ഇന്ത്യന്‍ മൈലോമ കോണ്‍ഗ്രസ് സമാപിച്ചു
കൊച്ചി: രോഗ സാധ്യതയുള്ളവരില്‍ പ്രാരംഭഘട്ടത്തില്‍ ഭക്ഷണക്രമീകരണങ്ങളിലൂടെ മജ്ജയിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന രക്താര്‍ബുദമായ മൈലോമയെ ഒരു പരിധിവരെ ചെറുക്കാമെന്ന് വിദഗ്ദര്‍.
കൊച്ചി അമൃത ആശുപത്രിയില്‍ സമാപിച്ച മൈലോമ കോണ്‍ഗ്രസിലാണ് മൈലോമ രോഗ സാധ്യത ഉള്ളവരില്‍ പ്രാരംഭ ഘട്ടത്തില്‍ റിഫൈന്‍ ചെയ്യാത്ത സസ്യാഹാര ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ രോഗ പുരോഗതി ഒരു പരിധിവരെ തടയാന്‍ കഴിയുമെന്ന ശ്രദ്ധേയമായ കണ്ടെത്തല്‍ ഡോ . ഉര്‍വി ഷാ അവതരിപ്പിച്ചത്.
മജ്ജയിലെ പ്ലാസ്മ കോശങ്ങളെ ബാധിക്കുന്ന അര്‍ബുദമായ മൈലോമയുടെ നൂതന ചികിത്സാരീതികള്‍ അവതരിപ്പിച്ച ഇന്ത്യന്‍ മൈലോമ കോണ്‍ഗ്രസില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു.
മൈലോമ ചികിത്സയിലും ഗവേഷണത്തിലും ആഗോളതലത്തില്‍ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധര്‍ വിഷയാവതരണം നടത്തി.സമ്മേളനത്തില്‍ കാര്‍-ടി സെല്‍ തെറാപ്പി , ബൈറ്റ് തെറാപ്പി എന്നീ നൂതന ചികിത്സാരീതികള്‍ ചര്‍ച്ചയായി .
പ്രാരംഭഘട്ടത്തില്‍ തന്നെ ചികിത്സ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെപറ്റി സംവാദം സംഘടിപ്പിച്ചു .അമൃത ആശുപത്രിയില്‍ നടന്ന സമ്മേളനത്തില്‍ ഡോക്ടര്‍മാരായ നിഖില്‍ കൃഷ്ണ ഹരിദാസ്, മനോജ് ഉണ്ണി, സൗരഭ്, സഞ്ജു സിറിയക്, അബ്ദുല്‍ മജീദ്, ബോബന്‍ തോമസ്, ഉണ്ണി എസ്. പിള്ള, ഉണ്ണികൃഷ്ണന്‍, ഷാജി കെ. കുമാര്‍ തുടങ്ങിയവര്‍ മൈലോമ ബാധിതരായ രോഗികളുമായി ആശയവിനിമയം നടത്തി.
സമാപന ദിവസം വിവിധ സെഷനുകളില്‍ ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗം മേധാവി ഡോ. നീരജ് സിദ്ധാര്‍ത്ഥന്‍, ഡോ.വീ ജൂ ചുങ്, ഡോ. നിഖില്‍ സി. മുന്‍ഷി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി