അമൃതയില്‍ ഡെങ്കിപ്പനിക്കെതിരായുള്ള വാക്സിന്‍ ഗവേഷണത്തിന്റെ മൂന്നാംഘട്ടം ആരംഭിച്ചു
കൊച്ചി: ഡെങ്കിപ്പനിക്കെതിരെ തദ്ദേശീയമായി വികസിപ്പിച്ച 'ഡെങ്കി ഓള്‍' വാക്‌സിന്റെ പരീക്ഷണം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍ ) നേതൃത്വത്തില്‍ അമൃതയില്‍ ആരംഭിച്ചു. രാജ്യത്ത് ആദ്യമായാണ് ഡെങ്കിപ്പനിക്കെതിരായുള്ള വാക്സിന്‍ മൂന്നാമത്തെ പരീക്ഷണ ഘട്ടത്തില്‍ എത്തുന്നത്. അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍, മൈക്രോബയോളജി, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ കലൂരിലുള്ള അമൃത അര്‍ബന്‍ ഹെല്‍ത്ത് സെന്ററിറിലാണ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ നടക്കുന്നത്.
ഐ.സി.എം.ആര്‍, വാക്‌സിന്‍ നിര്‍മ്മാതാക്കളായ പാനേഷ്യ ബയോടെക്കുമായി ചേര്‍ന്ന് രാജ്യത്തുടെനീളം 19 കേന്ദ്രങ്ങളിലായി ആരോഗ്യവാന്മാരായ 10,335 വ്യക്തികളിലാണ് വാക്‌സിന്റെ പ്രവര്‍ത്തനം പഠനവിധേയമാക്കുന്നത്.
ഡെങ്കിപ്പനിയുടെ നാല് വകഭേദങ്ങളേയും ചെറുക്കാന്‍ ശേഷിയുള്ള വാക്സിന്‍ വികസിപ്പിക്കുകയെന്നതാണ് പ്രധാന വെല്ലുവിളിയെന്ന് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടീന മേരി ജോയ് പറഞ്ഞു. ഇന്ത്യയില്‍ രോഗത്തിന്റെ എല്ലാ വകഭേദങ്ങളും കാണപ്പെടുന്നു. ഒരിക്കല്‍ ഡെങ്കിപ്പനി ഭേദമായവര്‍ക്ക് പിന്നീടും രോഗബാധ ഉണ്ടാകാന്‍ ഇത് ഇടയാക്കുന്നു.
നിലവില്‍ പരീക്ഷണ ഘട്ടത്തട്ടിലുള്ള 'ഡെങ്കി ഓള്‍' വാക്സിന്‍ എല്ലാ ഡെങ്കി വകഭേദങ്ങള്‍ക്കും ഫലപ്രദമാണെന്ന് ആദ്യ രണ്ടു പരീക്ഷണ ഘട്ടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട് .
ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഡെങ്കിപ്പനിയില്‍ മൂന്നിലൊന്നും ഇന്ത്യയിലാണ്. ഡെങ്കിപ്പനിബാധിതരില്‍ 70 ശതമാനം ആളുകള്‍ക്ക് പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. ശിശുക്കളിലും പ്രായമായവരിലും രോഗസങ്കീണ്ണതകളും മരണസാധ്യതയും കൂടുതലാണ് .