കാവസാക്കി രോഗത്തെക്കുറിച്ചുള്ള ബോധവത്കരണത്തിനും അടിയന്തര നിര്‍ണയത്തിനുമുള്ള ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് 8-ാമത് ഇന്ത്യന്‍ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസ് നാഷണല്‍ കോണ്‍ഫറന്‍സ് കൊച്ചിയില്‍ സംഘടിപ്പിച്ചു

Update: 2025-11-27 14:26 GMT

കൊച്ചി : കുട്ടികളില്‍ കാണപ്പെടുന്ന പ്രധാന വാസ്‌കുലൈറ്റിസുകളില്‍ ഒന്നായ കാവസാക്കി രോഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ ശാസ്ത്രീയ പുരോഗതികളും നിര്‍ണയ-ചികിത്സാ രീതികളും അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസിന്റെ 8-ാമത് നാഷണല്‍ കോണ്‍ഫറന്‍സ് (NCISKD 2025) കൊച്ചി അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ IMA ഹൗസില്‍ വെച്ച് നടന്നു. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് പിന്തുണച്ച ശാസ്ത്രീയ സമ്മേളനത്തില്‍ രാജ്യത്തുടനീളമുള്ള പ്രമുഖ വിദഗ്ധര്‍ പങ്കെടുത്തു.

അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളിലാണ് ഏറ്റവും കൂടുതല്‍ കാവസാക്കി രോഗം ബാധിക്കുന്നത്. 4-5 ദിവസത്തിലധികം നീളുന്ന ഉയര്‍ന്ന പനി, കണ്ണുകളും, ചുണ്ടും നാവും ചുവക്കുക, കൈകാലുകളുടെ വീക്കം, കഴുത്തുവശത്തെ ഗ്രന്ഥികളുടെ വീക്കം മുതലായ ലക്ഷണങ്ങളിലൂടെയാണ് ഈ രോഗം പ്രത്യക്ഷപ്പെടാറുള്ളത്. രോഗലക്ഷണങ്ങള്‍ സാധാരണ പനിയോട് സാമ്യമുള്ളതാകുന്നതിനാല്‍ പലപ്പോഴും നിര്‍ണയം വൈകുക പതിവാണ്. എന്നാല്‍ ഹൃദയത്തിലെ രക്തക്കുഴലുകളില്‍ അണുബാധ ഉണ്ടാക്കി ഗുരുതരമായ ഹൃദയപ്രത്യാഘാതങ്ങളിലേക്ക് നയിക്കാന്‍ ഈ രോഗത്തിന് കഴിവുള്ളതിനാല്‍ കാലോചിതമായ തിരിച്ചറിയലും ചികില്‍സയും അത്യാവശ്യമാണ് എന്ന് വിദഗ്ധര്‍ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

കുട്ടികളുടെ ഹൃദയത്തില്‍ മാറ്റങ്ങള്‍ ഉണ്ടോ എന്നു വിലയിരുത്തുന്നതിനായി ഇക്കോ കാര്‍ഡിയോഗ്രാഫി നിരന്തരം നടത്തേണ്ടതുണ്ടെന്നും, പ്രത്യേകിച്ച് ലക്ഷണങ്ങള്‍ വ്യക്തമായി കാണിക്കാത്ത ശിശുക്കളില്‍ പ്രത്യാഘാത സാധ്യത കൂടുതല്‍ ആയതിനാല്‍ മാതാപിതാക്കളും പൊതുചികിത്സകരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

സമ്മേളനത്തില്‍ പീഡിയാട്രിക് കാര്‍ഡിയോളജി, പീഡിയാട്രിക് റ്യൂമറ്റോളജി, ഇമ്മ്യൂണോളജി മേഖലകളിലെ ദേശീയ-അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുത്തു. രോഗനിര്‍ണയത്തിലെ പുതിയ ബയോമാര്‍ക്കറുകള്‍, AI അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയല്‍ മാര്‍ഗങ്ങള്‍, സങ്കീര്‍ണ്ണ കേസുകളുടെ കൈകാര്യം, റെഫ്രാക്ടറി കാവസാക്കി രോഗത്തിനുള്ള നവീന ചികിത്സകള്‍ എന്നിവയെക്കുറിച്ചുള്ള പ്രഭാഷണങ്ങളും സമ്മേളനത്തില്‍ നടന്നു.

ജപ്പാനില്‍ നിന്ന് ഡോ. കസുയുക്കി ഇകെഡയും കാവസാക്കി രോഗം കണ്ടെത്തിയ ഡോ. ടോമിസാകു കാവസാക്കിയുടെ മകള്‍ സുബുറ കാവസാക്കിയും പ്രത്യേക അതിഥികളായി സമ്മേളനത്തില്‍ പങ്കെടുത്തു. കൂടാതെ വിവിധ വര്‍ക്ക്ഷോപ്പുകള്‍, പാനല്‍ ചര്‍ച്ചകള്‍, ഗവേഷണ അവതരണങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു.

കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ആര്‍. കൃഷ്ണകുമാര്‍ (ഓര്‍ഗനൈസിംഗ് ചെയര്‍പേഴ്‌സണ്‍, ഇന്ത്യന്‍ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസ്), പീഡിയാട്രിക് റ്യൂമറ്റോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ. സുമ ബാലന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി, ഇന്ത്യന്‍ സൊസൈറ്റി ഓഫ് കാവസാക്കി ഡിസീസ്) എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡീയാട്രിക്സ് മുന്‍ പ്രസിഡണ്ട് ഡോ. രമേഷ് കുമാര്‍ സമ്മേളനത്തിന്റെ ഭാഗമായി.

കാവസാക്കി രോഗത്തിന്റെ നേരിയ ലക്ഷണങ്ങള്‍ പോലും തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ ആരോഗ്യരംഗത്തെ എല്ലാ തലങ്ങളിലും ബോധവത്കരണം ശക്തിപ്പെടുത്തുകയും, ഹൃദയപ്രത്യാഘാതങ്ങള്‍ കുറക്കുകയും ചെയ്യുക എന്നതാണ് സമ്മേളനം ഉന്നയിച്ച പ്രധാന സന്ദേശം


Similar News