ഡോ. വി വേണു കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍

Update: 2024-09-24 10:49 GMT

കൊച്ചി 23, സെപ്തംബര്‍ 2024: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍പേഴ്‌സണായി കേരള സര്‍ക്കാരിന്റെ മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ നിയമിച്ചു. ഹോണററി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാമെന്ന് ഡോ. വി വേണു ട്രസ്റ്റിനെ അറിയിച്ചതിനെ തുടര്‍ന്ന് ഈ മാസം 21 മുതലാണ് നിയമനമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റിയും കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി അറിയിച്ചു.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ നടത്തുന്ന കൊച്ചി-മുസിരിസ് ബിനാലെ, കലാപ്രേമികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ അഭികാമ്യമായ ഇന്ത്യയിലെ പ്രധാന മെഗാ കലാപരിപാടി എന്ന നിലയില്‍ ദേശീയ അന്തര്‍ദേശീയ അംഗീകാരം നേടിയിട്ടുണ്ട്. ഇതിനായി ഫൗണ്ടേഷനും കേരള സര്‍ക്കാരും തമ്മിലുള്ള പങ്കാളിത്തം സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഡോ. വേണു ആദ്യ പതിപ്പ് മുതല്‍ കൊച്ചി-മുസിരിസ് ബിനാലെയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. തുടര്‍ന്നുള്ള പതിപ്പുകളിലും ബിനാലെ ഫൗണ്ടേഷന് അദ്ദേഹം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.

1990-ല്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ചേര്‍ന്ന ഡോ വേണു ന്യൂഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തിന്റെ മുന്‍ ഡയറക്ടര്‍ ജനറലെന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നര പതിറ്റാണ്ടിലേറെയായി സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളില്‍ വിവിധ പദവികളിലെ സേവന മികവ് ഫൗണ്ടേഷന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരും.

സംസ്ഥാന സര്‍ക്കാരിന്റെ (2007-2011) സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചപ്പോള്‍ ഇന്റര്‍നാഷണല്‍ തിയറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള സ്ഥാപിതമായി. 'കേരളം' എന്ന പുതിയ മ്യൂസിയം സ്ഥാപിക്കുന്നതിലും ക്യൂറേറ്റ് ചെയ്യുന്നതിലും അദ്ദേഹം പ്രധാനിയായി. കേരളത്തിലെ മ്യൂസിയങ്ങളും ആര്‍ക്കൈവുകളും മെച്ചപ്പെടുത്തുന്നതിലും നവീകരിക്കുന്നതിലും അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. പ്രാദേശിക പങ്കാളിത്തത്തോടെ കമ്മ്യൂണിറ്റി മ്യൂസിയങ്ങള്‍ വികസിപ്പിക്കുന്നതിലുള്ള താല്‍പ്പര്യം അദ്ദേഹം തുടരുന്നു.

ഡോ വേണു, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചപ്പോള്‍ ഉന്നത സാംസ്‌കാരിക സ്ഥാപനങ്ങള്‍, ലൈബ്രറികള്‍, ആര്‍ക്കൈവ്സ്, മ്യൂസിയങ്ങള്‍ എന്നിവയുടെ ദൃശ്യപരത വര്‍ദ്ധിപ്പിക്കാനും സന്ദര്‍ശകരുടെയും പങ്കാളികളുടെയും എണ്ണം കൂട്ടാനുമായി ഉത്തരവാദിത്തത്തോടെ നിരവധി പദ്ധതികള്‍ ആരംഭിച്ചു. ഒപ്പം അക്കാദമിക് സമൂഹത്തെയും ചേര്‍ത്തു നിര്‍ത്തി. നാഷണല്‍ മ്യൂസിയത്തിന്റെ ഡയറക്ടര്‍ ജനറല്‍ എന്ന നിലയില്‍ ദേശീയ മ്യൂസിയത്തിന്റെ പുനരുജ്ജീവനത്തിനായി പ്രവര്‍ത്തിച്ചു. നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആര്‍ട്ട്, കണ്‍സര്‍വേഷന്‍ ആന്‍ഡ് മ്യൂസിയോളജി വൈസ് ചാന്‍സലറായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഒരു മെഗാ ആര്‍ട്ട് ഇവന്റ് എന്ന നിലയില്‍ കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് കേരളത്തിലെ ടൂറിസവുമായി അവിഭാജ്യ ബന്ധമുണ്ട്. കേരള ടൂറിസം ഡയറക്ടറായും തുടര്‍ന്ന് കേരള സര്‍ക്കാരിന്റെ ടൂറിസം വകുപ്പ് സെക്രട്ടറിയായും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഡോ വേണുവിന്റെ നേതൃപരമായ സംരംഭങ്ങള്‍ പരാമര്‍ശിക്കുന്നത് പ്രസക്തമാണ്. പ്രത്യേകിച്ചും നയപരമായ സ്വകാര്യ-പൊതു പങ്കാളിത്തത്തിലൂടെ, ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര മാര്‍ട്ടായ കേരള ട്രാവല്‍ മാര്‍ട്ട്

ആരംഭിച്ചതു കൂടാതെ സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും മറ്റ് ഭാവനാപരമായ പ്രചാരണങ്ങളും നടത്തിയതായി ബോസ് കൃഷ്ണമാചാരി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News