മര്‍കസ് ഖുര്‍ആന്‍ ഫെസ്റ്റ്: സെക്ടര്‍ തല മത്സരങ്ങള്‍ക്ക് തുടക്കം
കാരന്തൂര്‍: വിശുദ്ധ ഖുര്‍ആന്‍ പ്രമേയമായ വൈവിധ്യമായ മത്സര ഇനങ്ങളുമായി മര്‍കസ് ഖുര്‍ആന്‍ ഫെസ്റ്റ് സെക്ടര്‍ തല മത്സരങ്ങള്‍ക്ക് തുടക്കം. മര്‍കസ് ഖുര്‍ആന്‍ അക്കാദമിയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന 29 സ്ഥാപനങ്ങളിലെ 800 വിദ്യാര്‍ഥികളാണ് 4 സെക്ടറുകളിലായി 28 ഇനം മത്സരങ്ങളില്‍ മാറ്റുരക്കുന്നത്.
നവംബര്‍ 8, 9, 10 തിയ്യതികളിലായി മര്‍കസ് സെന്‍ട്രല്‍ ക്യാമ്പസില്‍ നടക്കുന്ന ഖുര്‍ആന്‍ ഫെസ്റ്റിന് മുന്നോടിയായാണ് വിശുദ്ധ ഖുര്‍ആന്റെ പാരായണ സൗന്ദര്യവും ആശയ ഗാംഭീര്യതയും മനഃപാഠ മികവും വിളംബരം ചെയ്യുന്ന സെക്ടര്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. 29 യൂണിറ്റുകളിലെ യൂണിറ്റ് തല മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വിദ്യാര്‍ത്ഥികളാണ് സെക്ടര്‍ തല മത്സരങ്ങളില്‍ സംബന്ധിക്കുന്നത്.
മര്‍കസ് കാരന്തൂര്‍, ബുഖാരിയ്യ മപ്രം, ഉമ്മുല്‍ ഖുറ വളപട്ടണം, മമ്പഉല്‍ ഹുദ കേച്ചേരി എന്നീ നാലു ക്യാമ്പസുകളിലാണ് സെക്ടര്‍ തല മത്സരങ്ങള്‍ നടക്കുന്നത്. മര്‍കസ് സെക്ടര്‍ ഖുര്‍ആന്‍ ഫെസ്റ്റ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആന്റെ ആശയ വൈപുല്യവും സൗന്ദര്യവും സമൂഹത്തിലെത്തിക്കാന്‍ ഖുര്‍ആന്‍ പഠിതാക്കള്‍ മുന്നോട്ട് വരണമെന്നും ഇത്തരം മത്സരങ്ങള്‍ അതിനുള്ള പരിശീലന വേദിയായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മര്‍കസ് ഡയറക്ടര്‍ സി പി ഉബൈദുല്ല സഖാഫി, സി.എ.ഒ വി എം റശീദ് സഖാഫി, ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍, ഖാരിഅ് ഹനീഫ് സഖാഫി ആനമങ്ങാട്, ഷമീം കെ കെ, അബ്ദുസമദ് സഖാഫി മൂര്‍ക്കനാട് സംബന്ധിച്ചു.