ഹ്രസ്വസിനിമ നിര്‍മ്മിച്ച് ഫാ ജോസഫ് വടകരയുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സ്‌കൂള്‍

Update: 2026-02-09 14:20 GMT

കവീക്കുന്ന്: സ്‌കൂള്‍ മാനേജറുടെ യാത്രയയപ്പ് അവിസ്മരണീയമാക്കി കവീക്കുന്ന് സെന്റ് എഫ്രേംസ് യു പി സ്‌കൂള്‍. സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് വടകരയുടെ യാത്രയയപ്പാണ് കായികം മുഖ്യ പ്രമേയമാക്കി ഹ്രസ്വ സിനിമ നിര്‍മ്മിച്ച് സ്‌കൂള്‍ അവിസ്മരണീയമാക്കിയത്.

'കൈറ്റ്‌സ്' എന്ന പേരുള്ള കുട്ടിയുടെ കഥ പറയുന്ന ഹ്രസ്വ സിനിമയാണ് യാത്രയയപ്പിനോനുബന്ധിച്ചു പുറത്തിറക്കിയത്. ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളിലൊരാളായി 75കാരനായ ഫാ ജോസഫ് വടകരയും അരങ്ങു തകര്‍ത്തു. സ്‌കൂള്‍ അധ്യാപകരും മറ്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സ്‌കൂളിലെ മുഴുവന്‍ കുട്ടികളും അധ്യാപകരും പി ടി എ പ്രതിനിധികളും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി ജോസഫും പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

കവീക്കുന്നിന്റെ ദൃശ്യഭംഗിയും മീനാറതോട്, പാമ്പൂരാംപാറ തീര്‍ത്ഥാടനകേന്ദ്രം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. സ്‌കൂളിലെ അധ്യാപകനായ ജോബിന്‍ ആര്‍ തയ്യില്‍ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംവീധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഐറീന ടോണിയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യ സാങ്കേതിക മികവുള്ള ചിത്രം പുത്തേട്ട് സിനിമാസില്‍ പ്രദര്‍ശിപ്പിച്ചു. കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി ഫാ ജോര്‍ജ് പുല്ലുകാലായില്‍ മുഖ്യാതിഥിയായിരുന്നു.

നാലു വര്‍ഷം മുമ്പാണ് ഫാ ജോസഫ് വടകര കവീക്കുന്ന് പള്ളിയില്‍ ചുമതലയേറ്റത്. തുടര്‍ന്നു പള്ളിയോട് ചേര്‍ന്ന പ്രദേശത്ത് വന്‍തോതില്‍ കപ്പയും പച്ചക്കറികളും കൃഷി ചെയ്തു വിഷ രഹിത പച്ചക്കറികള്‍ ജനങ്ങളില്‍ എത്തിച്ചു. കുര്‍ബാന അര്‍പ്പണത്തിനു ശേഷം മുണ്ടും മടക്കിക്കുത്തി തൂമ്പയുമായി കൃഷിയിടത്തേയ്ക്ക് ഇറങ്ങുന്ന അച്ചന്‍ നാട്ടുകാര്‍ക്കു പ്രിയങ്കരനാകുകയും കൃഷിയച്ചന്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. സ്‌കൂളിന്റെയും കവീക്കുന്ന് പ്രദേശത്തിന്റെയും പുരോഗതിക്കായി പ്രവര്‍ത്തനങ്ങള്‍ നടത്തി. ഹൃദയ സംബന്ധമായ ശസ്ത്രക്രിയയ്ക്കു ശേഷവും വിശ്രമരഹിതമായി കൃഷിയും മറ്റു പ്രവര്‍ത്തനങ്ങളിലും ഫാ വടകര കര്‍മ്മനിരതനായിരുന്നു. കവീക്കുന്നില്‍ നിന്നും വിരമിച്ച ഫാ ജോസഫ് വടകര പ്രീസ്റ്റ് ഹോമിലേയ്ക്ക് വിശ്രമജീവിതത്തിനായി പോയത്.

മാണി സി കാപ്പന്‍ എം എല്‍ എ ഫാ ജോസഫ് വടകരയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഹ്രസ്വചിത്രത്തിന്റെ പ്രകാശന കര്‍മ്മം നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം നിര്‍വ്വഹിച്ചു. മാര്‍ ജോസഫ് മുകാല, മുനിസിപ്പല്‍ കൗണ്‍സിലന്മാരായ റിയ ചീരാംകുഴി, ജിജി ബൈജു കൊല്ലംപറമ്പില്‍, ടോണി തൈപ്പറമ്പില്‍, സിജി ടോണി, ബിജു വരിക്കയാനി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി ജോസഫ്, ശാലിനി ജോയി, മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ്, പി ടി എ പ്രസിഡന്റ് ടോണി ആന്റണി, ജോബിന്‍ ആര്‍ തയ്യില്‍ എന്നിവര്‍ പ്രസംഗിച്ചു.

Similar News