- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഞ്ഞൂരാൻ കുടുംബത്തിൽ ഏറെ അടുപ്പമുള്ള ആന്റണി; കരാട്ടെ ബ്ലാക്ക് ബെൽട്ട് നേടിയ അഭ്യാസി; പണം കൊടുക്കാത്ത കൊച്ചു റാണിയെ കൊന്നത് കണ്ട ക്ലാരയേയും വകവരുത്തി; തെളിവ് ഇല്ലായ്മ ചെയ്യാൻ സെക്കന്റ് ഷോ കണ്ടു വന്ന കുടുംബത്തേയും; ആലുവയിലെ ആന്റപ്പന്റെ ക്രൂരതയ്ക്ക് 20 വയസ്സ്
തിരുവനന്തപുരം: കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊല കേസിന് 20 വയസ്.പ്രതി അകത്തായിട്ടും 20 വർഷം. കേസിലെ ഏകപ്രതിയായ എം.എ.ആന്റണിയുടെ(ആന്റപ്പൻ) വധശിക്ഷ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പിന്നീട് ഉപാധികളില്ലാതെ ജീവപര്യന്തമായി ഇളവു ചെയ്യുകയും ചെയ്തു. ഇപ്പോൾ ആ്ന്റപ്പനെ മോചിപ്പിക്കാനുള്ള നീക്കവും അണിയറയിൽ സജീവം. ഇതിനിടെയാണ് കൊലപാതകത്തിന്റെ ഇരുപതാം വർഷം എത്തുന്നത്. നഗരമധ്യത്തിലെ മാഞ്ഞൂരാൻ വീട്ടിലെ കുടുംബാംഗങ്ങളെല്ലാം കൊല്ലപ്പെടുകയായിരുന്നു. വയോധികയും രണ്ട് കുട്ടികളും ഉൾപ്പെടെ എല്ലാവരും അതിദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
2001 ജനുവരി ആറിനാണ് ആലുവയിലെ പൈപ്പ് ലൈൻ റോഡിനോട് ചേർന്നുള്ള മാഞ്ഞൂരാൻ വീട്ടിലെ മാഞ്ഞൂരാൻ ഹാർഡ്വെയേഴ്സ് നടത്തിയിരുന്ന മാഞ്ഞൂരാൻ അഗസ്റ്റിൻ (48), ഭാര്യ മേരി (42), മക്കളായ ജെസ്മോൻ (12), ദിവ്യ (14), അഗസ്റ്റിന്റെ അമ്മ ക്ലാര (78), സഹോദരി കൊച്ചുറാണി (42) എന്നിവർ കൊല്ലപ്പെട്ടത്. ഭൂമിയും പണവും സ്വർണവും അടക്കം വൻ സമ്പത്തിന്റെ ഉടമയായിരുന്നു കൊല്ലപ്പെട്ട അഗസ്റ്റിൻ. കൂട്ടക്കൊലയ്ക്കു ശേഷം ബാങ്ക് ലോക്കറിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലക്ഷങ്ങളുടെ കറൻസിയും സ്വർണവും സ്ഥലത്തിന്റെ ആധാരങ്ങളും മറ്റും കണ്ടെടുത്തു. ഈ തുക ഇനിയും അവകാശികൾ ആരും കൈപ്പറ്റിയിട്ടില്ല.
2004ൽ റിലീസായ 'സേതുരാമയ്യർ സിബിഐ' എന്ന മമ്മൂട്ടി ചിത്രത്തിന്റെ പശ്ചാത്തലവും ഒരു വീട്ടിൽ നടന്ന കൂട്ടക്കൊലയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാളെ കൊന്നത് താനല്ലെന്നു വധശിക്ഷ കാത്തു ജയിലിൽ കിടക്കുന്ന കലാഭവൻ മണിയുടെ കഥാപാത്രം കുറ്റസമ്മതം നടത്തുന്നതായിരുന്നു സിനിമ. ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ്.എൻ.സ്വാമിക്ക് കൂട്ടക്കൊല പശ്ചാത്തലമാക്കി രചന നടത്താൻ ആശയം ലഭിച്ചത് ഒരു പുസ്തകത്തിൽനിന്നാണ്. ആലുവ കൂട്ടകൊലയ്ക്കുശേഷം റിലീസായ സിനിമയായതിനാൽ ചെറിയ ഒരു പ്രചോദനം അതിൽനിന്നും ഉണ്ടായിരിക്കാമെന്നും സ്വാമി പറയുന്നു.
ബ്ലാക്ക് ബെൽട്ട് ആന്റണി
കരാട്ടെ ബ്ലാക്ക് ബെൽട്ട് നേടിയ അഭ്യാസിയാണ് ആന്റണി. കൊല്ലപ്പെട്ട 6 പേരിൽ ഒരാൾ മാത്രമായിരുന്നു ആന്റണിയെ പ്രതിരോധിക്കാൻ ശേഷിയുണ്ടായിരുന്ന മുതിർന്ന പുരുഷൻ. മറ്റ് 5 പേരിൽ 3 സ്ത്രീകളും 2 കുട്ടികളും. വീടിനുള്ളിൽ പതിയിരുന്ന് അപ്രതീക്ഷിതമായി അക്രമിച്ചതോടെ ആർക്കും ആന്റണിയെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. കൊച്ചുറാണിയെ കൊല്ലുന്നതു കണ്ട അമ്മ ക്ലാരയെയും വകവരുത്തി. അഗസ്റ്റിനും ഭാര്യ മേരിയും 2 കുഞ്ഞുങ്ങൾക്കൊപ്പം അന്നു സിനിമയ്ക്കു പോവുമ്പോൾ ആന്റണി വീട്ടിലുണ്ടായിരുന്നു. മടങ്ങിവരുമ്പോൾ കൊലപാതകത്തിൽ ആദ്യം സംശയിക്കുമെന്നതു തന്നെയാണ് സിനിമ കഴിഞ്ഞ് അവർ മടങ്ങിവരാൻ കാത്തിരുന്നതും കൊലപ്പെടുത്തിയതും.
കുടുംബാംഗത്തെപ്പോലെ കരുതിയിരുന്ന എം.എ ആന്റണി മാഞ്ഞൂരാൻ വീട്ടിൽ അഗസ്റ്റിനെയും കുടുംബത്തെയും നിഷ്ക്കരുണം ഇല്ലാതാക്കിയപ്പോൾ ബന്ധുക്കളും നാട്ടുകാരും ഒരുപോലെ പകച്ചു. അഗസ്റ്റിന്റെ വീട്ടിൽ എപ്പോഴും കയറിയിറങ്ങുന്ന ആന്റണി ഇങ്ങനെചെയ്യുമോ എന്നായിരുന്നു പലരുടെയും സംശയം. പക്ഷേ, സാഹചര്യ തെളിവുകളും ശാസ്ത്രീയതെളിവുകളും പ്രതി ആന്റണി തന്നെയാണെന്ന് ഉറപ്പിച്ചു. ഒടുവിൽ വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തതോടെ കേരളം ഞെട്ടിയ കൂട്ടക്കൊലക്കേസിന്റെ ചുരുളഴിയാൻ തുടങ്ങി.
കൊച്ചു റാണിയോടുള്ള പക
അഗസ്റ്റിന്റെ ബന്ധുവും ഇവരുടെ വീട്ടിലെ സ്ഥിരം സന്ദർശകനുമായിരുന്ന ആന്റണിയാണ് കൊലനടത്തിയതെന്ന നിഗമനത്തിലാണ് ലോക്കൽ പൊലീസ് എത്തിയത്. ക്രൈംബ്രാഞ്ചും ഇത് ശരിവെക്കുകയായിരുന്നു. നഗരസഭയിൽ താൽക്കാലിക ഡ്രൈവറായിരുന്നു പ്രതിയായ ആന്റണി. ആലുവ സിറിയൻ ചർച്ച് റോഡ് വത്തിക്കാൻ സ്ട്രീറ്റിലായിരുന്നു ഇയാൾ കുടുംബത്തോടോപ്പം താമസിച്ചിരുന്നത്. ഇതിനിടയിൽ വിദേശത്ത് ജോലിക്ക് പോകാൻ അവസരം ലഭിച്ചിരുന്നു. ഇതിനുള്ള ചെലവിനായി കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നൽകിയില്ലത്രേ. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൂട്ടക്കൊലക്ക് കാരണം.
കൊലപാതകത്തിന് പത്തു വർഷം പിന്നിട്ടപ്പോൾ മാഞ്ഞൂരാൻ വീട് പൊളിച്ചുനീക്കി. തുരുമ്പെടുത്ത ഗേറ്റും തൂണുകളും മാത്രമാണ് അവിടെയിപ്പോഴുള്ളത്. കൊല്ലപ്പെട്ട കുടുംബനാഥൻ അഗസ്റ്റിന് സ്വകാര്യ അക്കൗണ്ടിൽ ഉണ്ടായിരുന്ന ലക്ഷങ്ങളുടെ നിക്ഷേപം ഇപ്പോൾ കോടികളായി. കേസിൽ വിധിയുണ്ടായിട്ടും ഈ നിക്ഷേപത്തിനോ, ബാങ്ക് ലോക്കറിൽ പൊലീസ് കണ്ടെടുത്ത് കോടതിയിൽ സമർപ്പിച്ച സ്വർണാഭരണങ്ങളോ അവകാശികൾ തിരികെ വാങ്ങിയില്ല.
കൊല്ലപ്പെട്ട ബേബിയുടെ ബന്ധുക്കളാണ് ക്രൈംബ്രാഞ്ച് അന്വേഷണങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തുവന്നത്. കൂടുതൽ പ്രതികളുണ്ടെന്നായിരുന്നു ഇവരുടെ ആരോപണം. തുടർന്നാണ് കേസ് സിബിഐക്ക് കൈമാറിയത്. എന്നാൽ, അവരും ഒടുവിൽ ആന്റണിയിൽ തന്നെ എത്തിച്ചേരുകയായിരുന്നു. 2006 സെപ്റ്റംബർ 18ന് ഹൈക്കോടതി ശരിവെച്ചെങ്കിലും നവംബർ 13ന് സുപ്രീം കോടതി വിധി സ്റ്റേ ചെയ്തു. എന്നാൽ, 2009ൽ വധശിക്ഷ വീണ്ടും അംഗീകരിച്ചു. തുടർന്ന് നൽകിയ പുനഃപരിശോധന ഹരജിയും തള്ളപ്പെട്ടു. രാഷ്ട്രപതിക്ക് ദയാ ഹരജി നൽകിയിട്ടും ഫലമുണ്ടായില്ല. തുടർന്ന് ആന്റണിയെ തൂക്കിക്കൊല്ലാനുള്ള നടപടികൾക്ക് പൂജപ്പുര ജയിലിൽ തുടക്കമിട്ടിരുന്നു. പക്ഷേ അത് നടന്നില്ല.
വധശിക്ഷയ്ക്ക് വിധിച്ച ആന്റണിക്ക് തിരികെ ജീവിതത്തിലേക്ക് വഴിയൊരുങ്ങിയ ദിവസമാണ് 2018 ഡിസംബർ 11. 2014 ൽ ജസ്റ്റിസ് ആർ.എം. ലോധയുടെ സുപ്രധാന ഉത്തരവാണ് ആന്റണിയുടെ വിധി മാറ്റിമറിച്ചത്. വധശിക്ഷക്ക് എതിരായ പുനഃപരിശോധന ഹരജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ആർ.എം. ലോധയുടെ ഉത്തരവ്. തുടർന്നാണ് 2018 ൽ ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമായി കോടതി കുറച്ചത്. വധശിക്ഷ വിധിച്ചതിനെ തുടർന്ന് 13 വർഷം ഏകാന്ത തടവിലായിരുന്നു ആന്റണി കഴിഞ്ഞിരുന്നത്.
അറസ്റ്റ് ചെയ്തത് നാടകീയമായി
മാഞ്ഞൂരാൻ കുടുംബത്തിൽ ഏറെ അടുപ്പമുള്ളയാളായിരുന്നു ആന്റണി. വിദേശത്ത് ജോലിക്ക് പോകാൻ ആന്റണിക്ക് കൊല്ലപ്പെട്ട കൊല്ലപ്പെട്ട അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നു. ഇത് നൽകാൻ കൊച്ചുറാണി വിസമ്മതിച്ചതിൽ പ്രകോപിതനായ ആന്റണി ആദ്യം കൊച്ചുറാണിയെയും പിന്നീട് അമ്മയെയും കൊല്ലുകയായിരുന്നുവെന്നായിരുന്നു പൊലീസ് കേസ്. സംഭവ സമയത്ത് വീട്ടിലില്ലാതിരുന്ന അഗസ്റ്റിനെയും കുടുംബത്തെയും സെക്കൻഡ് ഷോ സിനിമ കണ്ട് മടങ്ങിയെത്തിയപ്പോൾ തെളിവു നശിപ്പിക്കുന്നതിനായി കൊലപ്പെടുത്തി.
2001ൽ അഗസ്റ്റിൻ, ബേബി എന്നിവരുടെ ജഡങ്ങൾ കിടന്നതിനു സമീപം ചുവരിൽ രക്തംകൊണ്ട് അമ്പടയാളം വരച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽനിന്നും തലേദിവസം രാത്രിയാണ് എല്ലാവരും കൊല്ലപ്പെട്ടതെന്നു മനസിലായി. ബന്ധുക്കളെയും പരിസരത്തുള്ളവരെയും ചോദ്യം ചെയ്തതിൽനിന്ന്ആന്റണിയാണു കൊല നടത്തിയതെന്ന് വ്യക്തമായത്. സംഭവദിവസം രാത്രി ആലുവ സ്റ്റേഷനിൽനിന്ന് മുംബൈയിലേക്കു പോയ ആന്റണി ദമാമിലേക്കു കടന്നിരുന്നു. പൊലീസ് മുംബൈയിലേക്കു പോയി. കൊല്ലപ്പെട്ടവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ ആന്റണി മുംബൈയിൽ വിൽക്കാൻ നൽകിയതായി കണ്ടെത്തി. കേസന്വേഷണത്തിനു സൗദിയിലേക്കു പോകുന്നതിനായി പൊലീസ് സർക്കാരിൽ അപേക്ഷ നൽകിയെങ്കിലും ചില സാങ്കേതിക തടസങ്ങളാൽ അതു നീണ്ടു. തുടർന്ന് പൊലീസ് ബദൽ മാർഗങ്ങൾ തേടി.
ക്രിമിനൽ പുള്ളികളെ കൈമാറുന്നതിനുള്ള ധാരണയൊന്നും ഇന്ത്യയുമായി സൗദി അറേബ്യക്ക് അന്ന് ഇല്ലാതിരുന്നതിനാൽ ആന്റണിയെ നിയമാനുസൃതം ഇന്ത്യയിലെത്തിക്കുകയെന്നത് എളുപ്പം നടക്കാവുന്ന കാര്യമായിരുന്നില്ല. പൊലീസ് തന്ത്രപൂർവമായ നീക്കമാരംഭിച്ചു. ആലുവയിലെ ഒരു ഷോപ്പിങ് കോംപ്ലക്സിൽ ഒരു മിനി ടെലിഫോൺ എക്സ്ചേഞ്ച് സജ്ജീകരിച്ചു. ആന്റണിയുടെ ഭാര്യ ജമ്മയെ ഇവിടെ കൊണ്ടുവന്ന് ആന്റണിയുമായി ടെലിഫോണിലൂടെ പൊലീസ് എഴുതിക്കൊടുത്ത വാചകങ്ങൾ മാത്രം പറയിപ്പിച്ചു. തുടർന്ന്, ആന്റണി ജമ്മയുമായി മറ്റു ഫോണുകളിലൂടെ സംസാരിക്കാതിരിക്കാൻ ജമ്മയെ പൊലീസ് നിരീക്ഷണത്തിലാക്കി. ജമ്മ താമസിക്കുന്ന വീടിനു സമീപമുള്ള എല്ലാ ഫോണുകളും ഡിസ്കണക്ട് ചെയ്തു.
പൊലീസ് മുംബൈയിലെത്തി ആന്റണിയെ സൗദിക്കു കയറ്റിവിട്ട കോസ്മോസ് ട്രാവൽ ഉടമ അരുൺ മേമനുമായി കണ്ട് കാര്യങ്ങൾ മനസിലാക്കി. ആന്റണി പോയതിൽ പിന്നെ വീട്ടിൽ പ്രശ്നങ്ങളാണെന്നും ആന്റണിയെ തിരികെ കൊണ്ടു വരണമെന്നാവശ്യപ്പെട്ടു ഭാര്യ മുംബൈയിലെ ഓഫിസിലെത്തിയിരിക്കുകയാണെന്നും ഇതിനുള്ള ചെലവു വഹിച്ചുകൊള്ളാമെന്നും അരുൺ മേമൻ സന്ദേശമയച്ചതിന്റെ അടിസ്ഥാനത്തിൽ സൗദിയിലെ സ്പോൺസർ ആന്റണിയെ കയറ്റി വിടാൻ തയാറാകുകയായിരുന്നു. തുടർന്നു സാഹർ എയർപോർട്ടിൽ ട്രാൻസിറ്റ് ലോഞ്ചിൽ വച്ച് ആന്റണിയെ പൊലീസ് പിടികൂടി.
പൊലീസ് സംഘം ആന്റണിയുമായി ഇന്ത്യൻ എയർലൈൻസിന്റെ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തി. പലകള്ളങ്ങൾ പറഞ്ഞെങ്കിലും പൊലീസ് തെളിവുകൾ നിരത്തിയതോടെ ആന്റണി കുറ്റം ഏറ്റുപറഞ്ഞു. അങ്ങനെ സത്യം പുറം ലോകത്ത് എത്തി.
മറുനാടന് മലയാളി ബ്യൂറോ