- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമേരിക്കക്കാർ അടങ്ങിയ യാത്രക്കാരുമായി പറന്നുയരാൻ ഒരുങ്ങിയ ആറു വിമാനങ്ങൾ തടഞ്ഞ് താലിബാൻ; രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിൽ തടവുകാരായി മാറ്റപ്പെട്ടവരുടെ മുറവിളി; വീടുവീടാന്തരം കയറി അമേരിക്കൻ പൗരത്വമുള്ള അഫ്ഗാനികളെ തടവിലാക്കുന്നുവെന്നും റിപ്പോർട്ട്
കാബൂൾ: അമേരിക്കൻ പൗരന്മാർ അടക്കം അഫ്ഗാനിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന നിരവധി പേരുടെ ശ്രമം പാഴാക്കിക്കൊണ്ട് ആറു ചാർട്ടേർഡ് വിമാനങ്ങൾ കാബൂൾ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചിരിക്കുന്നതായി റിപ്പബ്ലിക്കൻ ജനപ്രതിനിധി മൈക്കൽ മെക്കോൾ വെളിപ്പെടുത്തി. ഇതിലെ യാത്രക്കാരെ ബന്ധികളാക്കി പുതിയ വിലപേശലിൽന് ഒരുങ്ങുകയാണ് താലിബാൻ എന്നും അദ്ദേഹം പറഞ്ഞു. മസാർ ഷരീഫ്വിമാനത്താവളത്തിൽ കുടുങ്ങിയ ഈ വിമാനങ്ങളുടെ യാത്ര തടഞ്ഞിരിക്കുന്നത് താലിബാനാണ് എന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ രക്ഷാപ്രവർത്തനം നടന്നുവന്നിരുന്ന കാബൂളിലെ ഹദിദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 300 കിലോമീറ്ററോളം മാറിയാണ് മസർ ഷരിഫ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്. അഫ്ഗാനിൽ കുടുങ്ങിയ സ്വന്തം പൗരന്മാരെ പോലും ബൈഡൻ കൈവിട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. അതേസമയം, മസാർ-എ ഷെരീഫ് നഗരത്തിൽ നിന്നുള്ള ഒരു ഔദ്യോഗിക വക്താവ് പറഞ്ഞത്, തടഞ്ഞിട്ട വിമാനങ്ങളിൽ ഉള്ളവരെല്ലാം അഫ്ഗാൻ പൗരന്മാർ ആണെന്നും,വിദേശയാത്രക്കുള്ള പാസ്സ്പോർട്ട് പോലുള്ള രേഖകൾ അവരിൽ പലർക്കും ഇല്ലെന്നുമാണ്.
എന്നാൽ, ആ വിമാനത്തിൽ അമേരിക്കൻ പൗരന്മാരും ഉണ്ടെന്നാണ് റിപ്പബ്ലിക്കൻ സെനറ്റർ പറയുന്നത്. എന്നാൽ, വാർത്തയുടെ ഉറവിടം വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. അതേസമയം, രക്ഷാപ്രവർത്തനം നിർത്തി അമേരിക്കൻ സൈന്യം പൂർണ്ണമായും പിൻവാങ്ങുന്ന സമയത്ത് ഏകദേശം നൂറോളം അമേരിക്കൻ പൗരന്മാർ അഫ്ഗാനിൽ കുടുങ്ങിയതായി ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പുതിയ താലിബാനുമായി ചർച്ചകൾ നടത്തുമെന്ന് പ്രഖ്യാപിച്ച അമേരിക്ക, നിയമസാധുതയുള്ള യാത്രാ രേഖകളുമായെത്തുന്ന ആരേയും രാജ്യം വിടാൻ അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു.
അതേസമയം, അഫ്ഗാനിൽ കുടുങ്ങിപ്പോയ അമേരിക്കൻ പൗരത്വമുള്ള അഫ്ഗാൻ സ്വദേശികളെ തേടി താലിബാൻ ഭീകരർ വീടുവീടാന്തരം കയറിയിറങ്ങുന്നതായി അഫ്ഗാനിൽ കുടുങ്ങിപ്പോയ നസ്രിയ എന്ന 25 കാരി പറയുന്നു. കാലിഫോർണിയയിൽ താമസിക്കുന്ന അമേരിക്കൻ പൗരത്വമുള്ളഈ അഫ്ഗാൻ വംശജ ഇപ്പോൾ ഗർഭിണിയുമാണ്. കഴിഞ്ഞ ജൂണിലാണ് കുടുംബത്തോടൊപ്പം നസ്രിയ അഫ്ഗാനിസ്ഥാനിലെത്തിയത്. ദീർഘകാലം തന്റെ ആൺസുഹൃത്തായിരുന്ന അഫ്ഗാൻ പൗരനെ വിവാഹം കഴിക്കുകയുംചെയ്തു.
അമേരിക്കൻ പാസ്സ്പോർട്ടുള്ള അഫ്ഗാൻ വംശജർക്കായി വ്യാപകമായ തെരച്ചിൽ താലിബാൻ ആരംഭിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. നൂറോളം അമേരിക്കൻ പൗരന്മാർ അഫ്ഗാനിൽ കുടുങ്ങിപ്പോയതായി നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അവരിൽ പലരും സ്വന്തം ഇഷ്ടപ്രകാരമാണ് അവിടെ തങ്ങുന്നതെന്ന് നേരത്തേ അമേരിക്കൻ വക്താവ് അറിയിക്കുകയും ചെയ്തിരുന്നു. ഇവരിൽ ഏറിയപങ്കും അമേരിക്കൻ പൗരത്വമുള്ള അഫ്ഗാൻ പൗരന്മാരാണ്.
ഈ പൗരന്മാരെ ബന്ദികളാക്കി വിലപേശൽ നടത്തുവാനാണ് താലിബാൻ മുതിരുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വിദേശ ബാങ്കുകളിൽ താത്ക്കാലികമായി മരവിക്കപ്പെട്ടിരിക്കുന്ന നിക്ഷേപങ്ങളും, പാതിവഴിയെ മുടങ്ങിപ്പോയ സാമ്പത്തിക സഹായങ്ങളുമൊക്കെ നേടിയെടുക്കാൻ താലിബാൻ ഈ നിരപരാധികളെ ഉപയോഗിച്ചേക്കും. അതിനുപുറമെ, താലിബാന്റെ ഇസ്ലാമിക എമിരേറ്റ്സിനെ അമേരിക്ക അംഗീകരിക്കണമെന്ന ആവശ്യം മുന്നോട്ടു വയ്ക്കാനും സാധ്യതയുണ്ട്.
മറുനാടന് ഡെസ്ക്