അപൂര്‍വ മസ്തിഷ്‌കരോഗവും ശ്വാസകോശ തകരാറും; കൊല്‍ക്കത്ത സ്വദേശിയായ കുഞ്ഞിന് അമൃതയില്‍ പുതുജീവന്‍
കൊച്ചി: മസ്തിഷ്‌കത്തെ ബാധിക്കുന്ന അതീവ സങ്കീര്‍ണ്ണമായ ജന്മനാ ഉള്ള വൈകല്യവും (Pediatric Brain Disorder) അതോടൊപ്പമുള്ള ശ്വാസകോശ തകരാറും ബാധിച്ച കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയില്‍ വിജയകരമായി ചികിത്സിച്ചു. പീഡിയാട്രിക് ന്യൂറോളജി, ന്യൂറോ സര്‍ജറി, പള്‍മണോളജി, റീഹാബിലിറ്റേഷന്‍ വിഭാഗങ്ങളുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്.
കൊല്‍ക്കത്ത സ്വദേശിയായ കുഞ്ഞിന് ജനിച്ച ആദ്യ ആഴ്ച മുതല്‍ തന്നെ കഠിനമായ അപസ്മാരം ബാധിച്ചിരുന്നു. ലോകത്ത് വളരെ കുറച്ച് കുട്ടികളില്‍ മാത്രം കാണപ്പെടുന്ന, തലച്ചോറിന്റെ ഒരു വശത്തെ പൂര്‍ണ്ണമായും ബാധിക്കുന്ന വൈകല്യമായിരുന്നു ഇത്. മരുന്നുകള്‍ കൊണ്ട് നിയന്ത്രിക്കാനാവാത്ത വിധം അപസ്മാരം തുടര്‍ന്നതും ഒപ്പം ബാധിച്ച ഗുരുതരമായ ശ്വാസകോശ അണുബാധയും ചികിത്സ അതീവ ദുഷ്‌കരമാക്കി. വെന്റിലേറ്ററിന്റെ സഹായത്തോടെ എയര്‍ ആംബുലന്‍സിലാണ് കുഞ്ഞിനെ കൊല്‍ക്കത്തയില്‍ നിന്നും അമൃത ആശുപത്രിയില്‍ എത്തിച്ചത്.
വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം മസ്തിഷ്‌കത്തിലെ തകരാറുള്ള ഭാഗം മറ്റ് ഭാഗങ്ങളില്‍ നിന്നും വേര്‍പെടുത്തുന്ന 'ഹെമിസ്‌ഫെറോടമി' (Hemispherotomy) എന്ന സങ്കീര്‍ണ്ണ ശസ്ത്രക്രിയയ്ക്ക് കുഞ്ഞിനെ വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം അപസ്മാരം പൂര്‍ണ്ണമായും ഭേദമായി. എന്നാല്‍ ശ്വാസകോശ രോഗം നിലനിന്നിരുന്നതിനാല്‍ ദീര്‍ഘകാലം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരേണ്ടി വന്നു. കഴുത്തില്‍ ഘടിപ്പിച്ച ട്യൂബിലൂടെയുള്ള ശ്വസന സഹായിയും (Tracheostomy), ആമാശയത്തിലേക്ക് നേരിട്ട് ഭക്ഷണം നല്‍കുന്ന ട്യൂബും (Gastrostomy) കുഞ്ഞിന് അത്യാവശ്യമായിരുന്നു.
രണ്ടര വര്‍ഷം നീണ്ട നിതാന്ത പരിശ്രമത്തിനൊടുവില്‍ കുഞ്ഞ് പൂര്‍ണ്ണമായി സുഖം പ്രാപിച്ചു. ട്യൂബുകളെല്ലാം നീക്കം ചെയ്യുകയും ഫിസിയോതെറാപ്പിയിലൂടെ ശാരീരിക ചലനശേഷി വീണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കുഞ്ഞും കുടുംബവും കൊല്‍ക്കത്തയിലേക്ക് മടങ്ങി.
ഇത്തരം സങ്കീര്‍ണ്ണമായ കേസുകളില്‍ കൃത്യസമയത്തുള്ള രോഗനിര്‍ണ്ണയവും വിവിധ വിഭാഗങ്ങളുടെ ഏകോപിപ്പിച്ചുള്ള ചികിത്സയുമാണ് നിര്‍ണ്ണായകമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. വിനയന്‍ കെ.പി. ചികിത്സയ്ക്ക് നേതൃത്വം നല്‍കി. ഡോ. അശോക് പിള്ള (ന്യൂറോ സര്‍ജറി), ഡോ. സജിത് കേശവന്‍ (ഐസിയു, പള്‍മണോളജി), ഡോ. വൈശാഖ് ആനന്ദ് (പീഡിയാട്രിക് ന്യൂറോളജി), ഡോ. രവി ശങ്കരന്‍ (ഫിസിക്കല്‍ മെഡിസിന്‍) എന്നിവരടങ്ങിയ സംഘമാണ് ചികിത്സ ഏകോപിപ്പിച്ചത്.
