മാതാ അമൃതാനന്ദമയി ദേവിയുടെ 72-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് സൗജന്യ കാര്‍ഡിയോളജി മെഗാ മെഡിക്കല്‍ ക്യാമ്പ് ''മാതൃസ്പര്‍ശം' സംഘടിപ്പിച്ച് കൊച്ചി അമൃത ആശുപത്രി.

Update: 2025-09-15 10:53 GMT


കൊച്ചി : മാതാ അമൃതാനന്ദമയി ദേവിയുടെ 72-ാം ജന്മദിനാഘോഷമായ അമൃതവര്‍ഷം എഴുപത്തിരണ്ടിന്റെയും കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെയും ഭാഗമായി, കൊച്ചി അമൃത ആശുപത്രി ''മാതൃസ്പര്‍ശം'' - സൗജന്യ പീഡിയാട്രിക് കാര്‍ഡിയോളജി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വഹിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തിയ ചടങ്ങില്‍ ഒഡിഷ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ മനാഷ് രഞ്ജന്‍ സാഹു, കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബിന്ദു കൃഷ്ണ, കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ആര്‍. കൃഷ്ണകുമാര്‍, ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ്. പി.കെ., സീനിയര്‍ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. പ്രതാപന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

'ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പ്രവര്‍ത്തനങ്ങളില്‍ ആര്‍ദ്രതയും കാരുണ്യവും ഉണ്ടാകണം. സേവനം ചെയ്യാനുള്ള അവസരം പാഴാക്കുന്നത് ആണ് ഏറ്റവും വലിയ നഷ്ടം. എണ്‍പത് വയസില്‍ മരിക്കേണ്ടവര്‍ നാല്‍പതാം വയസ്സില്‍ മരിക്കുന്ന സാഹചര്യം കണ്ടാണ് ഈ ആതുരാലയം ആരംഭിച്ചത്.' മാതാ അമൃതാനന്ദമയി ദേവി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ദുഃഖത്തോടെ കുഞ്ഞുങ്ങളുമായി വന്നവര്‍ തങ്ങളുടെ ദുഖത്തിന് പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയോടെ ആണ് ഈ മെഗാ ക്യാമ്പില്‍ പങ്കെടുക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. 'മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുക എന്ന ഉദാത്തമായ മനുഷ്യത്വ മാതൃകയാണ് തനിക്ക് ഇന്ന് ഇവിടെ കാണാന്‍ സാധിക്കുന്നത്. ഒരു അസുഖവും ഇന്ന് അത്ര വലിയ അസുഖമല്ലാത്ത നിലയിലേക്ക് വൈദ്യശാസ്ത്ര രംഗം പുരോഗമിച്ചു. സമൂഹങ്ങള്‍ തമ്മില്‍ കരുണ ഇല്ലാത്ത ഒരു ലോകമാണ്. അവിടെയാണ് ഈ മെഗാ ക്യാമ്പ് വേറിട്ട് നില്‍ക്കുന്നത്. ആ സേവനം നല്‍കാന്‍ അമൃതയ്ക്ക് അവസരം നല്‍കുകയാണ് ഇവിടെ എത്തിയ ഓരോരുത്തരും. നമുക്ക് അന്യോന്യം കരുണ ഉണ്ടെങ്കില്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ സാധിക്കും' ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നിങ്ങളില്‍ ഓരോരുത്തരിലും വളരെ അധികം ഉത്തരവാദിത്വമുണ്ടെന്ന് ഡോക്ടര്‍മാരെയും നഴ്‌സുമാരെയും അദ്ദേഹം ഓര്‍മിപ്പിച്ചു. ജീവിതം എന്നത് കരുണ മാത്രമാണ് എന്ന അമ്മയുടെ വാക്കുകളും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവര്‍ത്തിച്ചു.

അമൃത ആശുപത്രിയിലെ 25 വര്‍ഷത്തെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന്റെ നേട്ടങ്ങളും ചടങ്ങില്‍ അവതരിപ്പിച്ചു. അമൃത ആശുപത്രിയും ഒഡിഷ ആരോഗ്യ സര്‍വകലാശാലയും തമ്മിലുള്ള ധാരണാപത്രവും ചടങ്ങില്‍ വെച്ച് കൈമാറി. അമൃതയുമായുള്ള ധാരണാപത്രം വഴി പീഡിയാട്രിക് കാര്‍ഡിയോളജി മേഖലയില്‍ ഗവേഷണം, പരിശീലനം, ചികിത്സാ വിപുലീകരണം എന്നിവയ്ക്കുള്ള വഴി തുറക്കുമെന്ന് ഒഡിഷ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ മനാഷ് രഞ്ജന്‍ സാഹു അഭിപ്രായപ്പെട്ടു. 'അമൃത ആശുപത്രി സന്ദര്‍ശിക്കാന്‍ ലഭിച്ച അവസരത്തില്‍ ഏറെ ചാരുതാര്‍ത്ഥ്യമുണ്ട്. ആശുപത്രിയെക്കാള്‍ ഉപരി ഇതൊരു ക്ഷേത്രമായാണ് തനിക്ക് അനുഭവപ്പെടുന്നത്. ലോകത്ത് എല്ലായിടത്തും ആരോഗ്യ മേഖല സാമ്പത്തികവല്‍ക്കരിക്കപ്പെട്ടു. ഈ സാഹചര്യത്തില്‍ വേറിട്ട പാതയിലൂടെ അമൃത ആശുപത്രിയെ മുന്നോട്ട് കൊണ്ട് പോകുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ്, ബിഹാര്‍, ജമ്മു തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള അഞ്ഞൂറോളം കുട്ടികളും അവരുടെ കുടുംബങ്ങളും ക്യാമ്പില്‍ പങ്കെടുത്തു. പതിനെട്ടു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഹൃദയരോഗങ്ങളുടെ ആദ്യഘട്ട പരിശോധനയും ചികിത്സാ മാര്‍ഗ്ഗനിര്‍ദ്ദേശവും സൗജന്യമായി ലഭ്യമാക്കി. തെരെഞ്ഞെടുത്ത കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തും. സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും ഹൃദയ ശസ്ത്രക്രിയയും പരിശോധനയും ലഭ്യമാക്കുകയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.

Tags:    

Similar News