എഐഡിഎസ്ഒ സംഘടിപ്പിക്കുന്ന 'വിദ്യാര്‍ത്ഥി ശക്തി' സംസ്ഥാന ജാഥ തിരുവനന്തപുരത്തുനിന്നും ആരംഭിക്കുന്നു

Update: 2024-10-21 14:37 GMT

തിരുവനന്തപുരം : വിദ്യാഭ്യാസത്തെ ഉന്മൂലനം ചെയ്യുന്ന ദേശീയ വിദ്യാഭ്യാസ നയം 2020 പിന്‍വലിക്കുക, വിജ്ഞാനത്തെയും മാനവികതയെയും സംസ്‌കാരത്തെയും സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് നവംബര്‍ 27, 28, 29 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന എഐഡിഎസ്ഒ പത്താമത് അഖിലേന്ത്യാ വിദ്യാര്‍ത്ഥി സമ്മേളനത്തിന് മുന്നോടിയായി കേരള സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാര്‍ത്ഥി ശക്തി സംസ്ഥാന ജാഥ നാളെ വൈകിട്ട് പി. എം. ജി. ജംഗ്ഷനില്‍ അഖിലേന്ത്യാ പ്രസിഡന്റ് വി. എന്‍. രാജശേഖര്‍ ഉദ്ഘാടനം ചെയ്യും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നിര്‍ദേശമായ നാല് വര്‍ഷ ബിരുദ പരിപാടി നടപ്പിലാക്കുകയും ഫീസ് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ജാഥ സംഘടിപ്പിക്കുന്നത്.

പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് എഐഡിഎസ്ഒ സംസ്ഥാന കമ്മിറ്റി 'വിദ്യാര്‍ത്ഥി ശക്തി' ജാഥ സംഘടിപ്പിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. അലീന നയിക്കുന്ന ജാഥ ഒക്ടോബര്‍ 21ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലും പര്യടനം നടത്തി നവംബര്‍ 9ന് കാസര്‍ഗോഡ് സമാപിക്കും. പൊതുവിദ്യാഭ്യാസത്തിന് മേലുള്ള വിനാശകരമായ ആക്രമണങ്ങള്‍ക്കെതിരെ ഒരുമിക്കാനായുള്ള പ്രക്ഷോഭ വേദി സൃഷ്ടിക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ ജാഥ സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് എസ്. അലീന പറഞ്ഞു.

21ന് വൈകിട്ട് 7മണിക്ക് മാനവീയം വീഥിയില്‍ എഐഡിഎസ്ഒ നാടകസംഘമായ 'ഗോര്‍ക്കി തിയേറ്റേഴ്‌സ്' അവതരിപ്പിക്കുന്ന തെരുവുനാടകം അരങ്ങേറുമെന്ന് ജാഥാ മാനേജര്‍ ഗോവിന്ദ് ശശി അറിയിച്ചു.

Tags:    

Similar News