കെ.എസ്.ആര്‍.ടി.സി കണക്ട് സിഎംഡി & ടെക്കീസ്'' ടെക്‌നോപാര്‍ക്കില്‍
കേരളത്തിലെ ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി , ടെക്കികളുടെ പൊതുഗതാഗത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ''കെ.എസ്.ആര്‍.ടി.സി കണക്ട് സിഎംഡി & ടെക്കീസ്'' ടെക്‌നോപാര്‍ക്കില്‍ സംഘടിപ്പിച്ചു.
ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ ശ്രീ പ്രമോജ് ശങ്കര്‍ പി എസ് IOFS നിര്‍ദ്ദേശങ്ങള്‍ക്കും ചര്‍ച്ചയ്ക്കും മറുപടി നല്‍കി. ഈ ചര്‍ച്ചയില്‍ കെ.എസ്.ആര്‍.ടി.സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ. പ്രദീപ് കുമാര്‍, ഐ ടി വിഭാഗത്തില്‍ നിന്നും നിഷാന്ത്, കണിയാപുരം, ആറ്റിങ്ങല്‍, വികാസ്ഭവന്‍, തമ്പാനൂര്‍, പാപ്പനംകോട് എന്നീ ഡിപ്പോകളിലെ എ.ടി.ഒ മാര്‍ തുടങ്ങിയവരും മീറ്റിംഗില്‍ പങ്കെടുത്തു.
വിവിധ ഐ.ടി കമ്പനികളില്‍ നിന്നുള്ള 60-ലധികം ഐ ടി ജീവനക്കാര്‍ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. ജീവനക്കാരില്‍ നിന്നു നേരിട്ട് ലഭിച്ച അനുഭവങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ചയ്ക്ക് കൂടുതല്‍ ശക്തി നല്‍കി.
ടെക്നോപാര്‍ക്ക് പ്രതിധ്വനി പ്രതിനിധികളായ രാജീവ് കൃഷ്ണന്‍, വിഷ്ണു രാജേന്ദ്രന്‍ , ജയകൃഷ്ണ R, ബിസ്മിത, അരുണ്‍ ദാസ് എന്നിവര്‍ ഐ.ടി ജീവനക്കാരില്‍ നിന്നു ശേഖരിച്ച നിലവിലെ യാത്രാസംബന്ധമായ പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും വിശദമായി അവതരിപ്പിച്ചു.
ടെക്നോപാര്‍ക്കിലേക്കുള്ള പൊതുഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത, സമയക്രമത്തിലെ ബുദ്ധിമുട്ടുകള്‍, വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള സര്‍വീസുകളുടെ ആവശ്യം,പള്ളിപ്പുറം ടെക്‌നോപാര്‍ക് ഫേസ് 4, കിന്‍ഫ്രാ പാര്‍ക്ക് എന്നിവിടങ്ങളിലേക്കുള്ള യാത്ര പ്രശ്‌നം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി.
ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചുകൊണ്ട് തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നും ടെക്‌നോപാര്‍ക്കിലേക്ക് പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിന്‍കര, നെടുമങ്ങാട്, തിരുവനന്തപുരം, ആറ്റിങ്ങല്‍ എന്നീ വിവിധ ഡിപ്പോകളില്‍ നിന്നായി പുതിയ റൂട്ടുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി എം ഡി ഉറപ്പ് നല്‍കി. കൂടാതെ, കോട്ടയം, എറണാകുളം, ആലുവ, അങ്കമാലി, അടിമാലി, തൊടുപുഴ, തൃശൂര്‍ തുടങ്ങിയ ദീര്‍ഘദൂര സര്‍വീസുകളുടെ നിര്‍ദ്ദേശങ്ങളില്‍ ചിലത് ഈ ആഴ്ച തന്നെ ആരംഭിക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കി. ബൈപാസ് വഴി രാത്രി കാലങ്ങളില്‍ കൂടുതല്‍ സര്‍വീസ്, നിലവില്‍ നേരത്തെ ബുക്കിങ് ഫുള്‍ ആകുന്ന ബസ്സുകക്ക് അഡിഷണല്‍ ബസ്സുകള്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളും ഉടന്‍ നടപ്പാക്കും.
ഐ.ടി ജീവനക്കാരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിലേക്കുള്ള ഒരു സുപ്രധാന മുന്നേറ്റമായാണ് ഈ ചര്‍ച്ചയും ഇതിലൂടെ കൈവരിച്ച തീരുമാനങ്ങളും വിലയിരുത്തപ്പെടുന്നത്.
