ലോക പ്രമേഹ ദിനത്തില്‍ അമൃത ആശുപത്രിയിലെ ഡോ. ഉഷാ മേനോന്‍ രചിച്ച 'പ്രമേഹം പ്രശ്‌നമല്ല' പുസ്തകത്തിന്റെ കവര്‍ പ്രകാശനം നടന്നു
കൊച്ചി :നമ്മുടെ നാട്ടില്‍ അഞ്ചില്‍ ഒരാളെ ബാധിക്കുന്ന പ്രമേഹം എന്ന നിശബ്ദ രോഗത്തെ നിയന്ത്രിക്കാനും അതിന്റെ സങ്കീര്‍ണതകളെ തടയാനും ഏറ്റവും ആവശ്യമായ കാര്യം ഈ രോഗത്തെപ്പറ്റിയും അതിന്റെ ചികിത്സാരീതികളെ പറ്റിയും രോഗിയും കുടുംബവും മനസ്സിലാക്കുക എന്നതാണ്.
പ്രമേഹ ചികിത്സയുടെ തൊണ്ണൂറു ശതമാനവും പ്രമേഹബാധിതന്റെ ഉത്തരവാദിത്തം ആയതു കൊണ്ട് അത് നിറവേറ്റുവാനും രോഗികളെ പ്രാപ്തരാക്കുവാനും പ്രമേഹ ബോധവല്‍ക്കരണം ആവശ്യമായി വരുന്നു. അതിനുവേണ്ടിയുള്ള ഒരു ഉത്തമ സഹായി ആയിട്ടാണ് ഒരു നോവല്‍ പോലെ വായിച്ചു പോകാവുന്ന 'പ്രമേഹം പ്രശ്‌നമല്ല' എന്ന പുസ്തകം കൊച്ചി അമൃത ആശുപത്രിയിലെ പ്രമേഹ രോഗ വിഭാഗം പ്രൊഫസര്‍ ഡോ. ഉഷാ മേനോന്‍.വി. രചിച്ചിരിക്കുന്നത്.
പ്രമേഹ ബാധിതരായ ശങ്കരന്റേയും ഭാര്യ തങ്കമ്മയുടേയും സംശയങ്ങള്‍ക്ക് ഡോക്ടര്‍ നല്‍കുന്ന ലളിതവും സരസവുമായ മറുപടികളിലൂടെ പ്രമേഹം, അതിന്റെ കാര്യകാരണങ്ങള്‍, പ്രശ്‌നങ്ങള്‍, പരിശോധനകള്‍, ചികിത്സാരീതികള്‍, സങ്കീര്‍ണ്ണതകള്‍, എന്നിവയെക്കുറിച്ചെല്ലാം സമഗ്രമായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. അമൃത ഡയബെറ്റിക് വെല്‍ഫെയര്‍ അസോസിയേഷന്‍ (ADWA) പ്രസിദ്ധീകരിക്കുന്ന ഡയബീറ്റ് മാഗസിനില്‍ സംശയം ശങ്കരന്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരുന്ന ലേഖനങ്ങളുടെ ഈ സമാഹാരത്തിന്റെ പുസ്തക കവര്‍ പ്രകാശനം ലോക പ്രമേഹ ദിനത്തില്‍ കൊച്ചി അമൃത ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാര്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ അമൃത ആശുപത്രിയിലെ പ്രമേഹ രോഗ വിഭാഗം മേധാവി ഡോ. ഹരീഷ് കുമാര്‍, ഡോ. ഉഷാ മേനോന്‍.വി., ഡോ. നിഷ ഭവാനി, ഡോ. നിത്യ എബ്രഹാം, ഡോ. ശിവകുമാര്‍.വി., ഡോ. ശ്രീകുമാര്‍.കെ.പി. തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാ പ്രമേഹബാധിതരും അവശ്യം അറിയേണ്ടതെല്ലാം ചിരിയുടെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഈ പുസ്തകം ഗ്രീന്‍ ബുക്‌സ് ആണ് പ്രസാധനം ചെയ്യുന്നത്