്ന് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മൂന്നാം പ്രതി ജിൽസ് പറഞ്ഞു. ബാങ്കിന്റെ ചുമതല ഉണ്ടായിരുന്നില്ല. സെക്രട്ടറിയും ഭരണ സമിതിയും പറയുന്നത് മാത്രമാണ് ചെയ്തത്. ഭരണ സമിതി അംഗങ്ങൾ കാര്യങ്ങളിൽ നിരന്തരം ഇടപെട്ടിരുന്നു. ആരൊക്കൊയോ ചേർന്ന് കേസിൽപ്പെടുത്തിയതാണെന്നും ജിൽസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ