ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്പോ ഇന്ന് മുതല്‍
കൊച്ചി, 13 ജനുവരി 2026: കേരള വ്യവസായ വകുപ്പിന്റേയും, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷനും, മെട്രോമാര്‍ട്ടും ചേര്‍ന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്പോയും വ്യവസായി മഹാസംഗമവും 2026 ജനുവരി 16, 17, 18 തീയതികളില്‍ കൊച്ചി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ജനുവരി 16ന്, 10.30ന് എക്സ്പോയുടെ ഉദ്ഘാടനം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.
ജനുവരി 18ന്, വൈകീട്ട് 5.30ന് എക്‌സ്‌പോയുടെ സമാപനവും വ്യവസായി മഹാസംഗമവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയാകും. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും വ്യവസായ സംഗമത്തില്‍ പങ്കെടുക്കും.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര വ്യവസായ എക്സ്പോയുടെ ഭാഗമായി അഞ്ഞൂറോളം സ്റ്റാളുകളിലായി അന്പത്തിനായിരത്തോളം ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തും. പ്രമുഖ മെഷിനറി നിര്‍മ്മാതാക്കള്‍, അവരുടെ ഉത്പന്നങ്ങളും, നൂതന സാങ്കേതികവിദ്യകളും, മേളയില്‍ പ്രദര്‍ശിപ്പിക്കും. എക്‌സ്‌പോയോട് അനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബുമായി ചേര്‍ന്ന് 'ദൃശ്യതയിലൂടെ വിശ്വാസ്യതയിലേക്ക്: മാധ്യമങ്ങള്‍ ബിസിനസ്സ് വിജയത്തെ എങ്ങനെ രൂപപ്പെടുത്തുന്നു' എന്ന വിഷയത്തില്‍ മാധ്യമസംഗമം നടക്കും. രണ്ടാം ദിവസം 'അടിസ്ഥാന തലത്തില്‍ വ്യവസായ സൗഹൃദത്തിന്റെ പ്രായോഗിക നിര്‍വ്വഹണവും ഭരണവും' എന്ന വിഷയത്തെ കേന്ദ്രീകരിച്ചു എക്‌സ്‌പോയില്‍ സെമിനാര്‍ നടക്കും. സെമിനാര്‍ ഉദ്ഘാടനം സംസ്ഥാന തദേശസ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും.
കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള പവലിയനും മേളയുടെ ഭാഗമായി ഒരുക്കും. വ്യവസായങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, മെഷിനറി നിര്‍മ്മാതാക്കളുമായി ബന്ധപ്പെടുന്നതിനായുള്ള ഹെല്‍പ് ഡെസ്‌കുകള്‍ വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതിനായി, വിവിധ ബാങ്കുകളുടെ ഹെല്‍പ്പ്ഡെസ്‌കുകള്‍ എന്നിവ ഉണ്ടാകും.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി കെ.എസ്.എസ്.ഐ.എ അംഗങ്ങളായ പതിനായിരത്തിലധികം വ്യവസായികളും, കെ.എസ്.എസ്.എ.ഐ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള പതിനെട്ട് വ്യവസായ-അനുബന്ധ മേഖലയിലെ വ്യവസായികളും, വ്യവസായി മഹാസംഗമത്തിന്റെ ഭാഗമാകും.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍, എംഎല്‍എമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി, കേന്ദ്ര എംഎസ്എംഇ ഡയറക്ടര്‍, വ്യവസായ വാണിജ്യ ഡയറക്ടര്‍, തൃശൂര്‍ എംഎസ്എംഇ ഡയറക്ടര്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥന്മാര്‍, വ്യവസായ ബിസിനസ് പ്രതിനിധികള്‍ തുടങ്ങിയവരും പങ്കെടുക്കും. എക്‌സ്‌പോയുടെ ഭാഗമായി സെമിനാറുകള്‍, ചര്‍ച്ചകള്‍, വെണ്ടര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമുകള്‍ എന്നിവയും സംഘടിപ്പിക്കും.
പ്രവേശനം സൗജന്യം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.iiie.in , ഫോണ്‍ 9947733339 /9995139933, ഇമെയില്‍ - info@iiie.in.
കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍, ഇന്ത്യ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. പി. രാമചന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി ജോസഫ് പൈകട, ട്രഷറര്‍ ബി. ജയകൃഷ്ണന്‍, എക്‌പോ സി.ഇ.ഒ. സിജി നായര്‍, ജോയിന്റ് സെക്രട്ടറി എ വി അന്‍വര്‍, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പി. ജെ ജോസ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എന്‍. പി. ആന്റണി, നോര്‍ത്ത് സോണ്‍ ജോയിന്റ് സെക്രട്ടറി കെ. വി. അന്‍വര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
