ലോക കാന്‍സര്‍ ദിനം; അമൃതയില്‍ ഓങ്കോ റിഹാബിലിറ്റേഷന്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു
കൊച്ചി: കാന്‍സര്‍ രോഗബാധിതരായവരെ തിരികെ സാധാരണ ജീവിത ക്രമത്തിലേയ്ക്ക് എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഓങ്കോ റിഹാബിലിറ്റേഷന്‍ ക്ലിനിക് ലോക കാന്‍സര്‍ ദിനത്തില്‍ കൊച്ചി അമൃത ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു . സംസ്ഥാനത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രമാണ് ഇത്തരം ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഇതോടൊപ്പം പ്രാരംഭ ദശയില്‍ തന്നെ അര്‍ബുദ നിര്‍ണയം നടത്തി രോഗത്തെ തടയുക എന്ന ലക്ഷ്യത്തോടെയുള്ള പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കിന്റെ പ്രവര്‍ത്തനവും അമൃതയില്‍ ആരംഭിച്ചു. ലോക കാന്‍സര്‍ ദിനത്തില്‍ നടന്ന ചടങ്ങില്‍ പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സിനിമാതാരം ഊര്‍മ്മിള ഉണ്ണി നിര്‍വഹിച്ചു.
കാന്‍സര്‍ ശരീരത്തെ മാത്രമല്ല, രോഗിയുടെ മനസിനെയും ബാധിച്ചേക്കാം. കാന്‍സറാണെന്ന് അറിയുന്ന നിമിഷം ഒരാള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ വളരെ സങ്കീര്‍ണ്ണമാണ്. അതുകൊണ്ടു തന്നെ രോഗിയുടെ ശാരീരികവും, മാനസികവുമായ ചികിത്സ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓങ്കോ റിഹാബലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം അമൃത ആശുപത്രിയില്‍ തുടങ്ങിയതെന്ന് റിഹാബിലിറ്റേഷന്‍ ക്ലിനിക്കിനു നേതൃത്വം നല്‍കുന്ന ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ മേധാവി ഡോ. രവി ശങ്കരന്‍, ഡോ. ആനന്ദ് രാജ എന്നിവര്‍ വ്യക്തമാക്കി.
ഇതോടനുബന്ധിച്ച് ഡിജിറ്റല്‍ കാന്‍സര്‍ രജിസ്ട്രിയുടെ ഉദ്ഘാടനം ICMR ഡയറക്ടര്‍ ഡോ. പ്രശാന്ത് മധുറും , അമൃതം ആര്‍ട്ട് ഗ്യാലറിയുടെ ഉദ്ഘാടനം എഴുത്തികാരിയും നടിയുമായ ഷേര്‍ലി സോമസുന്ദരവും നിര്‍വഹിച്ചു. അമൃത ആശുപത്രി ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍, അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ ബീന. കെ. വി, മെഡിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ. പവിത്രന്‍, ഡോ പ്രിയ ഭാട്ടി, ഡോ. ഡി. കെ. വിജയകുമാര്‍, ഡോ. നീതു. പി. കെ, ഡോ. രശ്മി, തുടങ്ങിവര്‍ പ്രസംഗിച്ചു. ചടങ്ങിന്റെ ഭാഗമായി 'പ്രിവന്റീവ് ഓങ്കോളജി' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡോ. ദേബ് നാരായണ്‍ ദത്ത, ഡോ. വിജയകുമാര്‍, ഡോ. പ്രിയ നായര്‍, ഡോ. നീതു. പി. കെ, ഡോ. ലക്ഷ്മി, ഡോ. നിഖില്‍ കെ. എച്ച് തുടങ്ങിയവര്‍ പങ്കെടുത്തു.