- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളം ആംബുലൻസ് പീഡനത്തിൽ പ്രതിയുടെ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ്; ആർടിപിസിആർ ഫലം വന്നതിന് ശേഷം കസ്റ്റഡിയിൽ വാങ്ങും; കൗൺസിലിങ്ങിനും തുടർ ചികിൽസയ്ക്കുമായി പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി; രാവിലെ ഒമ്പതിന് രോഗം സ്ഥിരീകരിച്ച പെൺകുട്ടിയെ രാത്രി 11 വരെ ചികിൽസാ കേന്ദ്രത്തിൽ എത്തിക്കാത്തതിൽ ദുരൂഹത തുടരുന്നു
പത്തനംതിട്ട: പന്തളത്തെ ആംബുലൻസ് പീഡനക്കേസിൽ അന്വേഷണം പലവഴിക്ക്. പെൺകുട്ടിയെ ആദ്യം കൊണ്ടു വന്ന ആംബുലൻസ് ഡ്രൈവർക്കെതിരേയും അന്വേഷണം തുടങ്ങി. കേസിലെ പ്രതി കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയിൽ നൗഫലി(29) ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ്. ആർടിപിസിആർ ഫലം വന്നതിന് ശേഷം പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടുന്നതിനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകി. പീഡനത്തിനിരയായ പെൺകുട്ടിയെ തുടർ ചികിൽസയ്ക്കും കൗൺസിലിങ്ങിനുമായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഞായറാഴ്ച രാത്രി അടൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊട്ടാരക്കര സ്പെഷൽ സബ് ജയിലിലാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ആർടിപിസിആർ പരിശോധനയ്ക്കായി ഇയാളുടെ സ്രവം അയച്ചിട്ടുണ്ട്. ഫലം വരുന്ന മുറയ്ക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിടും. പീഡനം നടന്ന ആംബുലൻസിന്റെ ജിപിഎസ് വിവരങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. പെൺകുട്ടിയുടെ മൊഴിയും ജിപിഎസ് വിവരങ്ങളും തമ്മിൽ വ്യത്യാസമില്ല. പൊലീസ് നിർദേശത്തെ തുടർന്ന് 108 ആംബുലൻസ് സംവിധാനത്തിന്റെ സൈറ്റിൽ നിന്നും സൈബർ സെല്ലിന്റെ സഹായത്തോടെയാണ് വിവരങ്ങൾ ശേഖരിച്ചത്.
ആംബുലൻസ് ഏതു വഴി സഞ്ചരിച്ചു, ഗ്രൗണ്ടിൽ വാഹനം കിടന്ന സമയം, എത്ര സമയം ഇവിടെ വാഹനം കിടന്നു, ആംബുലൻസിന്റെ സഞ്ചാരപഥം തുടങ്ങി അന്നേ ദിവസമുള്ള എല്ലാ വിവരങ്ങളും പൊലീസ് ശേഖരിച്ചു. അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. 11 മിനുട്ടാണ് വാഹനം ആറന്മുളയിലെ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്നത്. ഭയന്നു പോയ പെൺകുട്ടിയുടെ മനോനില തകരാറിലായതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുന്നത്. കൗൺസിലിങും ചികിൽസയും ഒന്നിച്ച് കൊണ്ടു പോകാനാണ് തീരുമാനം.
അതിനിടെ ആരോഗ്യവകുപ്പിന്റെ ഏറ്റവും ഗുരുതരമായ വീഴ്ച പുറത്ത് വന്നിരിക്കുകയാണ്. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് ജില്ലയിലെ അന്നത്തെ കോവിഡ് രോഗികളുടെ പരിശോധനാ ഫലം വന്നത്. അതിൽ വടക്കടത്തുകാവിലെ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുടെ പേരും ഉണ്ടായിരുന്നു. ഈ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ആരോഗ്യവകുപ്പിൽ നിന്ന് ആംബുലൻസ് എത്തിയത് രാത്രി 11 മണിക്കാണ്. പെൺകുട്ടിയെയും കയറ്റി ആദ്യം വന്ന ആംബുലൻസിന്റെ ഡ്രൈവർ ഇന്ധനമില്ലെന്ന് പറഞ്ഞ് നൗഫലിന്റെ 108 ആംബുലൻസ് വിളിച്ചു വരുത്തി രേഗികളെ അതിൽ കയറ്റി വിടുകയായിരുന്നു.
ഒന്നാമത്തെ ഡ്രൈവർ ഈ വിവരം അടൂർ ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെയോ കോവിഡ് രോഗികളുടെ ചുമതലയുള്ളവരെയോ അറിയിച്ചില്ല. രാത്രി 11.30 ന് രോഗികളുമായി പോയ ആംബുലൻസ് 12.15 ഓടെ അവരെ അതാത് ചികിൽസാ കേന്ദ്രങ്ങളിൽ ഇറക്കി തിരികെ വരേണ്ടിയിരുന്നു. രോഗികളുമായി പോയ ആംബുലൻസ് തിരികെ വന്നില്ലെന്ന വിവരവും അടൂർ ആശുപത്രിയിലുള്ളവർ അന്വേഷിച്ചിരുന്നില്ല. സംഭവം ആസൂത്രിതമാണെന്ന സംശയം ഇതു കാരണമാണ് ഉയരുന്നത്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്